Quantcast

'ഇസ്രായേൽ ചെയ്യുന്നത് ഹിറ്റ്‌ലർ ജൂതരോട് ചെയ്തത്';ഇസ്രായേൽ ആക്രമണത്തെ ഹോളോകോസ്റ്റുമായി താരതമ്യം ചെയ്ത് ബ്രസീലിയൻ പ്രസിഡൻറ്

'അത് സൈന്യം സൈന്യത്തിനെതിരെ നടത്തുന്ന യുദ്ധമല്ല, വമ്പൻ തയ്യാറെടുപ്പ് നടത്തിയ സൈന്യം കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ നടത്തുന്ന യുദ്ധമാണ്' കുറ്റപ്പെടുത്തി ബ്രസീലിയൻ പ്രസിഡൻറ്

MediaOne Logo

Web Desk

  • Updated:

    2024-02-18 16:47:38.0

Published:

18 Feb 2024 4:36 PM GMT

Brazilian President Luiz Inacio Lula da Silva compared Israels attack on Gaza to the Holocaust
X

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ അഡേൾഫ് ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റുമായി താരതമ്യം ചെയ്ത് ബ്രസീലിയൻ പ്രസിഡൻറ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ. 'ഗസ്സ മുനമ്പിൽ നടക്കുന്നത് യുദ്ധമല്ല, വംശഹത്യയാണ്' ഞായറാഴ്ച ആഫ്രിക്കൻ യൂണിയൻ ഉച്ചകോടിക്കായി അഡിസ് അബാബയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ വിമർശിച്ചു. 'അത് സൈന്യം സൈന്യത്തിനെതിരെ നടത്തുന്ന യുദ്ധമല്ല, വമ്പൻ തയ്യാറെടുപ്പ് നടത്തിയ സൈന്യം കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ നടത്തുന്ന യുദ്ധമാണ്' ബ്രസീലിയൻ പ്രസിഡൻറ് കുറ്റപ്പെടുത്തി.

'ഗസ്സ മുനമ്പിൽ ഫലസ്തീൻ ജനതക്കെതിരെ നടക്കുന്നത് ചരിത്രത്തിന്റെ ഒരു ഘട്ടത്തിലും നടന്നിട്ടില്ല, യഥാർത്ഥത്തിൽ അത് ജൂതരെ കൊന്നൊടുക്കാൻ ഹിറ്റ്‌ലർ തീരുമാനിച്ചപ്പോൾ മാത്രമാണ് നടന്നത്' ലൂയിസ് ചൂണ്ടിക്കാട്ടി. രണ്ടാം ലോകമഹായുദ്ധ വേളയിൽ ഹിറ്റ്‌ലറിന്റെ നേതൃത്വത്തിൽ നാസികൾ ആറ് ദശലക്ഷം ജൂതരെ വ്യവസ്ഥാപിതമായി കൊന്നൊടുക്കിയതായാണ് പറയപ്പെടുന്നത്.

അതേസമയം, പരാമർശത്തിന്റെ പേരിൽ ശാസിക്കാൻ ബ്രസീലിന്റെ അംബാസഡറെ വിളിപ്പിക്കുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞു. 'സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തിൽ ആരും വിട്ടുവീഴ്ച ചെയ്യില്ല' കാറ്റ്‌സ് എക്സിൽ പറഞ്ഞു. അംബാസഡറെ തിങ്കളാഴ്ച വിളിക്കുമെന്നും കൂട്ടിച്ചേർത്തു.

ഈ പരാമർശങ്ങൾ അപമാനകരവും ഗുരുതരവുമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. 'ഇത് ഹോളോകോസ്റ്റിനെ നിസ്സാരവത്ക്കലും യഹൂദ ജനതയെയും സ്വയം പ്രതിരോധത്തിനുള്ള ഇസ്രായേലിന്റെ അവകാശത്തെയും ആക്രമിക്കാനുള്ള ശ്രമവുമാണ്. ഇസ്രായേലിനെ നാസികളും ഹിറ്റ്ലറും തമ്മിൽ താരതമ്യപ്പെടുത്തുന്നത് അതിര് കടക്കലാണ്' നെതന്യാഹു പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണത്തിൽ ചില ജീവനക്കാർക്ക് പങ്കുണ്ടെന്ന് ഇസ്രായേൽ ആരോപിച്ചതിനെത്തുടർന്ന് ഫലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎയ്ക്കുള്ള സഹായം നിർത്താനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ തീരുമാനങ്ങളെ ബ്രസീലിയൻ പ്രസിഡൻറ് ലൂയിസ് വിമർശിച്ചു. ഉച്ചകോടിക്കിടെ ശനിയാഴ്ച ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷതയെയുമായി കൂടിക്കാഴ്ച നടത്തിയ ലൂയിസ്, ഏജൻസിക്ക് സംഭാവന നൽകുന്നത് ബ്രസീൽ വർദ്ധിപ്പിക്കുമെന്നും മറ്റ് രാജ്യങ്ങളോട് ഇത് ചെയ്യാൻ പ്രേരിപ്പിക്കുമെന്നും പറഞ്ഞു.

'ഫലസ്തീനികൾക്കുള്ള സഹായങ്ങൾ നിർത്തുകയാണെന്ന് സമ്പന്ന ലോകം പ്രഖ്യാപിക്കുന്നത് കാണുമ്പോൾ, ഈ ആളുകളുടെ രാഷ്ട്രീയ അവബോധം എത്രത്തോളമുണ്ടെന്നും അവരുടെ ഹൃദയങ്ങളിൽ ഐക്യദാർഢ്യത്തിന്റെ ആത്മാവ് എത്രയുണ്ടെന്നും ഞാൻ തിരിച്ചറിയുന്നു' ലൂയിസ് പറഞ്ഞു. 'നമ്മൾ വലുതാകേണ്ട സമയത്ത് ചെറുതാകുന്നത് നിർത്തണം' എന്നും അദ്ദേഹം ഓർമിപ്പിച്ചു. ഫലസ്തീനെ സമ്പൂർണവും പരമാധികാരവുമുള്ള രാഷ്ട്രമായി അംഗീകരിച്ച് സംഘർഷത്തിന് ദ്വിരാഷ്ട്ര പരിഹാരം കണ്ടെത്തണമെന്ന തന്റെ ആഹ്വാനം അദ്ദേഹം ആവർത്തിച്ചു.

78 കാരനായ ലൂയിസ് തെക്കൻ ഇസ്രായേലിൽ ഒക്ടോബർ ഏഴിന് ഹമാസിന്റെ നേതൃത്വത്തിൽ നടത്തിയ ആക്രമണത്തെ 'ഭീകര' നടപടിയായി അപലപിച്ചിരുന്നു. എന്നാൽ പിന്നീട് ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന ആക്രമണത്തെ അദ്ദേഹം വിമർശിച്ചു വരികയാണ്.

ഒക്‌ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിൽ 1,139 പേർ കൊല്ലപ്പെട്ടതായാണ് ഇസ്രായേൽ കണക്ക് ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്. 250 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇവരിൽ 130 പേർ ഇപ്പോഴും ഗസ്സയിലുണ്ട്. 30 പേർ മരിച്ചതായും ഇസ്രായേൽ കണക്ക്കൂട്ടുന്നു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ 28,858 പേരാണ് കൊല്ലപ്പെട്ടത്. കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നാണ് ഫലസ്തീൻ അധികൃതർ പറയുന്നത്.

Brazilian President Luiz Inacio Lula da Silva compared Israel's attack on Gaza to the Holocaust

TAGS :

Next Story