Quantcast

പോക്കറ്റ് കാലിയാവാതെ ലോകം ചുറ്റാം; ഈ രാജ്യങ്ങളില്‍ ഇന്ത്യന്‍ രൂപ സ്‌ട്രോങ്ങാണ്

നിങ്ങളുടെ യാത്രാ ബഡ്ജറ്റിന് കൂടുതല്‍ കരുത്തേകുന്ന 10 രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

MediaOne Logo

Web Desk

  • Updated:

    2025-11-02 01:11:29.0

Published:

1 Nov 2025 9:24 PM IST

പോക്കറ്റ് കാലിയാവാതെ ലോകം ചുറ്റാം; ഈ രാജ്യങ്ങളില്‍ ഇന്ത്യന്‍ രൂപ സ്‌ട്രോങ്ങാണ്
X

നമ്മളില്‍ പലരും വിദേശയാത്രകള്‍ പ്ലാന്‍ ചെയ്യുന്നത് വിമാന ടിക്കറ്റിന്റെ പൈസയും പോകാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തെ ചെലവും നോക്കിയായിരിക്കും. വിദേശയാത്ര എന്നാല്‍ എപ്പോഴും നിങ്ങളുടെ സമ്പാദ്യം കാലിയാക്കുക എന്നല്ല അര്‍ഥമാക്കുന്നത്. ഇന്ത്യന്‍ രൂപയ്ക്ക് കൂടുതല്‍ മൂല്യമുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നതിലൂടെ, കുറഞ്ഞ ചെലവില്‍ ദ്വീപ് യാത്രകള്‍ മുതല്‍ പുരാതന സ്ഥലങ്ങളില്‍ വരെ നിങ്ങള്‍ക്ക് പോക്കറ്റ് കാലിയാവാതെ സഞ്ചരിക്കാന്‍ സാധിക്കും.

ഇത്തരം രാജ്യങ്ങളിലേക്ക് യാത്ര പോയാല്‍ ഒരിക്കലും നിങ്ങളുടെ കീശ ചോരില്ല. മറ്റ് വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പൈസക്ക് കൂടുതല്‍ മൂല്യം എന്നതാണ് ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്താലുള്ള ഗുണം. നിങ്ങളുടെ യാത്രാ ബഡ്ജറ്റിന് കൂടുതല്‍ കരുത്തേകുന്ന 10 രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

1. വിയറ്റ്‌നാം (1 ഇന്ത്യന്‍ രൂപ = ഏകദേശം 296 VND)

ഒരു ഇന്ത്യന്‍ രൂപ എന്നാല്‍ 296 വിയറ്റ്‌നാമീസ് ഡൊങ് എന്നാണ് കണക്ക്. വിയറ്റ്‌നാമിലെ കറന്‍സിയെ വിയറ്റ്‌നാമീസ് ഡൊങ് എന്നാണ് പറയുന്നത്. ഇന്ത്യന്‍ യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ബജറ്റ് ഫ്രണ്ട്‌ലിയായി യാത്ര ചെയ്യാന്‍ പറ്റുന്ന രാജ്യമാണ് വിയറ്റ്‌നാം. ഹാനോയ് മാര്‍ക്കറ്റില്‍ കിട്ടുന്ന എല്ലാം കീശ കാലിയാക്കാത്തതാണ്. ഇടത്തരം ഹോട്ടല്‍ താമസത്തിന് ഒരു രാത്രിക്ക് 2,000 രൂപ വരെ ചിലവാകും.

2. ഇന്തോനേഷ്യ (1 ഇന്ത്യന്‍ രൂപ = ഏകദേശം 190 IDR)

ഒരു ഇന്ത്യന്‍ രൂപ 190 ഇന്തോനേഷ്യന്‍ ഡോളറിന് സമാനമാണ്. ബാലിയിലെ പ്രശസ്തമായ ബീച്ചുകള്‍ക്കപ്പുറം, തനതായ സംസ്‌കാരവും പ്രകൃതി സൗന്ദര്യവുമുള്ള 17,000-ല്‍ അധികം ദ്വീപുകള്‍ ഇന്തോനേഷ്യയിലുണ്ട്. ഭക്ഷണം, താമസം, ഗതാഗതം എന്നിവയ്ക്ക് വളരെ കുറഞ്ഞ ചെലവായതിനാല്‍ ദീര്‍ഘകാല അവധിക്കാലത്തിന് ഇത് വളരെ അനുയോജ്യമാണ്.

3. നേപ്പാള്‍ (1 ഇന്ത്യന്‍ രൂപ = ഏകദേശം 1.6 NPR)

ഒരു ഇന്ത്യന്‍ രൂപ = 1.6 നേപ്പാള്‍ രൂപ എന്നാണ് കണക്ക്. നമ്മുടെ അയല്‍രാജ്യമാണ് നേപ്പാള്‍. ഇന്ത്യയുമായി സൗഹാര്‍ദബന്ധം പുലര്‍ത്തുന്ന രാജ്യമാണിത്. രൂപക്ക് നേപ്പാള്‍ രൂപയേക്കാള്‍ മൂല്യമുള്ളതുകൊണ്ട് ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ആശങ്ക കൂടാതെ അവിടം സന്ദര്‍ശിക്കാം. ട്രക്കിങ്ങിന് പേരു കേട്ടതാണ് നേപ്പാള്‍. നേപ്പാള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എവറസ്റ്റ് കൊടുമുടിയാണ് എല്ലാവരുടെയും മനസിലേക്ക് ആദ്യമെത്തുക.

4. ശ്രീലങ്ക (1 ഇന്ത്യന്‍ രൂപ = ഏകദേശം 3.8 LKR)

ഇന്ത്യന്‍ രൂപ 3.8ശ്രീലങ്കന്‍ രൂപക്ക് തുല്യമാണ്. ഒരു ചെറിയ വിമാനയാത്രയുടെ ദൂരമേയുള്ളൂവെങ്കിലും ശ്രീലങ്ക മറ്റൊരു ലോകമായി അനുഭവപ്പെടും. സമൃദ്ധമായ തേയിലത്തോട്ടങ്ങളും കടല്‍ത്തീരങ്ങളും പുരാതന നഗരങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. ശ്രീലങ്കന്‍ രൂപയേക്കാള്‍ ഇന്ത്യന്‍ രൂപയ്ക്ക് മൂല്യം കൂടുതലായതിനാല്‍ അധികം പണം ചെലവാക്കാതെ നിങ്ങള്‍ക്ക് ആഡംബരപൂര്‍ണമായ ഒരു ബീച്ച് അവധിക്കാലം ആസ്വദിക്കാം

5. കംബോഡിയ (1 ഇന്ത്യന്‍ രൂപ = ഏകദേശം 49 KHR)

ഒരു ഇന്ത്യന്‍ രൂപ 49 കംപോഡിയന്‍ റൈലിന് തുല്യമാണ്. കംപോഡിയയില്‍ ഡോളര്‍ ആണ് ഔദ്യോഗിക കറന്‍സി. റൈലിന്റെ തുടര്‍ച്ചയായുണ്ടാകുന്ന വിലയിടിവും സ്ഥിരതയില്ലായ്മയും കാരണമാണ് കംപോഡിയ യു.എസ് ഡോളറിനെ ഔദ്യോഗിക കറന്‍സികളിലൊന്നായി കണക്കാക്കാന്‍ കാരണം. ചരിത്ര സ്മാരകങ്ങള്‍ക്കു പേരുകേട്ടതാണ് കംപോഡിയ. അങ്കോര്‍ വാത്ത് ക്ഷേത്ര സമുച്ചയമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. അതുപോലെ ഭക്ഷണ രീതികളും കടല്‍ത്തീരങ്ങളും സഞ്ചാരികള്‍ക്ക് പ്രിയങ്കരമാണ്.

6. മ്യാന്‍മര്‍ (1 ഇന്ത്യന്‍ രൂപ = ഏകദേശം 25 MMK)

ഒരു ഇന്ത്യന്‍ രൂപ= 25 എം.എം.കെ(മ്യാന്‍മര്‍ ക്യാറ്റ്) എന്നാണ് കണക്ക്. മ്യാന്‍മറിന്റെ നിഗൂഢമായ സൗന്ദര്യവും സൗഹൃദപരമായ നാട്ടുകാരും ഇതിനെ ഒരു അമൂല്യ സ്ഥലമാക്കി മാറ്റുന്നു. രൂപയുടെ മികച്ച പ്രകടനം കാരണം ചെലവുകളെക്കുറിച്ച് ആശങ്കപ്പെടാതെ നിങ്ങള്‍ക്ക് രാജ്യത്തിന്റെ തനതായ സംസ്‌കാരം ആസ്വദിക്കാം.

7. പരാഗ്വേ (1 ഇന്ത്യന്‍ രൂപ = ഏകദേശം 89 PYG)

പരഗ്വായന്‍ ഗോറനിയാണ് ഇവിടുത്തെ കറന്‍സി. ഒരു ഇന്ത്യന്‍ രൂപ ഏകദേശം 89 പരഗ്വായന്‍ ഗോറനിയാണ്. അതിനാല്‍ ഈ ലാറ്റിനമേരിക്കന്‍ രാജ്യത്ത് എത്തുന്ന യാത്രക്കാര്‍ക്ക് കൂടുതല്‍ പണം ചെലവാകുമെന്ന ആശങ്കയും വേണ്ട.

8. ഹംഗറി (1 ഇന്ത്യന്‍ രൂപ = ഏകദേശം 4.3 HUF)

ഒരു ഇന്ത്യന്‍ രൂപ 4.3 ഹംഗേറിയന്‍ ഫോറിന്റിന് തുല്യമാണ്. യൂറോപ്പില്‍, ഹംഗറി പണത്തിന് അവിശ്വസനീയമായ മൂല്യം നല്‍കുന്നു. അവിടുത്തെ തെര്‍മല്‍ ബാത്തുകളും ബറോക്ക് കെട്ടിടങ്ങളുമുള്ള ബുഡാപെസ്റ്റ്, സാധാരണ ഉയര്‍ന്ന ചെലവുകളില്ലാതെ ഒരു യൂറോപ്യന്‍ അനുഭവം തേടുന്ന യാത്രക്കാര്‍ക്ക് അനുയോജ്യമാണ്.

9. ടാന്‍സാനിയ (1 ഇന്ത്യന്‍ രൂപ = ഏകദേശം 30 TZS)

ഒരു ഇന്ത്യന്‍ രൂപ 30 താന്‍സാനിയന്‍ ഷില്ലിങ്ങിന് തുല്യമാണ്. ഒരു വന്യജീവി സഫാരി സ്വപ്നം കാണുകയാണെങ്കില്‍ മറ്റ് സഫാരി സ്ഥലങ്ങളെ അപേക്ഷിച്ച് താങ്ങാനാവുന്ന നിരക്കില്‍ സെറെന്‍ഗെറ്റിയും കിളിമഞ്ചാരോ പര്‍വതവും അനുഭവിക്കാന്‍ ടാന്‍സാനിയ അവസരമൊരുക്കുന്നു.

10. ഉസ്‌ബെക്കിസ്താന്‍ (1 ഇന്ത്യന്‍ രൂപ = ഏകദേശം 145 UZS)

ഉസ്‌ബെകിസ്താനി സോം ആണ് ഇവിടത്തെ കറന്‍സി. ഇന്ത്യന്‍ രൂപ=145 ഉസ്‌ബെകിസ്താനി സോം എന്നാണ് കണക്ക്. ഒരുകാലത്ത് സില്‍ക്ക് റൂട്ടിന്റെ ഭാഗമായിരുന്ന ഈ മധ്യേഷ്യന്‍ രാജ്യം, ബഡ്ജറ്റ് യാത്രക്കാര്‍ക്കിടയില്‍ പ്രശസ്തി നേടുന്നു. രൂപയുടെ അനുകൂലമായ വിനിമയ നിരക്ക് കാരണം അധികം പണം ചെലവാക്കാതെ നിങ്ങള്‍ക്ക് അതിശയകരമായ വാസ്തുവിദ്യയും സമ്പന്നമായ പൈതൃകവും ആസ്വദിക്കാം.

TAGS :

Next Story