2,500 വര്‍ഷം പഴക്കമുള്ള സ്വര്‍ണകിരീടം തിരിച്ചെത്തിക്കാനായെന്ന് അധികൃതർ ; ഡച്ച് മ്യൂസിയം കവര്‍ച്ചയില്‍ ആശ്വാസം
2025 ജനുവരിയില്‍ ആരംഭിച്ച് ആറുമാസം നീണ്ടുനില്‍ക്കുന്ന എക്‌സിബിഷനോടനുബന്ധിച്ച് പ്രദര്‍ശനത്തിന് വെച്ചിരിക്കുകയായിരുന്നു കിരീടം

ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡിലെ റൊമാനിയയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഡ്രെന്‍റ് മ്യൂസിയം കവര്‍ച്ചയില്‍ നഷ്ടപ്പെട്ട 2,500 വര്‍ഷം പഴക്കമുള്ള സ്വര്‍ണകിരീടം മോഷ്ടാക്കളില്‍ നിന്ന് കണ്ടെത്തി പൊലീസ്. റൊമാനിയയുടെ ദേശീയശേഖരങ്ങളില്‍ പെട്ടതും വര്‍ഷങ്ങള്‍ പഴക്കമുള്ളതുമായ സ്വര്‍ണകിരീടം കണ്ടെത്തിയതായി ഡച്ച് പൊലീസിനെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിരീടം കനത്ത പൊലീസ് സുരക്ഷാവലയത്തിന്റെ അകമ്പടിയോടെ മ്യൂസിയത്തില്‍ തിരികെയെത്തിച്ചു.
വര്‍ഷങ്ങള്‍ പഴക്കമുള്ള കിരീടം തിരികെ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് മ്യൂസിയം അധികൃതരിലൊരാളായ കോറിയന്‍ ഫാഹ്നര്‍ പ്രതികരിച്ചു. 'ഏറെ വിലപിടിപ്പുള്ളതും അമൂല്യശേഖരങ്ങളിലൊന്നുമാണ് നഷ്ടപ്പെട്ടിരുന്നത്, പ്രത്യേകിച്ച് റൊമാനിയന്‍ ജനതയെയും ഞങ്ങളുടെ മ്യൂസിയം ജീവനക്കാരെ സംബന്ധിച്ചും ഇത് തികച്ചും വിലപിടിപ്പുള്ളതാണ്'അദ്ദേഹം വ്യക്തമാക്കി.
2025 ജനുവരിയില്‍ ആരംഭിച്ച് ആറുമാസം നീണ്ടുനില്‍ക്കുന്ന എക്‌സിബിഷനോടനുബന്ധിച്ച് പ്രദര്‍ശനത്തിന് വെച്ചിരിക്കുകയായിരുന്നു കിരീടം. എക്‌സിബിഷന്‍ അവസാനിക്കാന്‍ ആറ് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് മോഷ്ടാക്കള്‍ അതുമായി കടന്നുകളഞ്ഞത്. മ്യൂസിയത്തിനകത്തേക്ക് തന്ത്രപരമായി അതിക്രമിച്ചുകയറിയ ഇവര്‍, കിരീടത്തോടൊപ്പം മൂന്ന് സ്വര്‍ണവളകളും കൊണ്ടുപോകുകയുണ്ടായി. ചരിത്രപ്രസിദ്ധവും ജനപ്രിയവുമായ കിരീടം തിരിച്ചറിയുമോയെന്ന ഭയത്തില്‍ മോഷ്ടാക്കള്‍ ഉരുക്കിക്കളഞ്ഞേക്കുമോയെന്ന ആശങ്കയിലായിരുന്നു അധികൃതര്‍. നഷ്ടപ്പെട്ട മൂന്ന് സ്വര്‍ണവളകളും കിരീടത്തോടൊപ്പം തിരിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. മോഷ്ടാക്കളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ വിചാരണ ഏപ്രില്‍ അവസാനം നടക്കും.
'കിരീടത്തിൽ ചെറിയ രീതിയില്‍ ചുളുക്ക് വീണിട്ടുണ്ട്. എങ്കിലും, ഗുരുതരമായ പരിക്കുകളൊന്നും അതിന്മേല്‍ സംഭവിച്ചിട്ടില്ലെന്നതില്‍ ആശ്വാസമുണ്ട്. മോഷണം പോയ സ്വര്‍ണവളകള്‍ക്ക് ഒന്നുംതന്നെ സംഭവിച്ചിട്ടില്ല'. ഡ്രെന്റ് മ്യൂസിയം ഡയറക്ടര്‍ റോബര്‍ട്ട് വാന്‍ ലാങ് പറഞ്ഞു.
ഏറെ ചരിത്രപ്രാധാന്യമുള്ള മ്യൂസിയത്തില്‍ നടന്ന കവര്‍ച്ച നെതര്‍ലാന്റും റൊമാനിയയും തമ്മിലുള്ള ബന്ധം വഷളാക്കിയിരിക്കുകയാണ്. രാഷ്ട്രത്തിനെതിരായ കുറ്റകൃത്യമാണെന്നായിരുന്നു മോഷണം നടന്നതിന് തൊട്ടുപിന്നാലെ റൊമാനിയന്‍ ജസ്റ്റിസ് മിനിസ്റ്റര്‍ റാഡു മരിന്‍സ്‌കേവ് പ്രതികരിച്ചിരുന്നത്.
Adjust Story Font
16

