60 ദിവസം തുടർച്ചയായുറങ്ങി, 9.6 ലക്ഷം നേടി; ഇന്ത്യയുടെ സ്ലീപ് ചാമ്പ്യനായി യുവതി
രാജ്യത്തുടനീളമുള്ള രണ്ട് ലക്ഷം അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 10 പേരുമായി മത്സരിച്ചാണ് ജിനിയയുടെ സ്വപ്‌നനേട്ടം

ഇങ്ങനെ ഉറങ്ങിയാല്‍ ജീവിതത്തില്‍ എവിടെയും നീ പച്ച പിടിക്കില്ല, നിന്റെ വിലപിടിപ്പുള്ള ആയുസ്സാണ് തീര്‍ന്നുപോകുന്നതെന്ന വല്ല വിചാരവുമുണ്ടോ? കിട്ടുന്ന സമയമത്രയും ഉറങ്ങിത്തീര്‍ത്തിട്ട് എന്ത് കിട്ടാനാ? ഉറക്കപ്രേമികളായ ഓരോരുത്തരും ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ കേട്ടിട്ടുള്ളതും നേരിട്ടതുമായ ചോദ്യങ്ങളായിരിക്കും ഇവ. ശരിയാണ്. ജോലിസ്ഥലങ്ങളിലും ക്ലാസ്മുറികളിലുമെല്ലാം കാര്യമില്ലാത്ത കാരണങ്ങള്‍ക്ക് ഉറങ്ങുന്നത് അത്ര നല്ല ശീലമൊന്നുമല്ല. അതേസമയം, നല്ല ഉറക്കത്തിന് ലക്ഷങ്ങള്‍ കൈയ്യിലേക്ക് വരികയാണെങ്കിലോ? 60 ദിവസം നന്നായി ഉറങ്ങിയതിന് 9.6 ലക്ഷം രൂപ സ്വന്തമാക്കിയ മുംബൈ സ്വദേശിനി ജിനിയ ചാറ്റര്‍ജിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം.
ഇന്ത്യയിലെ പ്രമുഖ ഹോം ആന്‍ഡ് സ്ലീപ്പ് സൊല്യൂഷന്‍ ബ്രാന്‍ഡുകളിലൊന്നായ വേക്ഫിറ്റ് നടത്തിയ സ്ലീപ് ഇന്റേണ്‍ഷിപ്പ് അഞ്ചാം സീസണിലാണ് ജിനിയ ചാറ്റര്‍ജി ചാമ്പ്യന്‍ പട്ടം നേടിയത്. ഒമ്പതര ലക്ഷം രൂപയും, ചെലവുകളെല്ലാം കമ്പനി വഹിക്കുന്നതായ ഒരു ട്രിപ്പുമാണ് ജിനിയക്ക് പ്രതിഫലമായി ലഭിച്ചത്. രാജ്യത്തുടനീളമുള്ള രണ്ട് ലക്ഷം അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 10 പേരുമായി മത്സരിച്ചാണ് ജിനിയയുടെ സ്വപ്‌നനേട്ടം. 60 ദിവസത്തെ ഉറക്കത്തിന്റെ ഗുണമേന്മയും ചലഞ്ചുകളിലെ പ്രകടനവും പരിഗണിച്ചാണ് ജിനിയയെ ചാമ്പ്യനായി പ്രഖ്യാപിച്ചത്.
വിചാരിക്കുന്നത്ര നിസാരമല്ല കാര്യം
അങ്ങനെ വെറുതെ ഉറങ്ങിയാല്‍ മാത്രം മതിയോ? പോരാ, നന്നായി ഉറങ്ങണം. ഉറക്കത്തിന് പുറമെ വിവിധ ആഴ്ചകളിലെ ചലഞ്ചുകളില്‍ പങ്കെടുക്കുകയും മുന്നേറുകയും വേണം. പങ്കാളികളോരോരുത്തരം വ്യത്യസ്ത ആക്ടിവിറ്റികളില്‍ പങ്കെടുക്കുകയും പോയിന്റുകള്‍ കരസ്ഥമാക്കുകയും ചെയ്യണമെന്നായിരുന്നു വിധികര്‍ത്താക്കള്‍ മുന്നോട്ടുവെച്ച സുപ്രധാന മാനദണ്ഡം. ഉറക്കവുമായി ബന്ധപ്പെട്ട് ട്വിസ്റ്റുകളുള്ള ജനപ്രിയ സിനിമകളിലെ സീനുകള്‍ റീക്രിയേറ്റ് ചെയ്യുന്നതും ടാസ്‌കുകളിലെ പ്രധാനഭാഗമായിരുന്നു. ഇത് കൂടാതെ, ഓരോ ആഴ്ചയും തങ്ങളുടെ ഉറക്കത്തെക്കുറിച്ചും ഗുണമേന്മയെ കുറിച്ചും മത്സരാര്‍ഥികള്‍ ഫീഡ്ബാക്കുകള്‍ പങ്കുവെക്കുകയും വേണം.
മറ്റൊരു ആക്റ്റിവിറ്റിയായ 'അണ്ടര്‍കവര്‍ സ്ലീപ് മിഷന്‍' പ്രകാരം, പങ്കെടുത്തവര്‍ ആരുടെയും ശ്രദ്ധയില്‍ പെടാതെ സംഭാഷണത്തിനിടയില്‍ 'ബ്ലാങ്കറ്റ്' അല്ലെങ്കില്‍ 'തലയിണ' എന്നീ വാക്കുകള്‍ 10 തവണ ഉപയോഗിക്കേണ്ടതുണ്ടായിരുന്നു. ഓരോ ആഴ്ചയിലും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നയാളെ 'പ്രോ സ്ലീപ്പര്‍ ഓഫ് ദി വീക്ക്' ആയി തിരഞ്ഞെടുക്കുകയും ചെയ്യും. രത്‌നഗിരി മണികണ്ഠന്‍, ജിനിയ ചാറ്റര്‍ജി, മെഹെക് ഖോട്ട് എന്നീ മൂന്ന് പേര്‍ തമ്മിലായിരുന്നു അവസാന റൗണ്ട് പോരാട്ടം. ഹൈദരാബാദ് സ്വദേശിയായ കരിം ഖാന്‍ എന്നയാള്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നടത്തി ചലഞ്ചുകളില്‍ വലിയ മുന്നേറ്റം നടത്തിയെങ്കിലും അവസാന ലാപ്പില്‍ ജിനിയ ജയിച്ചുകയറുകയായിരുന്നു.
മത്സരാര്‍ത്ഥികളുടെ ഓര്‍മശക്തി, നിരീക്ഷണപാടവം, ടീം വര്‍ക്ക് എന്നിവ പരിശോധിക്കുന്ന മെമ്മറി ഫോം ചലഞ്ച് എന്ന ടാസ്‌കും വിധിനിര്‍ണയത്തില്‍ നിര്‍ണായകമായി. റഫറന്‍സ് ചിത്രങ്ങള്‍ നോക്കി ബെഡ്‌റൂം സജ്ജീകരിക്കുകയായിരുന്നു ഇതില്‍ ചെയ്യേണ്ടിയിരുന്നത്. ഉറക്കത്തിനുള്ള അന്തരീക്ഷം ഒരുക്കുന്നതിനാവശ്യമായ സാധനങ്ങള്‍ക്കായി ലേലം വിളിക്കാന്‍ മത്സരാര്‍ഥികളോട് ആവശ്യപ്പെടുന്നതായിരുന്നു മറ്റൊരു ശ്രദ്ധേയമായ ടാസ്‌ക്. സ്ലീപ് ഓക്ഷന്‍ എന്നായിരുന്നു ഇതിന്റെ പേര്.
2019 മുതല്‍ വേക്ഫിറ്റ് ആരംഭിച്ച സ്ലീപ്പ് ഇന്റേണ്‍ഷിപ്പിന്‍റെ ആദ്യ നാല് സീസണുകളിലേക്ക് മാത്രമായി ഇതിനോടകം 10 ലക്ഷത്തിലേറെ പേരാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. പങ്കെടുത്ത 65 ഇന്റേണുകള്‍ക്ക് ഓരോ ലക്ഷം വീതം കൈമാറുകയും ചെയ്തു.
Adjust Story Font
16

