ടിവികെയെ പൂട്ടുമോ ഡിഎംകെ? വിജയ്‌യുടെ രാഷ്ട്രീയ ഭാവി ഇനി എങ്ങനെയാകും?
കരൂർ ദുരന്തത്തിന്റെ പശ്ചാതലത്തിൽ കരുതലോടെയാകും എം.കെ സ്റ്റാലിന്റെ നീക്കങ്ങൾ. ഒറ്റയടിക്ക് വിജയ്യെ അറസ്റ്റ് ചെയ്തുള്ള മണ്ടത്തരം ഡിഎംകെ കാണിക്കില്ല

വിജയ്- Photo-PTI
ഒരു സിനിമാ താരത്തിന് പത്താളെ കൂട്ടാൻ വലിയ കഷ്ടപ്പാടൊന്നും ഇല്ല. ഇനി വെള്ളിത്തിരയിൽ മിന്നിത്തിളങ്ങി നിൽക്കുന്ന സമയത്താണെങ്കിലോ, തന്നെ കാണാനും കേൾക്കാനും വരുന്നവരുടെ എണ്ണം കൂടാനെ വഴിയുള്ളൂ. ഇങ്ങനെയൊരു ഘട്ടത്തിലാണ് തമിഴകത്തിന്റെ ഇളയദളപതി രാഷ്ട്രീയപ്പാർട്ടിയുമായി വരുന്നത്.
സിനിമയും രാഷ്ട്രീയവും ഇഴചേര്‍ന്ന തമിഴകത്തിന്റെ രാഷ്ട്രീയ ഭൂമികയിലേക്കാണ് വിജയ് തമിഴക വെട്രി കഴകം(ടിവികെ) എന്ന പാര്‍ട്ടിയുമായി വരുന്നത്. സിനിമയും രാഷ്ട്രീയവും അത്രമേൽ ആഴത്തിലാണ് തമിഴ് ജനയെ സ്വാധീനിച്ചത്. സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കും തിരിച്ചുമൊക്കെ വരവും പോക്കും അവിടെ എളുപ്പമാണ്. രാഷ്ട്രീയത്തിലും സിനിമയിലുമൊക്കെ ഏറെ പരീക്ഷണങ്ങള്‍ നേരിട്ടവരാണ് അവരുടെ നായകരൊക്കെ. ഈ ശ്രേണിയിലേക്കെത്തിനില്‍ക്കുന്ന എൻട്രിയാണ് വിജയ്. വിജയ്ക്ക് തൊട്ട് മുമ്പ് ഏവരും ഓർത്തെടുക്കുന്നത് കമൽഹാസനെയും. സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയത്തിലേക്കിറങ്ങുമോ ഇല്ലയോ എന്ന സസ്‌പെൻസ് ഏറെകാലം സജീവമാക്കിയെങ്കിലും വരവ് നീളുകയാണ്.
തമിഴ്നാടും മാറുകയാണ്. അടുത്തകാലംവരെയും കരുണാനിധിയിലും ജയലളിതയിലും ചുറ്റിത്തിരിഞ്ഞ തമിഴ്‌രാഷ്ട്രീയം ഇവരുടെ മരണത്തോടെ പുതിയ കൈകളിലെത്തി. അതിൽ എം.കെ സ്റ്റാലിൻ ഡിഎംകെയും(DMK) തമിഴ് രാഷ്ട്രീയവും കൈവെള്ളയിലെടുത്തപ്പോൾ എഐഎഡിഎംകെ(AIADMK) ചിന്നിച്ചിതറി. ഒരു നേതാവിന് ചുറ്റും കറങ്ങുന്ന തമിഴ്‌നാട്ടിൽ എഐഎഡിഎംകെക്ക് അങ്ങനെയാരു നേതാവ് ഇല്ലാതായി. എടപ്പാടി പളനിസാമിയുടെ മേൽനോട്ടത്തിലാണ് ഇപ്പോൾ പാർട്ടിയെങ്കിലും അദ്ദേഹത്തെ തന്നെ അംഗീകരിക്കാത്തവർ അവിടെ ഇഷ്ടംപോലെയുണ്ട്. തരംകിട്ടുമ്പോഴെക്കെ അവരില്‍ ചിലര്‍ പുറത്തുവരുന്നു, പൊട്ടിത്തെറിക്കുന്നു.
ബിജെപിയുമായുള്ള ചങ്ങാത്തം ന്യൂനപക്ഷ വോട്ടുകൾ കൂടി എഐഎഡിഎംകെയിൽ നിന്ന് അകറ്റി. ഇതിനിടയിൽ ബിജെപിയും അറിഞ്ഞ് കളിക്കുന്നുണ്ടായിരുന്നു. അണ്ണാമലൈയെപ്പോലെ തീപ്പൊരി നേതാക്കളെ സംസ്ഥാന അദ്ധ്യക്ഷനാക്കി മുതലെടുക്കാനും ശ്രമിച്ചു. അണ്ണാമലൈ സൂപ്പര്‍ നേതാവ് ചമയുന്നു എന്ന ഘട്ടത്തിലാണ് ബിജെപിയുമായി ബന്ധത്തിനില്ലെന്ന് പളനിസാമിക്ക് പറയേണ്ടി വന്നത്. ഇപ്പോള്‍ വഴിപിരിഞ്ഞെങ്കിലും വാതില്‍ പൂര്‍ണമായും മോദിക്ക് മുന്നില്‍ അടച്ചിട്ടില്ല. ഇങ്ങനെ പരുവപ്പെട്ടൊരു അന്തരീക്ഷത്തിലേക്കാണ് 'ആനകളെ കൊടിയിലേറ്റി' വിജയ്, തമിഴ് മക്കളിലേക്ക് ഇറങ്ങുന്നത്.
വിജയ് വരുന്നു, ഒപ്പം കണാന്‍ ആളുകളും
വിജയ്‌യുടെ സിനിമകൾക്കായി കാത്തിരിക്കുന്നത് പോലെയായിരുന്നില്ല അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനത്തിനായി ജനം കാതോർത്തത്. വിജയ്‌യുടെ സിനിമ, രാഷ്ടീയം പറഞ്ഞ് തുടങ്ങിയത് മുതൽ തന്നെ 'ലൈൻ' ഏറെക്കുറെ പിടികിട്ടിയിരുന്നു. രജനികാന്തിന് തുടങ്ങാനാവാത്തതും കമൽഹാസന്‍ പരാജയപ്പെട്ടതുമായ ഇടത്ത് വിജയ് എന്ത് കാട്ടാനാണ് എന്ന് ചിന്തിച്ചവരാണ് അധികവും. ഇങ്ങനെയൊക്കെ തന്നൊയാകും വിജയ്‌യുടെ വിധി എന്നാണ് രാഷ്ട്രീയ നിരീക്ഷകരൊക്കെ കരുതിയത്.
എന്നാൽ അദ്ദേഹത്തിന്റെ താരപദവിയെ ആരും സംശയിച്ചിരുന്നില്ല. സ്ക്രീനില്‍ രക്ഷക വേഷങ്ങള്‍ ആടിത്തിമിര്‍ക്കുന്നതിനാല്‍ അദ്ദേഹത്തെ കാണാനും കേള്‍ക്കാനും ആള് കൂടുമെന്ന് ഉറപ്പായിരുന്നു. ഇതിനിടെ സിനിമയിലൂടെ രാഷ്ട്രീയം പറഞ്ഞ് തന്നെ, വിജയ് തനിക്ക് വേണ്ടിയുള്ള നിലമൊരുക്കുന്നുണ്ടായിരുന്നു. തന്റെ ഫാൻസ് കൂട്ടായ്മകളെ പതിയെ ഒരുക്കിയെടുത്തും കൂടിക്കാഴ്ചകള്‍ നടത്തിയുമൊക്കെ വിജയ് രാഷ്ട്രീയത്തിലേക്കുള്ള ചുവടുകള്‍ വെച്ചു. അങ്ങനെ 2024ല്‍ പാര്‍ട്ടി പറന്നു.
ടിവികെയുടെ രാഷ്ട്രീയം, ലക്ഷ്യം തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം
ആരുമായും കൂട്ടുകൂടാതെ ഒറ്റയ്ക്ക് തമിഴ്‌നാട് പിടിക്കുകയാണ് വിജയ്‌യുടെ ലക്ഷ്യം. 2026 തമിഴ്‌നാട് തെരഞ്ഞെടുപ്പാണ് താരം ലക്ഷ്യമിടുന്നത്. അതിനുളള പണികളാണ് പാർട്ടി രൂപീകരിച്ച് രണ്ട് വർഷമാകുമ്പോഴേക്കും ചെയ്തുവരുന്നത്. ഈറോഡ് ഈസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍നിന്ന് വിട്ടു നിന്നതുപോലും 'പണിയെടുക്കാനാണ്'. ജനങ്ങളെ കാണലും തന്റെ രാഷ്ട്രീയം പറയലുമൊക്കെ രഹസ്യമായും പരസ്യമായും അദ്ദേഹം നടത്തുന്നുണ്ടായിരുന്നു.
Photo- India Today
വിജയ്‌യുടെ പരിപാടികൾക്ക് ആളെത്തുന്നു എന്നത് മറ്റുപാർട്ടികളെ ചെറിയ തോതിൽ അസ്വസ്ഥപ്പെടുത്തിയിരുന്നു. എഐഎഡിഎംകെ വിജയ്‌യുമായി കൂട്ടുകൂടാൻ ശ്രമിച്ചത് ഇതിന്റെ കൂടി പശ്ചാതലത്തിലാണ്. നേതാക്കാളോട് വിജയ്‌യെ പരസ്യമായി വിമർശിക്കരുതെന്ന നിർദേശം വരെ നല്‍കേണ്ടി വന്നു. സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും ടിവികെയോട് അനുഭാവമുണ്ടായിരുന്നു. ഡിഎംകെയാകട്ടെ അപകടം മണക്കുകയും രാഷ്ട്രീയമായിത്തന്നെ അദ്ദേഹത്തെ നേരിടാനൊരുങ്ങുകയും ചെയ്തു.
വിടരും മുമ്പെ വീണോ വിജയ്?
ആളെക്കൂട്ടി രാഷ്ട്രീയം പറയുന്നതിനിടെയാണ് കരൂർ ദുരന്തം ഉണ്ടാകുന്നത്. 39 ആളുകളുടെ ദാരുണ മരണത്തിലേക്കും നിരവധി പേരുടെ പരിക്കിലേക്കും നയിച്ച ഷോ, താരത്തിന്റെ പ്രഭക്ക് തന്നെ മങ്ങലേൽപ്പിച്ചുവെന്ന വിലയിരുത്തലാണ് ഉയരുന്നത്.
അപകടം സംഭവിച്ചതിന് പിന്നാലെ വിജയ് ചെന്നൈയിലേക്ക് പറന്നതും വിമർശകരെ കൂട്ടി. പതിയെ തുടങ്ങി കൊടുങ്കാറ്റായി ആഞ്ഞുവീശാനുള്ള താരത്തിന്റെ ശ്രമങ്ങൾക്ക് ഒരു ചെറിയ ഇടവേളയ്‌ക്കെങ്കിലും ബ്രേക്കിടാനായി. അടുത്ത തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽക്കെ വിജയ്‌യെ മെരുക്കാൻ ഡിഎംകെയ്ക്ക് അവസരവും ലഭിച്ചു.
വിജയ്‌യെ പൂട്ടുമോ ഡിഎംകെ? എല്ലാം നോക്കി ബിജെപി
ബിജെപിയെ പ്രത്യയശാസ്ത്ര ശത്രുവായാണ് വിജയ് പ്രഖ്യാപിച്ചത്. ഡിഎംകെയാകട്ടെ രാഷ്ട്രീയ എതിരാളിയും. ഡിഎംകെക്ക് വേട്ട് ചെയ്യുന്നത് ബിജെപിക്ക് ചെയ്യുന്നതിന് സമാനമാണെന്ന് വരെ വിജയ് പറഞ്ഞിരുന്നു. അതിനാല്‍ തന്നെ പ്രതിസന്ധി ഘട്ടത്തില്‍ വിജയ്ക്ക് രക്ഷാകവചമൊരുക്കേണ്ട ബാധ്യതയൊന്നും ബിജെപിക്കില്ല. കരൂര്‍ ദുരന്തത്തിലൂടെ വിജയ് എന്ന തലവേദന ഒഴിവാക്കാൻ കേന്ദ്രസർക്കാരും പ്രത്യേകിച്ച് ഡിഎംകെയും ശ്രമിക്കുമെന്നുറപ്പാണ്. ജുഡീഷ്യൽ അന്വേഷണം ഇതിനകം തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു.
മറ്റുനിലക്കുള്ള അന്വേഷണവും ഉണ്ടാകും എന്നുറപ്പാണ്. അതായത് വിജയ്‌യെ പൂട്ടാൻ ഡിഎംകെ നോക്കും എന്നുറപ്പ്. എന്നാൽ കരുതലോടെയാകും ഡിഎംകെയുടെ നീക്കങ്ങൾ. തുടക്കത്തിൽ എല്ലാവരെയും 'വെറുപ്പിച്ച്' വിജയ് കാണിച്ച മണ്ടത്തരം ഡിഎംകെ കാണിക്കണം എന്നില്ല. വിജയ്‌യെ ഒറ്റയടിക്ക് അറസ്റ്റ് ചെയ്താല്‍ അദ്ദേഹത്തിനത് വീരപരിവേഷം നൽകലാകും. സഹതാപ തരംഗം കൂടിയായാൽ പിന്നെ അത് ഡിഎംകെയുടെ കയ്യിൽ നിൽക്കില്ല.
അതേസമയം ബിജെപിയുടെ സമീപനവും നിർണായകമാണ്. ദുരന്തത്തില്‍ സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തിയാണ് ബിജെപി നേതാക്കൾ സംസാരിക്കുന്നത്. മതിയായ പൊലീസ് സുരക്ഷയൊരുക്കിയില്ലെന്നും പറയുന്നു. വിജയ് നേരത്തെ തന്നെ കാവിപ്പാർട്ടിയെ അകറ്റിയതിനാൽ സംസ്ഥാന സർക്കാറിന്റെ അന്വേഷണപരമ്പരയിൽ നിന്ന് താരത്തെ രക്ഷിക്കാനും ബിജെപിക്ക് താത്പര്യമുണ്ടാവില്ല. വിജയ് പിടിക്കുന്ന വോട്ട് ഡിഎംകെക്കാണ് പണി കൊടുക്കുകയെങ്കിൽ താരത്തെ പ്രോത്സാഹിപ്പിക്കാനെ മോദിയും ടീമും നോക്കൂ.
Adjust Story Font
16
