Quantcast

ആരോഗ്യസ്ഥിതി ഗുരുതരം; ഇസ്രായേൽ വിട്ടയച്ച ആറ് ഫലസ്തീനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഹമാസ് നേതാവ് ജമാൽ അൽ തവീൽ അടക്കമുള്ളവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

MediaOne Logo

Web Desk

  • Published:

    8 Feb 2025 6:24 PM IST

ആരോഗ്യസ്ഥിതി ഗുരുതരം; ഇസ്രായേൽ വിട്ടയച്ച ആറ് ഫലസ്തീനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
X

റാമല്ല: ഹമാസുമായുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇസ്രായേൽ വിട്ടയച്ച ഫലസ്തീൻ തടവുകാരിൽ ഏഴു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഒഫർ ജയിലിൽ നിന്ന് മോചിതരായ 183 പേരിൽ, റാമല്ലയിൽ ബസ്സിൽ എത്തിയ സംഘത്തിലെ ആറു പേരെ നേരെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയതെന്ന് റെഡ് ക്രോസ് അധികൃതർ അറിയിച്ചു. ഹമാസ് നേതാവ് ജമാൽ അൽ തവീൽ അടക്കമുള്ളവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 111 പേരെ ബസ് മാർഗം ഗസ്സയിലെ ഖാൻ യൂനുസിൽ എത്തിച്ചു.

മൂന്ന് ഇസ്രായേലി പൗരന്മാരെ ഹമാസ് കൈമാറിയ അഞ്ചാം ഘട്ട ബന്ദി കൈമാറ്റത്തിന്റെ ഭാഗമായി 183 തടവുകാരെയാണ് ഇസ്രായേൽ മോചിപ്പിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 18 പേരടക്കം 72 സുരക്ഷാ തടവുകാരും ദീർഘകാലമായി ജയിലിലുള്ള 54 പേരും ഇതിൽ ഉൾപ്പെടുന്നു. 2023 ഒക്ടോബർ ഏഴിന് പിടികൂടിയ ഒഹദ് ബെൻ അമി, എലി ഷറാബി, ഒർ ലെവി എന്നിവരെയാണ് ഹമാസ് മോചിപ്പിച്ചത്.

മധ്യ ഗസ്സയിലെ ദെയ്ൽ അൽ ബലാഹിൽ ഇന്നു രാവിലെയാണ് മൂന്ന് ബന്ദികളെ ഹമാസ് റെഡ് ക്രോസ് അധികൃതർക്ക് കൈമാറിയത്. റെഡ് ക്രോസിൽ നിന്ന് ബന്ദികളെ ഏറ്റുവാങ്ങിയ ഇസ്രായേൽ സൈന്യം ഹെലികോപ്ടറിൽ ഇവരെ പ്രത്യേകം സജ്ജമാക്കിയ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഹമാസ് ബന്ദികളാക്കിയ സമയത്തെ അപേക്ഷിച്ച് ഇവരുടെ ശരീരം ഗണ്യമായി ശോഷിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.

TAGS :

Next Story