Quantcast

രണ്ട് വർഷം:​ ഗസ്സ യുദ്ധം ഇസ്രായേലിന് സമ്മാനിച്ചത് സമാനതകളില്ലാത്ത തിരിച്ചടികൾ, നഷ്ടങ്ങൾ, ഒറ്റപ്പെടൽ; ഭാവിയെന്ത്...?

യുദ്ധം രണ്ട് വർഷം പൂർത്തിയാവുന്ന സാഹചര്യത്തിൽ ഇസ്രായേൽ പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം 1,152 ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇതുവരെ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതുകൂടാതെ രാഷ്ട്രീയ- സാമ്പത്തിക-സാമൂഹിക തിരിച്ചടികൾ വേറെ...

MediaOne Logo
Backlash to Israel in Past Two Years After October 7 and their Future
X

ഗസ്സയിൽ പതിറ്റാണ്ടുകൾ നീണ്ട അധിനിവേശത്തിന്റെ തുടർച്ചയായി കഴിഞ്ഞ 729 ദിവസമായി ലോകമനഃസാക്ഷിയെ കണ്ണീരണിയിക്കുംവിധം വംശഹത്യ തുടരുകയാണ് ഇസ്രായേൽ. രണ്ട് വെടിനിർത്തലുകളും നിരവധി യുദ്ധവിരാമ ചർച്ചകളും യുഎൻ അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളുടെ ഇടപെടലുകളും ലോകരാഷ്ട്രങ്ങളുടെയും വിവിധ ഏജൻസികളുടേയും എതിർപ്പുകളും ഉണ്ടായെങ്കിലും അതിനൊക്കെ പുല്ലുവില നൽകിയാണ് ഇസ്രായേൽ സമാനതകളില്ലാത്ത കൊടുംക്രൂരത ആവർത്തിക്കുന്നത്. ഗസ്സ കീഴടക്കുക, ​ഫലസ്തീനികളെ കൂട്ടത്തോടെ ക്യാംപുകളില്‍ പാര്‍പ്പിക്കുക, ഹമാസിനെ നശിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക, ഹമാസ് ഇനി ഇസ്രായേലിന് ഭീഷണിയല്ലെന്ന് ഉറപ്പാക്കുക എന്നിങ്ങനെ ഇസ്രായേലിന്റെ പ്രഖ്യാപിത ​ലക്ഷ്യങ്ങളൊന്നും ഈ ​രണ്ട് വർഷം നീണ്ട കൂട്ടക്കൊലയിലൂടെ നേടാനായിട്ടില്ലെന്നത് യാഥാർഥ്യം. ​

​ഗസ്സയിൽ 67,000ലേറെ പേരെ കൊന്നൊടുക്കുകയും ആശുപത്രികളും വീടുകളും താമസകെട്ടിടങ്ങളും ഉൾപ്പെടെ തകർക്കുകയും ചെയ്തെങ്കിലും രണ്ട് വർഷം കൊണ്ട് ഇസ്രായേലിനുണ്ടായത് നേട്ടങ്ങളല്ല, മറിച്ച് രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും മാനുഷികവുമുൾപ്പെൾപ്പെടെയുള്ള വിവിധ മേഖലകളിലെ എണ്ണിയാൽ തീരാത്ത നഷ്ടങ്ങളാണ്. സ്വന്തം ജനത തന്നെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ തെരുവിലിറങ്ങി എന്നതാണ് ശ്രദ്ധേയമായ കാര്യം. ആ പ്രതിഷേധം തലസ്ഥാന ന​ഗരത്തിലുൾപ്പെടെ ഇപ്പോഴും തുടുരുന്നു. ഇതുൾപ്പെടെ രണ്ട് വർഷമായി തുടരുന്ന വംശഹത്യാ കാലയളവിൽ ഇസ്രായേലിന് എന്തൊക്കെ സംഭവിച്ചു, തിരിച്ചടികൾ എന്തൊക്കെ, നെതന്യാഹുവിന്റെ ഭാവിയെന്ത് എന്ന് പരിശോധിക്കാം.

കൊല്ലപ്പെട്ടത് ആയിരത്തിലേറെ പട്ടാളക്കാർ, മാനസികാരോ​ഗ്യപ്രശ്നങ്ങൾ; സൈനിക മേഖലയിലെ പ്രശ്നങ്ങൾ

പതിറ്റാണ്ടുകളായി ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിന് തിരിച്ചടിയെന്നോണം 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത് 390 ഇസ്രായേൽ സൈനികരാണ്. യുദ്ധം രണ്ട് വർഷം പൂർത്തിയാവുന്ന സാഹചര്യത്തിൽ ഇസ്രായേൽ പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം 1,152 ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇതുവരെ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവരിൽ 42 ശതമാനം പേർ അതായത് 487 പേർ 21 വയസിന് താഴെയുള്ളവരാണെന്നും 337 പേർ 22നും 30നും ഇടയിൽ പ്രായമുള്ളവരാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ആകെ കൊല്ലപ്പെട്ട സൈനികരിൽ 1,086 പേർ പുരുഷന്മാരും 66 പേർ സ്ത്രീകളുമാണ്. കേണൽമാർ ഉൾപ്പെടെയുള്ള നിരവധി ഉന്നത ഉ​ദ്യോ​ഗസ്ഥരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. സൈനിക മേഖലയിലെ തിരിച്ചടിയാണ് ഒരു രാജ്യത്തെ സംബന്ധിച്ച് ഏറ്റവും വലിയ പ്രതിസന്ധിയെന്നിരിക്കെ ഇസ്രായേലിനുണ്ടാക്കിയ നഷ്ടം ചെറുതല്ലെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകൾ.

Photo| Times Of Israel

മാത്രമല്ല, ഇതുവരെ 19,000ലേറെ ഇസ്രായേലി സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ നിരവധി പേരുടെ സ്ഥിതി ​ഗുരുതരമാണ്. സൈനികർ നേരിടുന്ന മറ്റൊരു പ്രശ്നം യുദ്ധം മൂലമുള്ള മാനസിക സംഘർഷവും വിഷാദവുമാണ്. ഇസ്രായേലിലെ യെദിയോത്ത് അഹ്രോനോത്ത് ദിനപത്രത്തിന്റെ കഴിഞ്ഞ ജൂലൈ അവസാനവാരത്തിലെ റിപ്പോർട്ട് പ്രകാരം 10,000ത്തിലധികം ഇസ്രായേലി സൈനികർ മാനസികാരോഗ്യ പ്രശ്‌നങ്ങൾ അനുഭവിച്ചുവരുന്നു. ഇതിൽ 3,679 പേർക്ക് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ ഉണ്ടെന്നും കണ്ടെത്തി. 2024ൽ മാത്രം 9,000 സൈനികർ ഉത്കണ്ഠ, ക്രമീകരണ വൈകല്യങ്ങൾ, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ, വിഷാദം എന്നിവയുൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങൾ തിരിച്ചറിയാനായി അപേക്ഷകൾ സമർപ്പിച്ചതായും പത്രം വ്യക്തമാക്കി.

Photo| Special Arrangement

2024 ഫെബ്രുവരിയിൽ ഐഡിഎഫ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഏകദേശം 3,000 സൈനികരെ പരിശോധിച്ചു. മാനസിക സമ്മർദവും ജോലി സമ്മർദവും മൂലം 50ലേറെ ഇസ്രായേൽ സൈനികർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന കണക്കുകളും പുറത്തുവന്നിരുന്നു. യുദ്ധം ആരംഭിച്ച് ഒരു വർഷത്തിനുശേഷം സൈനികരുടെ ആത്മഹത്യയിൽ ഗണ്യമായ വർധനയുണ്ടായി. മെഡിക്കൽ, മാനസികാരോഗ്യ ഉദ്യോഗസ്ഥർ തങ്ങൾക്ക് ആവശ്യമായ പരിചരണം നൽകുന്നില്ലെന്ന പരാതിയും പല സൈനികരും ഉയർത്തിയിരുന്നു. തങ്ങൾ കടുത്ത മാനസികപീഡനമാണ് നേരിടുന്നതെന്ന് സൈനികർ തന്നെ വെളിപ്പെടുത്തിയിരുന്നു.

ഗസ്സയ്ക്കെതിരായ ആക്രമണത്തിൽ നെതന്യാഹുവിന്റെ ​ഗീർവാണങ്ങൾ തുടരുന്നതിനിടെ, 2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിന്‍റെ ഉത്തരവാദിത്തമേറ്റെടുത്ത് ഇസ്രായേൽ സൈനിക മേധാവി ഹെർസി ഹലേവി രാജിവച്ചതായിരുന്നു മറ്റൊരു തിരിച്ചടി. ​ഇദ്ദേഹത്തോടൊപ്പം സൈന്യത്തിന്‍റെ ദക്ഷിണ കമാൻഡ് മേധാവി യാരോൺ ഫിൻകെൽമാനും രാജി വച്ചു. "ഇസ്രായേൽ പൗരന്മാരെ സംരക്ഷിക്കാനുള്ള ദൗത്യത്തിൽ പരാജയപ്പെട്ടു" എന്ന് പ്രതിരോധ മന്ത്രിക്ക് അയച്ച കത്തിൽ ലെഫ്. ജനറൽ ഹെർസി ഹലേവി സമ്മതിക്കുകയും ചെയ്തു. ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ ഗസ്സയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് 15 മാസവും രണ്ടാം വെടിനിർത്തൽ പ്രഖ്യാപിച്ച് രണ്ട് ദിവസവും പിന്നിടുമ്പോഴായിരുന്നു സൈനിക മേധാവിയുടെ രാജി.

Photo| Anadolu Ajansı

സാമ്പത്തിക പ്രതിസന്ധിയിൽ ഉലഞ്ഞ് ഇസ്രായേൽ

​ഗസ്സയ്ക്കെതിരായ യുദ്ധം മൂലം ഇസ്രായേൽ കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഗസ്സയിലെ വംശഹത്യാ യുദ്ധത്തിന്റെ ഫലമായി ഇസ്രായേലിന് 67 ബില്യൺ ഡോളറിന്റെ നഷ്ടം സംഭവിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിൽ സൈനികമേഖലയിലെ നഷ്ടം 34 ബില്യൺ ഡോളറാണ്. കൂടാതെ പൊതുബജറ്റിലും വലിയ നഷ്ടമാണ് സംഭവിച്ചത്. അധിനിവേശ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണിത്. യുദ്ധത്തെ തുടർന്ന് ഇസ്രായേലിൽ കഴിഞ്ഞ വർഷം ഏകദേശം 60,000 കമ്പനികൾ അടച്ചുപൂട്ടി. 2023നെ അപേക്ഷിച്ച് 50 ശതമാനം കൂടുതലാണിത്. വിനോദസഞ്ചാരികളുടെ എണ്ണം 70 ശതമാനം കുറഞ്ഞു. ഇതോടെ ടൂറിസം മേഖലയ്ക്ക് അഞ്ച് ബില്യൺ ഡോളറിലധികം നഷ്ടമുണ്ടായി. നിർമാണ മേഖലയ്ക്ക് നാല് ബില്യൺ ഡോളറിന്റെ നഷ്ടമാണുണ്ടായത്. ഈ മേഖലയിലെ 70ലധികം കമ്പനികൾ അടച്ചുപൂട്ടുകയും ചെയ്തു.

Photo| Special Arrangement

2023 ഒക്ടോബർ ഏഴിന് ശേഷം ഏകദേശം 34.09 ബില്യൺ ഡോളർ സാമ്പത്തിക നഷ്ടമുണ്ടായതായി ഇസ്രായേലി ധനകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഗസ്സയിലെയും ലെബനനിലെയും യുദ്ധങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട ചെലവുകളിലെ വർധനയാണ് ഇതിന് കാരണം. ഡിസംബറിൽ 5.2 ബില്യൺ ഡോളറിന്റെ ബജറ്റ് കമ്മിയാണ് രേഖപ്പെടുത്തിയത്. അതേസമയം, ഈ കണക്കുകൾ യുദ്ധത്തിന്റെ നേരിട്ടുള്ള ചെലവുകൾ മാത്രമാണ്. മറ്റു സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങൾ വേറെയും സംഭവിച്ചിട്ടുണ്ട്. ജിഡിപി കുറഞ്ഞു, സ്വകാര്യ നിക്ഷേപം 12 ശതമാനത്തിൽ താഴെയായി, സമ്പദ്‌വ്യവസ്ഥ 20 ശതമാനം ചുരുങ്ങി. ഇറക്കുമതി 42 ശതമാനം കുറഞ്ഞു, കയറ്റുമതി 18 ശതമാനം കുറഞ്ഞു എന്നതും യുദ്ധത്തിന്റെ അനന്തരഫലങ്ങളാണ്.

ഇസ്രായേലിലെ ആഭ്യന്തര പ്രശ്നങ്ങൾ

​ഗസ്സയിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലിൽ കനത്ത ആഭ്യന്തര പ്രശ്നങ്ങളാണ് നിലനിൽക്കുന്നത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നയങ്ങളുടെ ഫലമായി ഇസ്രായേൽ തകർച്ചയുടെ വക്കിലാണെന്ന് മുൻ പാർലമെന്റ് അംഗം തന്നെ വ്യക്തമാക്കിയിരുന്നു. വളരെ ആഴത്തിലുള്ള ഭരണഘടനാ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. മുഴുവൻ ഭരണകൂടത്തിന്റെയും തകർച്ചയ്ക്ക് സാധ്യതയുണ്ടെന്നും നെസറ്റ് മുൻ അംഗം മോഷെ റാസ് പറഞ്ഞിരുന്നു. ഇപ്പോൾ നടക്കുന്ന അത്രയും ശക്തമായ പ്രതിഷേധങ്ങൾ ഇതിന് മുൻപ് ഒരിക്കലും ഇസ്രായേൽ അഭിമുഖീകരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Photo| Special Arrangement

നെതന്യാഹുവിനെതിരെ മന്ത്രിമാർ തന്നെ രം​ഗത്തുവരുന്ന സാഹചര്യവുമുണ്ടായി. ഹമാസിനെ സമ്പൂർണമായി പരാജയപ്പെടുത്തുമെന്ന് അവകാശപ്പെടുന്നവർ സത്യം പറയുന്നില്ലെന്ന് മന്ത്രി ഗാഡി ഐസെൻകോട്ട് വെളിപ്പെടുത്തിയിരുന്നു. നെതന്യാഹുവിന്റെ കടുത്ത വിമർശകനായ അറ്റോർണി ജനറൽ ഗാലി ബഹാറവ്-മിയാരയെ പിരിച്ചുവിടാനുള്ള ഇസ്രായേൽ മന്ത്രിസഭയുടെ നീക്കം ഇസ്രായേലി ഹൈക്കോടതി തടഞ്ഞിരുന്നു. ഹമാസിനെ പൂര്‍ണമായും കീഴടക്കാനോ ബന്ദികളെ മോചിപ്പിക്കാനോ കഴിയാതെ വന്നതോടെ ഇസ്രായേൽ യുദ്ധ ക്യാബിനറ്റിലും ഭിന്നത രൂക്ഷമായി. മുന്‍ പ്രതിരോധ മന്ത്രിയും മുന്‍ ആര്‍മി ജനറലുമായ ബെന്നി ഗാന്റ്‌സും സഖ്യകക്ഷി നേതാവും മന്ത്രിയുമായ ഗാഡി ഐസെന്‍കോട്ടും യുദ്ധകാല മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. ഇതേ തുടർന്ന് നെതന്യാഹു യുദ്ധ ക്യാബിനറ്റ് പിരിച്ചുവിടുന്ന സ്ഥിതിയുമുണ്ടായി.

നെതന്യാഹുവിനെതിരെ ബന്ദികളുടെ ബന്ധുക്കളുടെ പ്രതിഷേധം

ബന്ദികളെ മോചിപ്പിക്കാനാവാത്തതിനെതിരെ ​​ഗസ്സ യുദ്ധം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടതുമുതൽ തെൽഅവീവിലടക്കം വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഗസ്സ യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നും ശേഷിക്കുന്ന ബന്ദികളെ തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് പേരാണ് ഓരോ പ്രതിഷേധത്തിലും അണിനിരന്നത്. റിസർവ് സൈനികരിൽ ചിലരും റാലിയിൽ പങ്കെടുത്തതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നെതന്യാഹുവിന്റെ വസതിയിലേക്കും പ്രതിഷേധമാർച്ചുണ്ടായി. കഴിഞ്ഞദിവസവും തെൽ അവീവിൽ പതിനായിരങ്ങൾ പങ്കെടുത്ത കൂറ്റൻ റാലി നടന്നു. ബന്ദികളെ കൊലയ്ക്ക് കൊടുക്കാൻ നെതന്യാഹുവിനെ അനുവദിക്കില്ലെന്ന് പ്രക്ഷോഭകർ ഓർമിപ്പിച്ചു.

Photo| Anadolu Ajansı

ഹോസ്റ്റേജസ് ആൻഡ് മിസ്സിങ് ഫാമിലീസ് ഫോറത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ഗസ്സയിൽ ഇസ്രായേൽ ആക്രമണം വീണ്ടും ശക്തമാക്കുകയും ഉപരോധം കടുപ്പിക്കുകയും ചെയ്തതോടെ തങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് പറയുന്ന ബന്ദികളുടെ വിഡിയോയും നേരത്തെ പുറത്തുവന്നിരുന്നു. നെതന്യാഹു നിലവിൽ തന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്കും അധികാരത്തിലുള്ള പിടി നിലനിർത്താനുമായി ഗസ്സയിൽ വീണ്ടും യുദ്ധം തുടരുന്നതിൽ ഉറച്ചുനിൽക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ലക്ഷ്യങ്ങൾ നേടുന്നതിൽ ഇസ്രായേൽ പരാജയപ്പെട്ടെന്ന് ഇസ്രായേൽ മുൻ റിസർവ് ജനറൽ ഇറ്റ്സാക് ബ്രിക്ക് വ്യക്തമാക്കിയിരുന്നു. ഇസ്രായേലിലെ ഫലസ്തീൻ തടവുകാരെ വിട്ടയച്ചും വെടിനിർത്തൽ പ്രഖ്യാപിച്ചും ബന്ദി മോചനം സാധ്യമാക്കണമെന്നും ഇറ്റ്സാക് ബ്രിക്ക് പറഞ്ഞിരുന്നു.

Reuters

യുദ്ധക്കുറ്റകൃത്യങ്ങൾ ആരോപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രിക്കുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതും ഇസ്രായേലിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ ചുമത്തിയിട്ടുണ്ടെന്ന് നവംബറിൽ കോടതി വ്യക്തമാക്കിയിരുന്നു.

ഇനിയെന്ത്...?

ഗസ്സയിൽ വംശഹത്യാ യുദ്ധം തുടരുന്ന സാഹചര്യത്തിൽ പലവിധത്തിലും തിരിച്ചടികൾ നേരിട്ട ഇസ്രായേലിന്റെയും നെതന്യാഹുവിന്റേയും ഇനി മുന്നോട്ടുള്ള പോക്ക് എങ്ങനെയെന്നതാണ് ഉയരുന്ന ചോദ്യം. ​ഗസ്സയിൽ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ ലോകത്ത് ഇസ്രായേൽ ഒറ്റപ്പെടൽ നേരിടുകയാണെന്ന് നെതന്യാഹു തന്നെ സമ്മതിച്ചിരുന്നു. ഇത് രണ്ട് വർഷം നീണ്ട ​ഗസ്സ യുദ്ധത്തിൽ സയണിസ്റ്റ് രാഷ്ട്രം നന്നേ വിയർത്തുവെന്ന് വ്യക്തമാക്കുന്നതാണ്. നെതന്യാഹുവിന്റെയും അദ്ദേഹത്തിൻ്റെ സർക്കാരിന്റെയും തെറ്റായ നയങ്ങളുടെ ഫലമായാണ് ഇസ്രായേൽ ഒറ്റപ്പെട്ടതെന്നാണ് പ്രസ്താവനയോട് പ്രതിപക്ഷ നേതാവ് യായർ ലാപിഡ് പ്രതികരിച്ചത്.

സ്വതന്ത്ര ഫലസ്തീനെ പിന്തുണച്ച് യുകെ, കാനഡ, ബ്രസീൽ, ഫ്രാൻസ്, ചൈന, റഷ്യ, ആസ്ട്രേലിയ ഉൾപ്പെടെ ജി20യിലെ ഭൂരിഭാ​ഗം രാജ്യങ്ങളും രം​ഗത്തെത്തിയതും ഇതേ നിലപാട് ഇവരുൾപ്പെടെ യുഎൻ ജനറൽ അസംബ്ലിയിൽ ആവർത്തിക്കുകയും ചെയ്തത് ഇസ്രായേലിനെ സംബന്ധിച്ച് തിരിച്ചടിയാണ്. യുഎന്നിലെ 193 അംഗരാജ്യങ്ങളിൽ 157 എണ്ണവും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ട്. യുഎസ് ഉൾപ്പെടെ വിരലിൽ എണ്ണാവുന്ന രാജ്യങ്ങൾ മാത്രമാണ് ഇസ്രായേലിനെ അനുകൂലിച്ചത്. ഗസ്സയ്ക്ക് സഹായവുമായി പുറപ്പെട്ട ​ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയിലെ ബോട്ടുകൾ പിടിച്ചെടുക്കുകയും സ്വിഡീഷ് പരിസ്ഥിതി പ്രവർത്തക ​ഗ്രേറ്റ തുൻബെർ​ഗ് ഉൾപ്പെടെയുള്ള 500 ആക്ടിവിസ്റ്റുകളെ തടവിലാക്കുകയും ചെയ്ത ഇസ്രായേൽ നടപടിക്കെതിരെയും ആ​ഗോള പ്രതിഷേധം ശക്തമായിരിക്കെ തികച്ചും ഒറ്റപ്പെട്ടിരിക്കുകയാണ് ഇസ്രായേൽ.

യുഎൻ ജനറൽ അസംബ്ലി Photo| Anadolu Ajansı

ചുരുക്കിപ്പറഞ്ഞാൽ ശക്തരായ രാജ്യങ്ങളിൽ യുഎസിന്റെ പിന്തുണ മാത്രമാണ് ഇസ്രായേലിനുള്ളതെന്ന് പറയാം. മാത്രമല്ല, യുദ്ധത്തിന്റെ സാമ്പത്തിക നഷ്ട മൂലം അടുത്ത ദശകത്തിൽ ഇസ്രായേലിന് ഏകദേശം 400 ബില്യൺ ഡോളറിന്റെ സാമ്പത്തിക പ്രവർത്തനങ്ങൾ നഷ്ടപ്പെട്ടേക്കാമെന്നാണ് റിപ്പോർട്ടുകൾ. ഇത് ഇസ്രായേലിന്റെ സാമ്പത്തിക ഭാവിക്ക് ഭീഷണിയാണ്. നിലവിൽ 20 ഇനി പദ്ധതികളുമായി ട്രംപ് മുന്നോട്ടുവന്നിരിക്കെ ​ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാൻ കടുത്ത സമ്മർദമാണ് നെതന്യാഹുവിന് മുന്നിലുള്ളത്. ​

യുകെ, സ്പെയിൻ, ഇറ്റലി, പോർച്ചു​ഗൽ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലും ഇസ്രായേലിനെതിരെ വൻ പ്രക്ഷോഭമാണ് അരങ്ങേറുന്നത്. ഇസ്രായേലിനെതിരെ ഉപരോധമുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകണമെന്ന ആവശ്യവും നെതന്യാഹുവിന്റെ തലയ്ക്ക് മുകളിലുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അറസ്റ്റ് വാറന്റും അന്താരാഷ്ട്ര സമൂഹത്തിന്റെയാകെ എതിർപ്പും ലോകമാകെ പടരുന്ന ഫലസ്തീൻ ഐക്യദാർഢ്യവും പ്രതിഷേധവുമെല്ലാം നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. എന്നാൽ ഇനിയും കൂട്ടക്കൊലയും കര-വ്യോമാക്രമണവും തുടരുകയാണെങ്കിൽ താങ്ങാനാവാത്ത തിരിച്ചടികളാണ് ഇസ്രായേലിനെയും നെതന്യാഹുവിനേയും കാത്തിരിക്കുന്നതെന്നാണ് ഇതുവരെയുള്ള സംഭവവികാസങ്ങൾ തെളിയിക്കുന്നത്.

TAGS :

Next Story