Quantcast

ട്രംപ് പറക്കുക ഇനി പുതിയ 'എയര്‍ഫോഴ്‌സ് വണ്ണി'ല്‍; ഖത്തര്‍ സമ്മാനിച്ച വിമാനം യുഎസ് വ്യോമസേനയുടെ ഭാഗം

വിമാനത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയാണ് യുഎസ് സൈന്യം പ്രസിഡൻ്റിന് ഉപയോഗിക്കാനായി ഒരുക്കിയത്

MediaOne Logo
All About Donald Trumps New Air Force One
X

വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക യാത്രാവിമാനമാണ് എയര്‍ഫോഴ്‌സ് വണ്‍. 'പറക്കും വൈറ്റ് ഹൗസ്' എന്നറിയപ്പെടുന്ന എയര്‍ഫോഴ്‌സ് വണ്‍ ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷയേറിയ വിമാനങ്ങളിലൊന്നുമാണ്. യുഎസ് പ്രസിഡന്റ് ഏത് വിമാനത്തിലാണോ സഞ്ചരിക്കുന്നത്, അതാണ് എയര്‍ഫോഴ്‌സ് വണ്‍. ഇത്തവണ ട്രംപിന് പുതിയ എയര്‍ഫോഴ്‌സ് വണ്‍ ആയി അത്യാഡംബര ബോയിങ് 747-8ഐ വിമാനം സമ്മാനമായി നല്‍കിയത് ഖത്തര്‍ ആണ്. ഈ വിമാനത്തെ യുഎസ് സൈന്യം പ്രസിഡന്റിന്റെ യാത്രകള്‍ക്കായി മാറ്റിയെടുത്തിരിക്കുകയാണ്. വിസി-25ബി ബ്രിഡ്ജ് ശ്രേണിയിലെ വിമാനമാണിത്.

400 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 3800 കോടി രൂപ) വിലവരുന്ന വിമാനമാണ് ഖത്തര്‍ ട്രംപിന് സമ്മാനമായി നല്‍കിയത്. നിലവില്‍ എയര്‍ഫോഴ്‌സ് വണ്‍ ആയി ഉപയോഗിക്കുന്ന ബോയിങ് 747-200 ബി വിമാനത്തിന് പകരമായുള്ള വിമാനം ബോയിങ് തയ്യാറാക്കുകയാണ്. ഇത് വൈകുന്ന സാഹചര്യത്തിലാണ് ഖത്തര്‍ സമ്മാനിച്ച വിമാനം പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായി ഉപയോഗിക്കുന്നത്.

വിമാനത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയാണ് യുഎസ് സൈന്യം പ്രസിഡന്റിന് ഉപയോഗിക്കാനായി തയ്യാറാക്കിയത്. വിമാനത്തിന്റെ ആഡംബര ഉള്‍വശം അതേപോലെ നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ സുരക്ഷാപരമായ നിരവധി മാറ്റങ്ങള്‍ വരുത്തി. സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് സംവിധാനം വഴിയുള്ള ഇന്റര്‍നെറ്റ് കണക്ടിവിറ്റി വഴി പ്രസിഡന്റിന് ഏത് യാത്രക്കിടയിലും ഭരണകാര്യങ്ങള്‍ തടസമില്ലാതെ നീക്കാന്‍ കഴിയും. സൈന്യത്തിന്റെ പ്രത്യേക പ്രതിരോധ-ആക്രമണ സംവിധാനങ്ങള്‍ വിമാനത്തില്‍ കൊണ്ടുവന്നു.


ആണവാക്രമണ സാഹചര്യങ്ങളിലും പ്രവര്‍ത്തനം തുടരാന്‍ സഹായിക്കുന്ന സംവിധാനങ്ങള്‍, മിസൈല്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍, ഇലക്ട്രോണിക് പ്രതിരോധ സാങ്കേതികവിദ്യകള്‍ എന്നിവയാണ് വിമാനത്തിന്റെ ഭാഗമാക്കിയത്.

പ്രസിഡന്റ് ട്രംപ് ഇന്ന് വിമാനം ഔദ്യോഗികമായി പുറത്തിറക്കുകയും വിമാനം സന്ദര്‍ശിക്കുകയും ചെയ്തു. യുഎസിന്റെ 250ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അടുത്തമാസം സൗത്ത് ഡക്കോട്ടയിലെ മൗണ്ട് റഷ്‌മോറിലേക്കുള്ള ട്രംപിന്റെ യാത്ര പുതിയ വിമാനത്തിന്റെ ഉദ്ഘാടനയാത്രയാകുമെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.

TAGS :

Next Story