Quantcast

ബോംബാക്രമണം നിർത്താൻ ട്രംപിന്റെ നിർദേശമുണ്ടായിട്ടും ഇസ്രായേൽ ആക്രമണം; ഗസ്സയിൽ 20 പേർ കൊല്ലപ്പെട്ടു

ട്രംപ് മുന്നോട്ട് വെച്ച ഇരുപതിന പദ്ധതിയുടെ പ്രധാന ഭാഗങ്ങൾ അംഗീകരിച്ച ഹമാസ് ഗസ്സയുടെ ഭരണം ഫലസ്തീനികളുടെ നേതൃത്വത്തിലുള്ള ടെക്നോക്രാറ്റുകൾക്ക് കൈമാറാനും എല്ലാ ഇസ്രായേലി തടവുകാരെയും മോചിപ്പിക്കാനുമുള്ള സന്നദ്ധത പ്രകടിപ്പിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2025-10-04 11:38:26.0

Published:

4 Oct 2025 4:24 PM IST

ബോംബാക്രമണം നിർത്താൻ ട്രംപിന്റെ നിർദേശമുണ്ടായിട്ടും ഇസ്രായേൽ ആക്രമണം; ഗസ്സയിൽ 20 പേർ കൊല്ലപ്പെട്ടു
X

ഗസ്സ | Photo: Al Jazeera 

ഗസ്സ: ഗസ്സയിൽ ബോംബാക്രമണം നിർത്താൻ ട്രംപിന്റെ നിർദേശമുണ്ടായിട്ടും ഇസ്രായേൽ ആക്രമണത്തിൽ 20 ഫലസ്തീനികൾ കൊല്ലപ്പെട്ടു. പുലർച്ചെ മുതൽ ഗസ്സ നഗരത്തിൽ ഡസൻ കണക്കിന് വ്യോമാക്രമണങ്ങളും പീരങ്കി ഉപയോഗിച്ചുള്ള ഷെല്ലാക്രമണങ്ങളും ഇസ്രായേൽ നടത്തിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ട്രംപിന്റെ ഇരുപതിന സമാധാന പദ്ധതിക്ക് ഹമാസ് മറുപടി സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേൽ വീണ്ടും ആക്രമണം ആരംഭിച്ചത്.

ട്രംപ് മുന്നോട്ട് വെച്ച ഇരുപതിന പദ്ധതിയുടെ പ്രധാന ഭാഗങ്ങൾ അംഗീകരിച്ച ഹമാസ് ഗസ്സയുടെ ഭരണം ഫലസ്തീനികളുടെ നേതൃത്വത്തിലുള്ള ടെക്നോക്രാറ്റുകൾക്ക് കൈമാറാനും എല്ലാ ഇസ്രായേലി തടവുകാരെയും മോചിപ്പിക്കാനുമുള്ള സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. പദ്ധതിയിലെ നിരായുധീകരണം ഉൾപ്പെടെയുള്ള വിഷയം ഹമാസ് അഭിസംബോധന ചെയ്തില്ല. പകരം മധ്യസ്ഥർ വഴി സമാധാന ചർച്ചകൾ തുടരാൻ താല്പര്യം പ്രകടിപ്പിച്ചു.

ഹമാസിന്റെ പ്രസ്താവനയെത്തുടർന്ന് വൈറ്റ് ഹൗസ് പുറത്തുവിട്ട വിഡിയോയിൽ പ്രസിഡന്റ് ട്രംപ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. 'ഹമാസ് ശാശ്വത സമാധാനത്തിന് തയ്യാറാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഗസ്സയിൽ ബോംബിടുന്നത് ഉടൻ നിർത്താൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടു.' ട്രംപ് പറഞ്ഞു. ഗസ്സയിലുടനീളം പുലർച്ചെ മുതൽ ഇസ്രായേലി ആക്രമണങ്ങളിൽ കുറഞ്ഞത് 20 പേരെങ്കിലും കൊല്ലപ്പെട്ടതായി ഗസ്സയിലെ ആശുപത്രി അധികൃതരെ ഉദ്ധരിച്ച് അൽ ജസീറയോട് റിപ്പോർട്ട് ചെയ്യുന്നു.

TAGS :

Next Story