Quantcast

നഴ്‌സറിയിലെ ഗേൾഫ്രണ്ടിന് 12 ലക്ഷത്തിന്റെ സ്വർണം സമ്മാനിച്ച് 4 വയസുകാരൻ; ഞെട്ടി മാതാപിതാക്കൾ

'എന്‍ഗേജ്‌മെന്റ് ഗിഫ്റ്റ്' എന്നുപറഞ്ഞാണ് പെൺകുട്ടി സ്വർണ ബിസ്കറ്റുകൾ മാതാപിതാക്കളെ കാണിച്ചത്.

MediaOne Logo

Web Desk

  • Updated:

    2024-01-07 12:31:08.0

Published:

7 Jan 2024 12:12 PM GMT

china kindergarten boy
X

നിഷ്‌കളങ്കത കുറച്ച് കൂടിപ്പോയോ എന്ന ചോദ്യം ചില കുട്ടികളുടെ പ്രവർത്തികൾ കാണുമ്പോൾ അറിയാതെ മനസ്സിൽ പറഞ്ഞുപോകുന്ന അവസരങ്ങൾ നമ്മുടെ ജീവിതത്തിൽ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടാകാം. പ്രൈമറി സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾ സഹപാഠികളുടെ പെൻസിൽ എടുത്തുകൊണ്ട് വരുന്നതും അവർക്ക് തങ്ങളുടെ സാധനങ്ങൾ സമ്മാനമായി കൊടുക്കുന്നതും പുതുമയല്ല. എന്നാൽ, വിവാഹനിശ്ചയ സമ്മാനം എന്ന നിലക്ക് ഒരു നാലുവയസുകാരൻ സ്വർണം കൊണ്ടുക്കൊടുക്കുന്നത് ഒന്ന് ചിന്തിച്ച് നോക്കൂ?

രസകരമായി തോന്നുമെങ്കിലും 12 ലക്ഷത്തിന്റെ സ്വർണ ബിസ്കറ്റുകളാണ് ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ഗ്വാങ്‌ആനിൽ ഒരു നാലുവയസുകാരൻ തന്റെ കൂട്ടുകാരിക്കായി നൽകിയത്. ഡിസംബർ 22നായിരുന്നു സംഭവം. സ്‌കൂളിൽ നിന്ന് മടങ്ങിയെത്തിയ പെൺകുട്ടി വളരെ സന്തോഷത്തോടെയാണ് ആ സമ്മാനം മാതാപിതാക്കളെ കാണിച്ചത്. ബാഗ് തുറന്നെടുത്ത സാധനം കണ്ട് മാതാപിതാക്കൾ ആദ്യം അമ്പരന്നെങ്കിലും സ്വർണമാണെന്ന് അറിഞ്ഞതോടെ ഞെട്ടി.

'എന്‍ഗേജ്‌മെന്റ് ഗിഫ്റ്റ്' എന്നുപറഞ്ഞാണ് പെൺകുട്ടി ആ ഗിഫ്റ്റ് മാതാപിതാക്കളെ കാണിച്ചത്. ഉടൻ തന്നെ നാലുവയസുകാരന്റെ വീട്ടിലേക്ക് വിളിച്ച് വിവരമറിയിച്ചു. ക്ഷമ ചോദിച്ച പെൺകുട്ടിയുടെ വീട്ടുകാർ നാളെ തന്നെ സമ്മാനം തിരികെ നൽകണമെന്നും കുട്ടിയോട് പറഞ്ഞു.

എന്നാൽ, ഈ സമ്മാനം വെറുതെ നൽകിയതല്ല അവൻ. അതിന് പിന്നിലൊരു കാരണമുണ്ട്. വീട്ടിൽ എന്തിനാണ് സ്വർണ ബിസ്കറ്റുകൾ സൂക്ഷിച്ചിരിക്കുന്നത് എന്ന് മാതാപിതാക്കളോട് ചോദിച്ചപ്പോൾ അത് 'നിന്റെ ഭാവിവധുവിന് വേണ്ടി' സൂക്ഷിച്ചിരിക്കുന്നതാണ് എന്നായിരുന്നു മറുപടി. മകൻ അതേപോലെ തന്നെ അവന്റെ ഭാവി വധുവിനെ കണ്ടെത്തി സ്വർണം സമ്മാനമായി നൽകുമെന്ന് മാതാപിതാക്കൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്ന് അവന്റെ അമ്മ പറയുന്നു.

മറ്റ് പെൺകുട്ടികളുടെ മാതാപിതാക്കൾ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണെന്ന് വിവരമറിഞ്ഞ പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. സംഭവം ഇന്റർനെറ്റിൽ വൈറലാണ്. നഴ്‌സറിയിലെ കുട്ടിക്ക് വരെ ഗേൾഫ്രണ്ട് ഉള്ളത് കണ്ട ചിലർക്ക് സങ്കടം. മറ്റുചിലർ പൊട്ടിചിരിച്ചുകൊണ്ടാണ് സംഭവം ഏറ്റെടുത്തത്. 2023 മെയിലും ചൈനയില്‍ സമാനമായ സംഭവം ഉണ്ടായിരുന്നു. നഴ്‌സറിയിൽ തന്റെ കൂട്ടുകാരിക്ക് അമ്മയുടെ സ്വർണവളയാണ് ഒരു വിരുതൻ നൽകിയത്. കയ്യോടെ പിടിച്ച അധ്യാപിക ഉടൻ തന്നെ വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.

TAGS :

Next Story