ഇസ്രായേലിൽ അതീവ ജാഗ്രത; മധ്യ-ഉത്തര മേഖലകളിൽ സൈറണുകള്‍ മുഴങ്ങുന്നു
ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ ലക്ഷ്യസ്ഥാനത്തെത്തിയതോടെ മധ്യ ഇസ്രായേലിലെ ജനങ്ങൾ ബങ്കറുകളിലേക്ക് മാറി

- Published:
22 March 2026 12:22 PM IST

തെല്‍ അവീവ്: മധ്യ, വടക്കൻ ഇസ്രായേലിൽ വീണ്ടും വ്യോമാക്രമണ മുന്നറിയിപ്പ് മുഴങ്ങി. ഇറാന്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് രാജ്യത്തിന്റെ മധ്യഭാഗത്തും, ലെബനനിൽ നിന്നുള്ള റോക്കറ്റ് ആക്രമണത്തെത്തുടർന്ന് വടക്കൻ മേഖലയിലുമാണ് അപായ സൂചന നൽകുന്ന സൈറണുകൾ മുഴങ്ങിയത്. ഇസ്രായേലിലെ ചാനൽ 12 ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ ലക്ഷ്യസ്ഥാനത്തെത്തിയതോടെ മധ്യ ഇസ്രായേലിലെ ജനങ്ങൾ ബങ്കറുകളിലേക്ക് മാറി. ഇതിനോടൊപ്പം തന്നെയാണ് വടക്കൻ ഇസ്രായേലിന് നേരെ ലെബനനിൽ നിന്ന് റോക്കറ്റ് ആക്രമണം ഉണ്ടായതും. മധ്യ ഇസ്രായേലിൽ ഇതുവരെ നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആംബുലൻസ് സേവന വിഭാഗം അറിയിച്ചു. എന്നാൽ വടക്കൻ മേഖലയിലുണ്ടായ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതായാണ് വിവരം.
ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ മിസൈലാക്രമണത്തില്‍ തെക്കൻ ഇസ്രായേലിലെ അറാദിലും ഡിമോണയിലുമുൾപ്പെടെ നൂറിലേറെ പേർക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ഇരുപതിലേറെ പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണ് മിസൈലുകൾ ജനവാസ മേഖലയിൽ പതിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും സൈറണുകള്‍ മുഴങ്ങിയത്.
മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ. അതേസമയം ഹോർമുസ് കടലിടുക്ക് തുറന്നു കൊടുത്തില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾ തകർക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ, കടുത്ത പ്രത്യാക്രമണ മുന്നറിയിപ്പുമായി ഇറാനും രംഗത്ത് എത്തി. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെയും സഖ്യകക്ഷികളുടെ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുമെന്നാണ് ഇറാന്റെ ഭീഷണി.
48 മണിക്കൂറിനുള്ളിൽ അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ ഇറാന്റെ പവർ പ്ലാന്റുകൾ നാമാവശേഷമാക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. എന്നാല്‍ ഇറാനിൽ നിന്ന് മാത്രം സംയമനം പ്രതീക്ഷിക്കേണ്ടെന്ന് വിദേശകാര്യ വക്താവ് ഇസ്മാഈൽ ബഖാഇ വ്യക്തമാക്കി. സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Adjust Story Font
16
