ടെക്സസിലെ മിന്നൽ പ്രളയം: 28 കുട്ടികൾ ഉൾപ്പെടെ 78 പേർ മരിച്ചു
രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്

വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയത്തിൽ 28 കുട്ടികൾ ഉൾപ്പെടെ 78 പേർ മരിച്ചു. വെള്ളപ്പൊക്കത്തിൽ നിരവധി ആളുകളെ കാണാതായി. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ക്യാമ്പ് മിസ്റ്റിക് ഉൾപ്പെടെ നിരവധി യുവജന ക്യാമ്പുകൾ സ്ഥിതി ചെയ്യുന്ന കെർ കൗണ്ടിയിൽ മാത്രം രക്ഷാപ്രവർത്തകർ കുട്ടികളടക്കം 68 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി ഷെരീഫ് ലാറി ലീത പറഞ്ഞു. എല്ലാവരെയും കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രാവിസ്, ബർനെറ്റ്, കെൻഡൽ, ടോം ഗ്രീൻ, വില്യംസൺ കൗണ്ടികളിൽ 10 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു.
40ലധികം പേരെ ഇപ്പോഴും കാണാതായിട്ടുണ്ടെന്നും എണ്ണം വർദ്ധിച്ചേക്കാമെന്നും ടെക്സസ് അധികൃതർ പറയുന്നു. വെള്ളിയാഴ്ചത്തെ വെള്ളപ്പൊക്കത്തിൽ സാരമായി തകർന്ന പെൺകുട്ടികൾ മാത്രമുള്ള വേനൽക്കാല ക്യാമ്പായ ക്യാമ്പ് മിസ്റ്റിലെ കുട്ടികളും ജീവനക്കാരുമാണ് ഇവരിൽ പലരും. രക്ഷാപ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനായി യുഎസ് കോസ്റ്റ് ഗാർഡ് കൂടുതൽ വ്യോമസേനയെ വിന്യസിച്ചിട്ടുണ്ട്.
വെള്ളപ്പൊക്ക മേഖലയിൽ തിരച്ചിൽ നടത്തുന്നതിനും ഉയർന്ന വെള്ളക്കെട്ടിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ സഹായിക്കുന്നതിനുമായി ഹെലികോപ്റ്ററുകൾ, ബോട്ടുകൾ, ഡ്രോണുകൾ, വലിയ യന്ത്രങ്ങൾ എന്നിവ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി പ്രകാരം ഇതുവരെ 850ലധികം പേരെയാണ് രക്ഷപ്പെടുത്തിയിരിക്കുന്നത്.
Adjust Story Font
16

