Quantcast

ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനും ഇസ്രായേലിനെതിരെ ഉപരോധം ഏർപ്പെടുത്താനും തയ്യാറെടുത്ത് ബെൽജിയം

ഈ മാസം അവസാനം നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ബെൽജിയൻ വിദേശകാര്യ മന്ത്രി മാക്സിം പ്രെവോട്ട് പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Published:

    3 Sept 2025 9:16 AM IST

ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനും ഇസ്രായേലിനെതിരെ ഉപരോധം ഏർപ്പെടുത്താനും തയ്യാറെടുത്ത് ബെൽജിയം
X

ബ്രസൽസ്: ഈ മാസം അവസാനം നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ബെൽജിയൻ വിദേശകാര്യ മന്ത്രി മാക്സിം പ്രെവോട്ട്. കൂടാതെ ഗസ്സയിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയുടെ പേരിൽ ഇസ്രായേലിനെതിരെ കർശന ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും.

'ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ ഫലസ്തീൻ രാഷ്ട്രത്തെ ബെൽജിയം അംഗീകരിക്കും! ഇസ്രായേൽ സർക്കാരിനെതിരെ ശക്തമായ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും.' ഉപപ്രധാനമന്ത്രി കൂടിയായ മാക്സിം പ്രെവോട്ട് ചൊവ്വാഴ്ച എക്‌സിൽ കുറിച്ചു. ബെൽജിയത്തിൽ നിന്ന് ഇസ്രായേൽ 12 ഉപരോധങ്ങൾ നേരിടേണ്ടിവരുമെന്നും പ്രെവോട്ട് കൂട്ടിച്ചേർത്തു.

അനധികൃത ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുക, ഇസ്രായേൽ കമ്പനികളുമായുള്ള പൊതു സംഭരണ ​​നയങ്ങൾ അവലോകനം ചെയ്യുക, രണ്ട് ഇസ്രായേലി മന്ത്രിമാരെ ബെൽജിയത്തിൽ പേഴ്‌സണ നോൺ ഗ്രാറ്റ ആയി പ്രഖ്യാപിക്കുക എന്നിവയുൾപ്പെടെയുള്ള നിർദ്ദേശങ്ങളാണ് ഉപരോധങ്ങളിൽ ഉൾപ്പെടുന്നത്. 'ഫലസ്തീനിൽ പ്രത്യേകിച്ച് ഗസ്സയിൽ വികസിച്ചുകൊണ്ടിരിക്കുന്ന മാനുഷിക ദുരന്തത്തിന്റെ വെളിച്ചത്തിലാണ്' ബെൽജിയം ഈ പ്രതിജ്ഞ എടുക്കുന്നതെന്ന് ബെൽജിയത്തിലെ സെൻട്രിസ്റ്റ് ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടി അംഗമായ മാക്സിം പ്രെവോട്ട് കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 22 ന് നടക്കുന്ന യുഎൻജിഎ സമ്മേളനത്തിനിടെ ഫ്രാൻസും സൗദി അറേബ്യയും ചേർന്ന് ഫലസ്തീൻ അംഗീകാരത്തെക്കുറിച്ചുള്ള യോഗം സംഘടിപ്പിക്കും. ജൂലൈ അവസാനം യുഎൻജിഎയ്ക്കായി ലോക നേതാക്കൾ യോഗം ചേരുമ്പോൾ ഫ്രാൻസ് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഓസ്‌ട്രേലിയ, കാനഡ, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളും ഈ മാസം ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ പദ്ധതിയിടുന്നതായി അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലിൽ പുറത്തിവിട്ട കണക്കനുസരിച്ച് ഐക്യരാഷ്ട്രസഭയിലെ 75 ശതമാനം അംഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന ഏകദേശം 147 രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചിരുന്നു. ഗസ്സയിൽ ഇസ്രായേൽ നടത്തിയ വംശഹത്യയിൽ 60,000-ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് അംഗീകാര തീരുമാനങ്ങൾ വരുന്നത്. ഈ സാഹചര്യത്തിലും ഗസ്സയിലേക്ക് സഹായങ്ങൾ എത്തിക്കുന്നതിന് ഉപരോധം തുടരുകയാണ്.



TAGS :

Next Story