ലിബിയയിൽ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പെടെ 53 പേരെ കടലിൽ കാണാതായി
55 യാത്രികരുണ്ടായിരുന്ന ബോട്ടിൽ നിന്ന് രക്ഷപ്പെട്ട രണ്ടുപേർക്ക് വൈദ്യസഹായം ഉറപ്പാക്കി

- Published:
9 Feb 2026 5:04 PM IST

ട്രിപ്പോളി: ലിബിയൻ തീരത്ത് നിന്ന് ഡസൻ കണക്കിന് ആളുകളുമായി പുറപ്പെട്ട റബ്ബർ ബോട്ട് മറിഞ്ഞ് രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പെടെ 53 പേരെ കടലിൽ കാണാതായി. വടക്കുപടിഞ്ഞാറൻ ലിബിയയിലെ തീരദേശ നഗരമായ സുവാരയുടെ വടക്ക് ഭാഗത്താണ് കപ്പൽ മറിഞ്ഞതെന്ന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) പ്രസ്താവനയിൽ പറയുന്നു.
55 യാത്രികരുണ്ടായിരുന്ന ബോട്ടിൽ നിന്ന് രക്ഷപ്പെട്ട രണ്ടുപേർക്ക് വൈദ്യസഹായം ഉറപ്പാക്കിയതായും ഐഒഎമ്മുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ബോട്ടിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികളും കുടിയേറ്റക്കാരുമാണ് ഉണ്ടായിരുന്നതെന്ന് അതിജീവിച്ചവരുടെ മൊഴി ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
ഫെബ്രുവരി 5ന് രാത്രി 11 മണിയോടെ വടക്കുപടിഞ്ഞാറൻ ലിബിയയിലെ സാവിയയിൽ നിന്ന് പുറപ്പെട്ട ബോട്ട് ഏകദേശം ആറ് മണിക്കൂറിനുശേഷം മറിഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഐഒഎമ്മിന്റെ മിസിങ് മൈഗ്രന്റ്‌സ് പ്രോജക്റ്റ് അനുസരിച്ച് 2025ൽ അപകടകരമായ സെൻട്രൽ മെഡിറ്ററേനിയൻ റൂട്ടിൽ 1,300ലധികം ആളുകളെ കാണാതായിട്ടുണ്ട്.
2026ൽ ഈ റൂട്ടിൽ മരിച്ചതോ കാണാതായതോ ആയ അഭയാർഥികളുടെയും കുടിയേറ്റക്കാരുടെയും എണ്ണം 484 ആണ്. ജനുവരിയിൽ മാത്രം, സെൻട്രൽ മെഡിറ്ററേനിയനിലുണ്ടായ കപ്പൽ അപകടങ്ങളിൽ കുറഞ്ഞത് 375 കുടിയേറ്റക്കാർ മരിക്കുകയോ കാണാതാവുകയോ ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ആവർത്തിച്ചുള്ള സംഭവങ്ങൾ കുടിയേറ്റക്കാരും അഭയാർഥികളും നേരിടുന്ന നിരന്തരവും മാരകവുമായ അപകടസാധ്യതകളെ അടിവരയിടുന്നതായി ഐഒഎം അവരുടെ പ്രസ്താവനയിൽ പറയുന്നു.
Adjust Story Font
16
