Quantcast

'ഞങ്ങളില്ല': ഹോർമുസിൽ ഇറാനെതിരായ ഉപരോധത്തിൽ പങ്ക് ചേരില്ലെന്ന് ബ്രിട്ടന്‍

ഹോർമുസ് തുറക്കണം എന്നാണ് ബ്രിട്ടന്റെ അഭിപ്രായം. അതിനായി ഉപരോധത്തെ പിന്തുണക്കില്ല. ഞങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴക്കരുതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍

MediaOne Logo

റിഷാദ് അലി

  • Updated:

    2026-04-13 10:13:51.0

Published:

13 April 2026 3:42 PM IST

ഞങ്ങളില്ല: ഹോർമുസിൽ ഇറാനെതിരായ ഉപരോധത്തിൽ പങ്ക് ചേരില്ലെന്ന് ബ്രിട്ടന്‍
X

ട്രംപ്- സ്റ്റാര്‍മര്‍ 

ലണ്ടന്‍: എന്തുതരത്തിലുള്ള സമ്മര്‍ദങ്ങളുണ്ടായാലും ഇറാനെതിരായ യുദ്ധത്തിനോ ഹോർമുസ് കടലിടുക്ക് ഉപരോധിക്കുന്നതിനോ ഇല്ലെന്ന് ബ്രിട്ടന്‍. ഹോർമുസ് തുറക്കണം എന്നാണ് ബ്രിട്ടന്റെ അഭിപ്രായം. അതിനായി ഉപരോധത്തെ പിന്തുണക്കില്ല. ഞങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴക്കരുതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി.

"ഞങ്ങൾ ഉപരോധത്തെ പിന്തുണയ്ക്കുന്നില്ല- ബിബിസി റേഡിയോ 5 ലൈവിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക എന്നത് സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "എന്റെ കാഴ്ചപ്പാടിൽ, കടലിടുക്ക് പൂർണ്ണമായും തുറന്നിടേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഞങ്ങൾ അതിനായുള്ള ശ്രമങ്ങളിലാണ്, അത് തുടരുകയും ചെയ്യും," സ്റ്റാർമർ വ്യക്തമാക്കി.

യുദ്ധത്തിൽ പങ്കുചേരാൻ ബ്രിട്ടന് മേൽ സമ്മർദമുണ്ടെന്ന് സ്റ്റാർമർ പറഞ്ഞു. എന്നാൽ നിയമപരമായ അടിത്തറയും കൃത്യമായി ആസൂത്രണം ചെയ്ത പദ്ധതിയും ഇല്ലാതെ താൻ അതിന് മുതിരില്ലെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടന്റെ മൈൻ സ്വീപ്പറുകൾ (കുഴിബോംബുകൾ നീക്കം ചെയ്യുന്ന കപ്പലുകൾ) മേഖലയിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സൈനിക നീക്കങ്ങളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ കഴിയില്ലെങ്കിലും, തങ്ങളുടെ സൈനിക ശേഷി കടലിടുക്ക് പൂർണ്ണമായും തുറന്നിടുന്നതിൽ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടനും മറ്റും ഹോർമുസിലേക്ക് പടക്കപ്പൽ അയക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് ബ്രിട്ടന്റെ പ്രതികരണം. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഹോര്‍മുസില്‍ ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് സൈന്യം അറിയിച്ചിരുന്നു. ഇതിനിടെ ഹോർമുസിൽ യു എസ് നാവിക ഉപരോധത്തിനെതിരെ ചൈനയും രംഗത്ത് എത്തി. ഹോർമുസ് സുരക്ഷിതവും സുഗമവും ആകേണ്ടത് അന്താരാഷ്ട്ര സമൂഹത്തിന്റെ പൊതു താൽപര്യമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

TAGS :

Next Story