Quantcast

അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നെന്ന് പരാതിയുമായി യുവതി; എക്സിന് കനത്ത പിഴ ചുമത്തി ബെൽജിയൻ കോടതി

ശതകോടീശ്വരനായ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സിനെതിരെ നേരത്തെയും ​ഗുരുതരമായ ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു

MediaOne Logo

Web Desk

  • Updated:

    2026-04-04 05:34:07.0

Published:

4 April 2026 11:03 AM IST

അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നെന്ന് പരാതിയുമായി യുവതി; എക്സിന് കനത്ത പിഴ ചുമത്തി ബെൽജിയൻ കോടതി
X

ബ്രസൽസ്: അശ്ലീലച്ചുവയുള്ള ഉള്ളടക്കങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചുവെന്ന കേസിൽ യുഎസ് അധീനതയിലുള്ള സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്സിന് കൂറ്റൻ പിഴ. ബലാത്സം​ഗദൃശ്യങ്ങളടക്കം അശ്ലീലമായ ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നതിൽ ബെൽജിയം ക്രിമിനൽ കോടതിയാണ് ഇന്നലെ പിഴ ചുമത്തിയത്. 24,000 യൂറോ അഥവാ 21 ലക്ഷം രൂപയാണ് പിഴയിട്ടത്. കോടതിവിധിക്കെതിരെ കമ്പനി അപ്പീൽ നൽകിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2020-ൽ ബെൽജിയൻ യുവതിക്കെതിരെ സംഘംചേർന്ന് ലൈം​ഗികാതിക്രമം നടത്തിയതിന്റെ ആറ് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിലാണ് നടപടി. ഈ ദൃശ്യത്തെ മറ്റ് ക്ലിപ്പുകളുമായി കൂട്ടിച്ചേർത്ത് ദൈർഘ്യമുള്ള രീതിയിലാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. വീഡിയോ വൻതോതിൽ പ്രചരിക്കുന്നുണ്ടെന്ന് മനസിലാക്കിയതിന് പിന്നാലെ ഇരയാക്കപ്പെട്ട യുവതി നൽകിയ പരാതിയിലാണ് കോടതി ശിക്ഷ വിധിച്ചത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പ്ലാറ്റ്ഫോമിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു.

കമ്പനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കപ്പെടുന്നുവെന്ന് പറയുന്ന ദൃശ്യങ്ങൾ അശ്ലീലച്ചുവയുള്ളതായിരുന്നില്ലെന്നും എക്സ് പ്രതികരിച്ചു. അനുവാദം കൂടാതെ ദൃശ്യങ്ങൾ പകർത്തിയെന്നും പ്രചരിപ്പിച്ചുവെന്നുമുള്ള വാദങ്ങൾക്ക് തെളിവുകളുടെ പിൻബലമില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.

ശതകോടീശ്വരനായ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സിനെതിരെ നേരത്തെയും ​ഗുരുതരമായ ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു. ഡീപ്പ് ഫേക്ക് ഉപയോ​ഗപ്പെടുത്തി വ്യക്തികളുടെ അനുവാദമില്ലാതെ കുട്ടികളുടെയടക്കം ചിത്രങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കാൻ സഹായിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ​ഗ്രാക്കിനെതിരെയും അടുത്തിടെ വ്യാപകമായ വിമർശനങ്ങളാണ് ഉയർന്നുവന്നത്.

TAGS :

Next Story