നക്ബ ദിനത്തില്‍ ഈഫല്‍ ടവറില്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തി ആക്ടിവിസ്റ്റുകള്‍
ഗസ്സയില്‍ നടക്കുന്ന വംശഹത്യയെ കുറിച്ച് ലോകം ചര്‍ച്ചചെയ്യണമെന്നും ഫലസ്തീനെ ഓര്‍മ്മിക്കണമെന്നും ഉദ്ദേശിച്ചാണ് പതാക ഉയര്‍ത്തിയതെന്ന് ആക്ടിവിസ്റ്റുകള്‍

- Published:
16 May 2026 8:09 AM IST

പാരീസ്: ഫ്രാന്‍സിലെ ലോകപ്രശസ്തമായ ഈഫല്‍ ടവറില്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തി ആക്ടിവിസ്റ്റുകള്‍. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയില്‍ പ്രതിഷേധിച്ച് എക്സ്റ്റിങ്ഷന്‍ റിബല്ലിയന്‍ ഫ്രാന്‍സ് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് നക്ബ ദിനത്തില്‍ ഈഫല്‍ ടവറില്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തിയത്. ഇസ്രായേല്‍ എന്ന രാജ്യം 1948ല്‍ സ്ഥാപിച്ചതിന് പിന്നാലെ ഏഴുലക്ഷത്തിലേറെ ഫലസ്തീനികള്‍ കുടിയിറക്കപ്പെട്ടതിന്റെ ദുഃഖസ്മൃതിയായാണ് മെയ് 15ന് നക്ബ അഥവ, 'ദുരന്ത' ദിനം ആചരിക്കപ്പെടുന്നത്.
ഗസ്സയില്‍ നടക്കുന്ന വംശഹത്യയെ കുറിച്ച് ലോകം ചര്‍ച്ചചെയ്യണമെന്നും ഫലസ്തീനെ ഓര്‍മ്മിക്കണമെന്നും ഉദ്ദേശിച്ചാണ് പതാക ഉയര്‍ത്തിയതെന്ന് ആക്ടിവിസ്റ്റുകള്‍ വ്യക്തമാക്കി. ഒരു ജനത കൂട്ടക്കൊല ചെയ്യപ്പെടുമ്പോള്‍ ഒന്നും സംഭവിക്കുന്നില്ല എന്ന ഭാവത്തില്‍ തുടരുന്നത് അവസാനിപ്പിക്കണം. ഇതിലേ കടന്നുപോകുന്നവരും വിനോദസഞ്ചാരികളുമെല്ലാം ഫലസ്തീനെ കുറിച്ച് ഓര്‍ക്കണം, ചര്‍ച്ചചെയ്യണം -ആക്ടിവിസ്റ്റുകള്‍ പറഞ്ഞു.
ഗസ്സയില്‍ 2023 ഒക്ടോബര്‍ ഏഴിന് ശേഷം ഇസ്രായേല്‍ കൊലപ്പെടുത്തിയവരുടെ എണ്ണം 75,000 പിന്നിട്ടിരിക്കുകയാണ്. കൊല്ലപ്പെട്ടവരില്‍ 22,800 കുഞ്ഞുങ്ങളും 16,600 സ്ത്രീകളുമാണ്. ഇസ്രായേല്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തലിന് ശേഷം കൊലപ്പെടുത്തിയത് 603 പേരെയാണ്.
Adjust Story Font
16
