Quantcast

'തികച്ചും അസ്വീകാര്യം'; ഇന്ത്യൻ തൊഴിലാളികൾക്ക് നേരെയുണ്ടായ വംശീയ ആക്രമണത്തെ അപലപിച്ച് ഇസ്രായേൽ

മൂന്ന് പേരടങ്ങുന്ന സംഘം രണ്ട് പുരുഷന്മാരെ മർദിക്കുന്നതാണ് വീഡിയോയിലുള്ളത്

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2026-02-20 03:10:10.0

Published:

20 Feb 2026 8:39 AM IST

തികച്ചും അസ്വീകാര്യം; ഇന്ത്യൻ തൊഴിലാളികൾക്ക് നേരെയുണ്ടായ വംശീയ ആക്രമണത്തെ അപലപിച്ച് ഇസ്രായേൽ
X

തെൽ അവിവ്: ഇസ്രായേലിലെ ആഷ്കെലോൺ നഗരത്തിൽ ഇന്ത്യൻ തൊഴിലാളികൾക്ക് നേരെയുണ്ടായ വംശീയ ആക്രമണത്തെ അപലപിച്ച് ഇസ്രായേൽ. തികച്ചു അസ്വീകാര്യമായ സംഭവമാണെന്ന് ഇസ്രായേൽ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ഇസ്രായേലി എംബസിയും ആക്രമണത്തെ അപലപിക്കുകയും കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു.

"ഇന്നലെ ആഷ്‌കെലോണിൽ രണ്ട് ഇന്ത്യൻ തൊഴിലാളികൾക്ക് നേരെ കുറ്റവാളികൾ നടത്തിയ ആക്രമണം തികച്ചും അസ്വീകാര്യമാണ്. ഇസ്രായേലി പൊലീസ് കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരും" ഇസ്രായേൽ എംബസി എക്സിൽ കുറിച്ചു.

തെൽ അവീവിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള ആഷ്‌കെലോണിൽ വെച്ചാണ് രണ്ട് തൊഴിലാളികളെയും മർദിച്ചത്. ഇസ്രായേലി മാധ്യമങ്ങൾ ആക്രമണത്തെ 'ആസൂത്രിതവും വംശീയ പ്രേരിതവുമായ ആക്രമണം' എന്ന് വിശേഷിപ്പിച്ചു.സംഭവത്തിൽ കോൺഗ്രസ് നേതാവ് പവൻ ഖേര ആശങ്ക പ്രകടിപ്പിക്കുകയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

''രാജ്യത്ത് മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സര്‍ക്കാര്‍ പരാജയപ്പെട്ടത് ഇന്ത്യൻ തൊഴിലാളികളെ ഇസ്രായേലിൽ ജോലി തേടാൻ പ്രേരിപ്പിച്ചു. ഇന്ത്യൻ തൊഴിലാളികളെ അവിടേക്ക് അയയ്ക്കുമ്പോൾ അവർ ഇന്‍ഡോ-ഇസ്രായേൽ 'സൗഹൃദം' ആഘോഷിക്കുന്നു. എന്നാൽ നമ്മുടെ ജനങ്ങൾ ക്രൂരമായ പെരുമാറ്റം നേരിടുമ്പോൾ, അവർ നിശബ്ദത പാലിക്കുകയും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നു" അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വരാനിരിക്കുന്ന ഇസ്രായേൽ സന്ദർശന വേളയിൽ ഈ വിഷയം ഉന്നയിക്കുമോ എന്നും ഖേര ചോദിച്ചു. “പ്രധാനമന്ത്രി മോദി ഉടൻ ഇസ്രായേൽ സന്ദർശിക്കുന്നുണ്ട്, ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്കെതിരായ വംശീയവും അക്രമാസക്തമായ ആക്രമണങ്ങളെക്കുറിച്ച് അദ്ദേഹം ഉന്നയിക്കുമോ?” അദ്ദേഹം ചോദിച്ചു.

മൂന്ന് പേരടങ്ങുന്ന സംഘം രണ്ട് പുരുഷന്മാരെ മർദിക്കുന്നതാണ് വീഡിയോയിലുള്ളത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണം എന്നാണ് വീഡിയോക്ക് ഇസ്രായേലി പബ്ലിക് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷനായ കാന്‍ കൊടുത്തിരിക്കുന്ന വിവരണം. വംശീയ- വിദ്വേഷ പ്രേരണയാലാണ് ആക്രമണമെന്നും വാട്സ്ആപ്പ് വഴിയാണ് ആസൂത്രണം ചെയ്തതെന്നും കാന്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി 16നാണ് വീഡിയോ അപ്‍ലോഡ് ചെയ്തതെങ്കിലും സംഭവം നടന്നത് എന്നാണെന്ന് വ്യക്തമല്ല.

TAGS :

Next Story