ഗസ്സയിലേക്കുള്ള ബേബി ഫോര്‍മുല ഇസ്രായേല്‍ തടഞ്ഞു; നൂറുകണക്കിന് കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തില്‍
നാല് മാസത്തില്‍ അധികമായി ഗസ്സയിലേക്കുള്ള ബേബി ഫോര്‍മുല ഇസ്രായേല്‍ തടഞ്ഞിരിക്കുകയാണ്

ഖാന്‍ യൂനിസ്: ആശുപത്രികളില്‍ ബേബി ഫോര്‍മുല തീര്‍ന്നതിനാല്‍ ഗാസയിലെ നൂറുകണക്കിന് കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തില്‍. ഇസ്രായേല്‍ ഉപരോധത്തെ തുടര്‍ന്ന് ബേബി ഫോര്‍മുല തീര്‍ന്നതിനാല്‍ കുഞ്ഞുങ്ങളുടെ ജീവന്‍ ആപത്താണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.
നാല് മാസത്തില്‍ അധികമായി ഗാസയിലേക്കുള്ള ബേബി ഫോര്‍മുല ഇസ്രായേല്‍ തടഞ്ഞിട്ടുണ്ടെന്ന് ഖാന്‍ യൂനിസിലെ നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സിലെ പീഡിയാട്രീക് ആന്‍ഡ് മെറ്റേണിറ്റി ഡയറക്ടര്‍ ഡോക്ടര്‍ അഹമ്മദ് അല്‍ഫറ പറഞ്ഞു. ഹോസ്പിറ്റലുകളിലേക്കുള്ളത് മാത്രമല്ല മാര്‍ക്കറ്റുകളിലേക്കുള്ള ബേബി ഫോര്‍മുലയും ഇസ്രായേല്‍ തടഞ്ഞിരിക്കുകയാണ്. അന്താരാഷ്ട്ര സംഘടനകളും നിരോധനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ആശുപത്രിയില്‍ ഏകദേശം 25 കുഞ്ഞുങ്ങള്‍ ഫോര്‍മുല 1ന്റെയും ഫോര്‍മുല 2ന്റെയും ലഭ്യത കുറവുമൂലം ബുദ്ധിമുട്ടുന്നുണ്ടെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. മാസം തികയാതെ ജനിച്ചു വീണ കുഞ്ഞുങ്ങള്‍ക്ക് അതിജീവിക്കാന്‍ പ്രത്യേക പാലും ആശുപത്രിയില്‍ ഇല്ല. ബേബി ഫോര്‍മുല ഗാസയിലേക്ക് എത്തിക്കുന്നതിന് ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട കക്ഷികളില്‍ സമ്മര്‍ദ്ദം ചെലുത്തി. പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ 48 മണിക്കൂറുകള്‍ക്ക് ഉള്ളില്‍ മാസം തികയാത്ത കുഞ്ഞുങ്ങള്‍ക്കും നവജാത ശിശുക്കള്‍ക്കും ജീവന്‍ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പും അടിയന്തര അപ്പീലും നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു.
ആശുപത്രി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചത്. ഗാസയിലെ കുട്ടികള്‍ നേരിടുന്ന പോഷകാഹാര പ്രതിസന്ധിയെക്കുറിച്ച് നേരത്തെ യുണൈറ്റഡ് നാഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആറ് മാസം പ്രായമുള്ള ഏകദേശം പതിനായിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം ആവശ്യമാണെന്ന് സംഘടന സ്ഥിരീകരിച്ചു. കുട്ടികളുടെ ജീവന്‍ ഗുരുതരാവസ്ഥയിലാണെന്ന് സംഘടന മുന്നറിപ്പ് നല്‍കിയതാണ്.
Adjust Story Font
16

