Quantcast

180 കോടിയുടെ സ്വർണക്കൊള്ള കേസ്: പഞ്ചാബ് സ്വദേശിയായ പിടികിട്ടാപ്പുള്ളിയെ കൈമാറണമെന്ന് ഇന്ത്യയോട് കാനഡ

കേസിൽ‍ പനേസർ ഉൾപ്പെടെ രണ്ട് പ്രതികൾ പിടികിട്ടാപ്പുള്ളികളാണ്.

MediaOne Logo
20 mn dollar gold heist case Canada asks India to extradite Preet Panesar
X

ടൊറന്റോ: 20 മില്യൺ ഡോളറിന്റെ സ്വർണക്കൊള്ളക്കേസിലെ പ്രധാന പ്രതികളിലൊരാളായ പ‍ഞ്ചാബ് സ്വദേശി സിംറാൻ പ്രീത് പനേസറിനെ കൈമാറണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് കാനഡ. കാനഡയിൽ നടന്ന ഏറ്റവും വലിയ സ്വർണക്കൊള്ളയാണിതെന്ന് പീൽ റീജിയണൽ പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. 2023ലാണ് ഏകദേശം 180 കോടി ഇന്ത്യൻ രൂപ വിലമതിക്കുന്ന സ്വർണക്കൊള്ള നടന്നത്.

'പ്രൊജക്ട് 24K' എന്നാണ് സ്വർണക്കൊള്ളയെക്കുറിച്ചുള്ള അന്വേഷണത്തെ പീൽ പൊലീസ് ജനുവരി 12ന് പുറത്തിറക്കിയ പ്രസ്താവനയിൽ വിശേഷിപ്പിക്കുന്നത്. കേസിൽ ഒമ്പത് പേരെയാണ് 'വാണ്ടഡ്' പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പനേസർ ഉൾപ്പെടെ രണ്ട് പ്രതികൾ പിടികിട്ടാപ്പുള്ളികളായി തുടരുകയാണ്. എയർ കാനഡയിലെ ജീവനക്കാരനായിരുന്ന പനേസർ സ്വർണക്കൊള്ളയ്ക്ക് ശേഷം ജോലി രാജിവയ്ക്കുകയും കാനഡ വിടുകയുമായിരുന്നു.

5,000 ഡോളറിൽ കൂടുതൽ കവർന്നതിനും കുറ്റകൃത്യ ഗൂഢാലോചനയിലും പങ്കാളിയായതിനും ഇയാൾ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. സ്വർണക്കൊള്ളയിൽ പനേസറിന് നിർണായക പങ്കുള്ളതായും സ്വർണം അടങ്ങിയ കണ്ടെയ്നറുകൾ മാറ്റാൻ എയർ കാർ​ഗോ സംവിധാനത്തിൽ ഇയാൾ കൃത്രിമം കാണിച്ചതായും പീൽ പൊലീസ് പറഞ്ഞു.

കേസിലെ മറ്റൊരു പ്രതിയായ അർസലൻ ചൗധരിയെ ജനുവരി 12ന് ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. 33കാരൻ പനേസർ നിലവിൽ മൊഹാലിയിലെ വാടകവീട്ടിലാണ് കഴിയുന്നതെന്ന് നേരത്തെ കണ്ടെത്തിയിരുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് പ്രദേശത്ത് ഇഡി റെയ്‍ഡ് നടത്തുകയും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.


കാനഡയുടെ കൈമാറൽ അഭ്യർഥനയെക്കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ ഇഡി ഉദ്യോ​ഗസ്ഥർ, എന്നാൽ ഇന്ത്യയിൽ പനേസർ സ്വീകരിച്ച ഹവാല ഫണ്ടും സ്വർണക്കവർച്ചാ കേസുമായുള്ള ബന്ധമറിയാൻ കാനഡയിലെ അധികാരികളുമായി തങ്ങൾ ബന്ധപ്പെട്ടുവരികയാണെന്ന് അറിയിച്ചു. പനേസറിന്റെ ഭാര്യയും നടിയുമായ പ്രീതി അഭിനയിക്കുന്ന സിനിമയുടെ നിർമാണത്തിനായി മ്യൂസിക് ഇൻഡസ്ട്രി പോലുള്ള ചാനലുകൾ വഴിയാണ് പണം കൈമാറിയതെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.

പനേസർ നടത്തുന്ന അക്കൗണ്ടുകളിലേക്ക് വിവിധ സ്ഥാപനങ്ങൾ പണം നിക്ഷേപിച്ചതായും പിന്നീട് പനേസറും ഭാര്യയും ചേർന്നുള്ള പ്രൊപ്രൈറ്റർഷിപ്പ് കമ്പനിയായ എം/എസ് സ്റ്റാർ മേക്കേഴ്‌സ് എന്റർടൈൻമെന്റിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപമായി മാറ്റിയതായും തെളിയിക്കുന്ന തെളിവുകൾ കണ്ടെടുത്തതായും ഇഡി പറഞ്ഞു. സ്വർണക്കൊള്ളയ്ക്ക് ശേഷം 8.5 കോടി രൂപയാണ് ​ഹവാല ചാനലുകൾ വഴി പനേസറിന് ലഭിച്ചതെന്ന് ഇലക്ട്രോണിക് തെളിവുകൾ വ്യക്തമാക്കുന്നതായി കഴിഞ്ഞവർഷം ജൂലൈ 23ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. എന്നാൽ, ചണ്ഡീഗഢ്, കാനഡ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹവാല ഇടപാടുകാരെ പിടികൂടാൻ ഇതുവരെ അന്വേഷണ ഏജൻസികൾക്കായിട്ടില്ല.

അതേസമയം, കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച ഇഡി ആരോപണത്തെക്കുറിച്ച് പ്രതികരിക്കാൻ പനേസറുടെ അഭിഭാഷകൻ ദമൻബിർ സിങ് സോബ്തി തയാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2025 ഫെബ്രുവരിയിൽ, പനേസറിനെ കണ്ടെത്തിയെങ്കിലും നിയമപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അയാൾ സംസാരിക്കാൻ വിസമ്മതിച്ചതായും ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് ചണ്ഡീഗഡിന്റെ പ്രാന്തപ്രദേശത്തുള്ള മറ്റൊരു സ്ഥലത്തേക്ക് മാറിയെന്നാണ് വിവരമെന്നും റിപ്പോർട്ടിലുണ്ട്.

ഫെബ്രുവരിയിലെ റിപ്പോർട്ട് പുറത്തുവന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ, ഇഡി പനേസറുടെ വീട്ടിൽ റെയ്ഡ് നടത്തുകയും കേസിൽ എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) ഫയൽ ചെയ്യുകയും ചെയ്തു. ഫെബ്രുവരി 21-22 തീയതികളിൽ നടത്തിയ റെയ്ഡുകളിൽ, നിരവധി തവണയായി പണം ലഭിച്ചതിന്റെ രേഖകൾ കണ്ടെടുത്തതായും റിപ്പോർട്ടിൽ വിശദമാക്കുന്നു.

പിടിച്ചെടുത്ത രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് ശേഖരിച്ച തെളിവുകളും ഇഡി കേസിൽ നിർണായകമാണെങ്കിലും, പനേസറിന്റെ ഫോണിൽ നിന്നുള്ള കോളുകൾ, മെസേജുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ കണ്ടെത്തപ്പെട്ട ഹവാല ഓപ്പറേറ്റർ അന്വേഷണ സംഘത്തിന്റെ പിടിയിലാവാതെ രക്ഷപെട്ടു. തുടർന്ന്, പനേസറിനെ ഇഡി രണ്ട് തവണ ചോദ്യം ചെയ്യുകയും കൊള്ളയ്ക്ക് ശേഷം ഇയാൾക്ക് കാനഡയിൽ നിന്നും ദുബൈയിൽ നിന്നും ലഭിച്ച ഫണ്ടുകളുടെ രേഖകൾ ഫോണിൽ നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

TAGS :

Next Story