യുഎസ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇറാൻ; യുഎസ്-ഇസ്രായേൽ ആക്രമണത്തിന്റെ 36-ാം ദിവസം സംഭവിക്കുന്നതെന്ത്?
ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധത്തിൽ ഇറാനിൽ ഇതുവരെ 2,076 പേർ കൊല്ലപ്പെടുകയും 26,500ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു

- Published:
4 April 2026 4:43 PM IST

പശ്ചിമേഷ്യയിലെ യുദ്ധത്തിൽ നിർണായക വഴിത്തിരിവ്. അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായി ഇറാൻ. കോഹ്‌ഗിലുയെ-ബോയർ അഹ്മദ് പ്രവിശ്യയിൽ ഒരു എഫ്-15ഇ സ്ട്രൈക്ക് ഈഗിളും, ഗൾഫ് മേഖലയിൽ ഒരു എ-10 വാർത്ത്‌ഹോഗും തകർന്നുവീണതായി യുഎസ് മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ഇതിലുണ്ടായിരുന്ന രണ്ട് അമേരിക്കൻ സൈനികരെ രക്ഷപ്പെടുത്തിയെങ്കിലും ഒരു സൈനികനായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. തങ്ങളുടെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ തകർന്നുവെന്ന അമേരിക്കൻ വാദങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഇറാൻ നടത്തിയ ഈ നീക്കം യുദ്ധത്തെ കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്. വിമാനങ്ങൾ തകർത്തതിനെ വലിയ സൈനിക വിജയമായി ഇറാൻ ജനത തെഹ്‌റാൻ തെരുവുകളിൽ ആഘോഷിച്ചു. ഇറാൻ യുദ്ധത്തിന്റെ 36-ാം ദിവസം സംഭവിക്കുന്നതെന്ത്?
ഇറാനിൽ സംഭവിക്കുന്നതെന്ത്?
കാണാതായ യുഎസ് സൈനികനായുള്ള തിരച്ചിൽ അതീവ ജാഗ്രതയോടെ പുരോഗമിക്കുകയാണ്. തിരച്ചിലിനായി നിയോഗിച്ച ഒരു അമേരിക്കൻ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററിന് നേരെയും ഇറാൻ്റെ ആക്രമണമുണ്ടായെങ്കിലും അത് തകർക്കാനായില്ല. തങ്ങളുടെ നൂതനമായ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ചാണ് അമേരിക്കൻ പോർവിമാനങ്ങൾ വീഴ്ത്തിയതെന്ന് ഇറാൻ വ്യക്തമാക്കി. ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധത്തിൽ ഇറാനിൽ ഇതുവരെ 2,076 പേർ കൊല്ലപ്പെടുകയും 26,500ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വഴിമുട്ടുന്ന നയതന്ത്ര ശ്രമങ്ങൾ
അമേരിക്ക മുന്നോട്ടുവച്ച 48 മണിക്കൂർ വെടിനിർത്തൽ നിർദേശം ഇറാൻ തള്ളിയതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ അമേരിക്ക ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നയതന്ത്ര ചർച്ചകളിൽ അമേരിക്കക്ക് യാതൊരു ആത്മാർഥതയുമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ കുറ്റപ്പെടുത്തി. മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ട സംഭവത്തിന് ശേഷം, ആരാണ് തീവ്രവാദം നടത്തുന്നതെന്ന് ലോകം വിലയിരുത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഇറാനെ 'ശിലായുഗത്തിലേക്ക് ബോംബിട്ട് തകർക്കും' എന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന വലിയൊരു യുദ്ധക്കുറ്റത്തിനുള്ള പരസ്യമായ സമ്മതമാണെന്ന് ഫിൻലൻഡ് പ്രസിഡന്റുമായുള്ള ചർച്ചയിൽ പെസഷ്കിയാൻ വ്യക്തമാക്കി. ലോകരാജ്യങ്ങൾ ഇതിൽ നിഷ്പക്ഷത പാലിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഗൾഫ് രാജ്യങ്ങളിലെ പ്രത്യാഘാതങ്ങൾ
അബുദാബിയിലെ ഗ്യാസ് കോംപ്ലക്സിൽ ഡ്രോൺ ആക്രമണം തടയുന്നതിനിടെ അവശിഷ്ടങ്ങൾ വീണ് തീപിടിച്ച് ഒരു ഈജിപ്ഷ്യൻ പൗരൻ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുവൈത്തിലെ എണ്ണ ശുദ്ധീകരണശാലയിലും ജല ശുദ്ധീകരണ കേന്ദ്രത്തിലും സമാനമായ ആക്രമണങ്ങളുണ്ടായി. ബഹ്റൈനിലെ സിത്ര മേഖലയിൽ ഇറാൻ്റെ ഡ്രോൺ തടഞ്ഞതിനെ തുടർന്നുണ്ടായ സ്ഫോടനത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
അമേരിക്കയിൽ സംഭവിക്കുന്നതെന്ത്?
അമേരിക്കൻ യുദ്ധവിമാനം തകർന്നതും പൈലറ്റിനായുള്ള തിരച്ചിൽ സംബന്ധിച്ചതുമായ വിവരങ്ങൾ പ്രസിഡൻ്റ് ട്രംപിനെ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ ധരിപ്പിച്ചു. യുദ്ധവിമാനം തകർന്നതും പൈലറ്റിനെ കാണാതായതും ഭരണകൂടത്തിന് വലിയ പ്രതിച്ഛായാ മങ്ങലാണ്. ട്രംപിന്റെ മാഗ (MAGA) അനുഭാവികൾക്കിടയിൽ ഉൾപ്പെടെ യുദ്ധത്തിനുള്ള പൊതുജന പിന്തുണ കുറയാൻ ഇത് കാരണമാകുമെന്ന് ഭൗമരാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. യുദ്ധച്ചെലവുകൾ താങ്ങാൻ 2027 സാമ്പത്തിക വർഷത്തേക്ക് 1.5 ട്രില്യൺ ഡോളറിൻ്റെ കൂറ്റൻ പ്രതിരോധ ബജറ്റിന് അംഗീകാരം നൽകാൻ ട്രംപ് കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇസ്രായേൽ, ലെബനൻ, സിറിയ
തെക്കൻ ഇസ്രായേലിലെ നെഗേവ് വ്യവസായ മേഖലയിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇറാൻ, ഗസ്സ, ലെബനൻ എന്നീ മൂന്ന് രാജ്യങ്ങളിലും തുടരുന്ന ആക്രമണത്തിൽ ഇസ്രായേലിന് ഏകദേശം $112 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. നിലവിൽ രാജ്യത്തെ നിരവധി സ്കൂളുകൾ ഉൾപ്പെടെ അടച്ചിട്ടിരിക്കുകയാണ്. 78 ശതമാനം ഇസ്രായേലികളും യുദ്ധത്തെ പിന്തുണക്കുന്നുണ്ടെങ്കിലും, ഇത് പെട്ടെന്ന് കുറയാൻ സാധ്യതയുണ്ടെന്ന് സർവേകൾ പറയുന്നു. ഇതിനിടെ ഇസ്രായേൽ സർക്കാർ $271 ബില്യൺ ഡോളറിന്റെ റെക്കോർഡ് ബജറ്റും ഫലസ്തീനികളെ ലക്ഷ്യമിട്ടുള്ള വിവാദമായ വധശിക്ഷാ നിയമവും പാസാക്കി. സിറിയയിലെ ഖുനൈത്രയിൽ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ലെബനനിലെ ബെക്കാ വാലിയിലെ രണ്ട് പ്രധാന പാലങ്ങൾ ഇസ്രായേൽ തകർത്തു. ദക്ഷിണ ലെബനനിൽ ഇസ്രായേൽ സൈന്യത്തിന് നേരെ ഹിസ്ബുല്ല നിരന്തരമായ മിസൈലാക്രമണങ്ങൾ തുടരുകയാണ്.
ഊർജ-ഭക്ഷ്യ മേഖലകളിലെ പ്രതിസന്ധി
പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ലോകത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുകയാണ്. ഓസ്ട്രേലിയയിലെ ഗ്രാമീണ മേഖലകളിൽ ഡീസൽ ക്ഷാമം അതിരൂക്ഷമായി. ഈസ്റ്റർ അവധി ദിനങ്ങളിൽ ദീർഘദൂര യാത്രകൾക്ക് പോകുന്നവർ നഗരങ്ങളിൽ നിന്ന് തന്നെ ഇന്ധനം നിറയ്ക്കാൻ സർക്കാർ നിർദേശം നൽകി. യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ഭക്ഷ്യസാധനങ്ങളുടെ വിലയിൽ മാർച്ചിൽ മാത്രം 2.4 ശതമാനം വർധനവുണ്ടായതായി ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (FAO) റിപ്പോർട്ട് ചെയ്തു.
Adjust Story Font
16
