അമേരിക്കൻ ജൂതർക്ക് നെതന്യാഹുവിനേക്കാൾ പ്രിയം സൊഹ്റാൻ മംദാനിയെ: സർവേ ഫലം
അസോസിയേറ്റഡ് പ്രസ്-നോർക്ക് സെൻ്റർ ഫോർ പബ്ലിക് അഫയേഴ്സ് റിസർച്ച് നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്

- Updated:
2026-07-09 05:48:40

ന്യൂയോർക്ക്: അമേരിക്കയിലെ ജൂത വിഭാഗങ്ങൾക്കിടയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനേക്കാൾ സ്വീകാര്യത ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനിക്കെന്ന് പുതിയ സർവേ റിപ്പോർട്ട്. അസോസിയേറ്റഡ് പ്രസ്-നോർക്ക് സെൻ്റർ ഫോർ പബ്ലിക് അഫയേഴ്സ് റിസർച്ച് നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ഗസ്സയിലെ യുദ്ധവും ഇസ്രായേൽ സർക്കാരിൻ്റെ നിലപാടുകളും കാരണം അമേരിക്കയിലെ യുവാക്കളായ ജൂതന്മാർക്കിടയിൽ വർധിച്ചുവരുന്ന അതൃപ്തിയാണ് ഈ സർവേ വരച്ചുകാണിക്കുന്നത്.
രാജ്യത്തുടനീളമുള്ള 1,022 അമേരിക്കൻ ജൂതന്മാരിൽ കഴിഞ്ഞ മാസം നടത്തിയ സർവേയിൽ, 44 ശതമാനം പേർ മേയർ മംദാനിയെ അനുകൂലിച്ചപ്പോൾ 39 ശതമാനം പേർ മാത്രമാണ് അദ്ദേഹത്തെ എതിർത്തത്. എന്നാൽ, വലതുപക്ഷ ഇസ്രായേൽ പ്രധാനമന്ത്രിയായ ബിന്യമിൻ നെതന്യാഹുവിന് കേവലം 32 ശതമാനം അമേരിക്കൻ ജൂതന്മാരുടെ പിന്തുണ മാത്രമേ ലഭിച്ചുള്ളൂ. 59 ശതമാനം പേർ അദ്ദേഹത്തെ പ്രതികൂലമായാണ് വിലയിരുത്തിയത്.
പൊതുവെ ജൂത സമൂഹത്തിലെ വലിയൊരു വിഭാഗവുമായി അത്ര സ്വരച്ചേർച്ചയിലല്ലാത്ത മംദാനിക്ക് ലഭിച്ച ഈ പുതിയ പിന്തുണ ഏറെ ശ്രദ്ധേയമാണ്. 2025ലെ തെരഞ്ഞെടുപ്പിൽ ജൂത വോട്ടർമാർക്കിടയിൽ മംദാനിക്ക് വലിയ പിന്തുണ ലഭിച്ചിരുന്നില്ല. മാത്രമല്ല, ഇസ്രായേലിൻ്റെ കടുത്ത വിമർശകനായ അദ്ദേഹം 'ഗ്ലോബലൈസ് ദി ഇൻ്റിഫാദ' എന്ന മുദ്രാവാക്യത്തെ തള്ളിക്കളയാൻ വിസമ്മതിച്ചതും, മാൻഹട്ടനിൽ നടന്ന ഇസ്രായേൽ പരേഡിൽ നിന്ന് വിട്ടുനിന്നതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നിരുന്നാലും, താൻ ജൂതവിഭാഗങ്ങളുടെ ആശങ്കകൾ ഗൗരവമായി കാണുന്നുണ്ടെന്നും തൻ്റെ ഇസ്രായേൽ വിമർശനം ഒരിക്കലും ജൂതവിരുദ്ധമല്ലെന്നുമാണ് അദ്ദേഹത്തിൻ്റെ നിലപാട്.
ഗസ്സയിലെയും ലെബനാനിലെയും സൈനിക നീക്കങ്ങളും, ഇറാനെതിരായ ട്രംപിൻ്റെ യുദ്ധത്തിന് നൽകുന്ന പിന്തുണയുമാണ് നെതന്യാഹുവിനോടുള്ള എതിർപ്പ് വർധിക്കാൻ പ്രധാന കാരണം. കൂടാതെ, വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ ജൂത കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളും അമേരിക്കയിലെ പുരോഗമന ചിന്താഗതിക്കാരായ ചെറുപ്പക്കാരായ ജൂതന്മാരെ ഇസ്രായേൽ സർക്കാരിൽ നിന്ന് അകറ്റുന്നുണ്ട്. പരമ്പരാഗതമായി ഡെമോക്രാറ്റിക് പാർട്ടിയോട് ചായ്വുള്ളവരാണ് ഇവർ.
ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തിയെന്ന് 30 ശതമാനം അമേരിക്കൻ ജൂതന്മാർ വിശ്വസിക്കുമ്പോൾ, പകുതിയോളം പേർ (49%) ഇതിനോട് വിയോജിക്കുന്നു. കൂടാതെ സർവേയിൽ പങ്കെടുത്ത 70 ശതമാനം അമേരിക്കൻ ജൂതന്മാരും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിച്ചവരാണ് (29 ശതമാനം പേർ മാത്രമാണ് ട്രംപിനെ അനുകൂലിച്ചത്). അമേരിക്ക ഇസ്രായേലിന് അമിതമായ പിന്തുണ നൽകുന്നുണ്ടെന്ന് 38% പേർ വിശ്വസിക്കുമ്പോൾ, ഫലസ്തീനികൾക്ക് അമേരിക്ക മതിയായ പിന്തുണ നൽകുന്നില്ലെന്ന് 43% പേർ അഭിപ്രായപ്പെട്ടു.
Adjust Story Font
16
