Quantcast

ട്രംപിനെതിരെ ആളിക്കത്തി പ്രതിഷേധം; ലണ്ടനിൽ തെരുവിലിറങ്ങിയത് ആയിരങ്ങൾ

അയ്യായിരത്തോളം ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്

MediaOne Logo

Web Desk

  • Published:

    18 Sept 2025 6:07 PM IST

Anti-Trump protesters march through London
X

ലണ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ലണ്ടനിൽ വൻ പ്രതിഷേധം. ആയിരക്കണക്കിന് ആളുകളാണ് ലണ്ടൻ നഗരത്തിൽ മാർച്ച് ചെയ്തത്. 'ട്രംപിനെ പുറത്താക്കുക', 'ട്രംപിനെ തടയുക' തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുകളും കൊടികളും പ്രതിഷേധക്കാർ ഉയർത്തിപ്പിടിച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ, ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, വിവാദ വ്യക്തിത്വമായ ആൻഡ്രൂ ടേറ്റ് എന്നിവരുടെ വേഷം ധരിച്ചും ചിലർ പ്രതിഷേധത്തിനെത്തി.

റഷ്യ- യുക്രൈൻ സംഘർഷം, ഗസ്സിയിലെ ഇസ്രായേൽ വംശഹത്യ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്ലക്കാർഡുകളും പ്രതിഷേധക്കാർ ഉയർത്തിയിരുന്നു. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനെ കുറിച്ചുള്ള പരാമർശങ്ങളും ചില പ്ലക്കാർഡുകളിൽ ഉണ്ടായിരുന്നു. എപ്സ്റ്റീനുമായി ട്രംപിന് സൗഹൃദമുണ്ടായിരുന്നു എന്നതിന്റെ തെളിവുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇത് ട്രംപ് തള്ളുകയായിരുന്നു.

ട്രംപ് എപ്സ്റ്റീന് ഒപ്പം നിൽക്കുന്ന ഫോട്ടോ പ്രദർശിപ്പിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച നാലുപേരെ അറസ്റ്റ് ചെയ്തു. എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന തങ്ങളുടെ യുഎസ് അംബാസഡറെ കഴിഞ്ഞ ആഴ്ച ബ്രിട്ടൻ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് ലണ്ടനിലെത്തിയത്.

അയ്യായിരത്തോളം ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത് എന്നാണ് പൊലീസ് പറയുന്നത്. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ 1600 പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരുന്നത്. ബ്രിട്ടൻ വിദ്വേഷത്തിനും വിഭജനത്തിനും ഏകാധിപത്യത്തിനും എതിരാണെന്ന് ലോകത്തിനും ഭരണകൂടത്തിനും കാണിച്ചുകൊടുക്കാനുള്ള ഒരു അവസരമായാണ് പ്രതിഷേധത്തെ കണ്ടതെന്ന് 'സ്റ്റോപ്പ് ട്രംപ്' കൂട്ടായ്മയുടെ വക്താവ് പറഞ്ഞു.

TAGS :

Next Story