'13 വയസുകാരിയെ പീഡിപ്പിച്ചത് 700 ഓളം പേര്‍'; ഗ്രൂമിങ് ഗ്യാങ്ങിനെ കുറിച്ച് പാര്‍ലമെന്റില്‍ വെളിപ്പെടുത്തലുമായി യുകെ എംപി
തൻ്റെ സ്വതന്ത്ര അന്വേഷണത്തിലൂടെ ശേഖരിച്ച അതിജീവിതകളുടെ അനുഭവക്കുറിപ്പുകൾ എംപി റൂപര്‍ട്ട് ലോവ് പാർലമെൻ്റില്‍ വായിച്ചു

- Published:
2 Jun 2026 8:45 PM IST

ലണ്ടന്‍: യുകെയില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക ചൂഷണം സംബന്ധിച്ച് പാര്‍ലമെന്റില്‍ വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് സ്വതന്ത്ര എംപി റൂപര്‍ട്ട് ലോവ്. ക്രൂരമായ ലൈംഗിക പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവരുടെ വെളിപ്പെടുത്തലുകള്‍ അടങ്ങുന്ന സാക്ഷ്യപത്രങ്ങള്‍ അദ്ദേഹം പ്രസംഗത്തില്‍ വായിച്ചു. കുട്ടികള്‍ക്കെതിരായ അതിക്രമത്തിനായുള്ള സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘങ്ങള്‍ കുട്ടികളെയും കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികളെയും വര്‍ഷങ്ങളോളം ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് ആരോപണം. ഇരകള്‍ നേരിട്ട അതിക്രമങ്ങളും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും വൈകാരിക പ്രസംഗത്തില്‍ എംപി എടുത്തുപറഞ്ഞു.
കുട്ടികള്‍ നേരിട്ട ലൈംഗിക പീഡനങ്ങള്‍, ഗര്‍ഭധാരണം, ഭീഷണിപ്പെടുത്തല്‍, പൊലീസിന്റെ വീഴ്ച, നിയമ സംവിധാനങ്ങളിലെ പാളിച്ചകള്‍ എന്നിവയുമായി ബന്ധപ്പെട്ട തെളിവുകളും ലോവ് സഭയില്‍ നിരത്തി. 13 വയസുള്ള ഒരു പെണ്‍കുട്ടിയെ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്തുടനീളമുള്ള 700 പുരുഷന്മാര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ലോവ് പറയുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഈ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട്. പീഡനത്തിനിരയായി ആശുപത്രിയില്‍ എത്തിയ തന്നോട് കാര്യങ്ങള്‍ ചോദിച്ചറിയുന്നതിന് പകരം, അധികൃതര്‍ മരുന്ന് നല്‍കി ഡിസ്ചാര്‍ജ് ചെയ്തതായി മറ്റൊരു പെണ്‍കുട്ടി പറയുന്നു.
ലൈംഗിക പീഡനത്തിന് ശേഷം ക്രൂരമായ അതിക്രമത്തിനും ചില കുട്ടികള്‍ വിധേയരായിട്ടുണ്ട്. നായയെ കൊണ്ട് തന്റെ മേല്‍ ലൈംഗികാതിക്രമം നടത്തിച്ചുവെന്നാണ് ഇരകളിലൊരാള്‍ പറഞ്ഞത്. ഇതുകണ്ട് ചുറ്റും കൂടിയവര്‍ ചിരിക്കുകയും വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. ഒരു വാനിന്റെ പിന്‍ഭാഗത്ത് 15 മുതല്‍ 20 വരെ പെണ്‍കുട്ടികളെ നായ്ക്കളുടെ കൂട്ടില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടതായി ഒരു അതിജീവിത വെളിപ്പെടുത്തി. ഭീഷണി ഭയന്ന് ആക്രമിക്കപ്പെട്ട വിവരം പുറത്തുപറയാത്ത കുട്ടികളും ഇക്കൂട്ടത്തിലുണ്ട്. പുറത്തുപറഞ്ഞാല്‍ കുടുംബത്തെ ഉള്‍പ്പെടെ കൊല്ലുമെന്നായിരുന്നു ഭീഷണി.
2025ല്‍ യുകെയിലെ 85 ഇടങ്ങളില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടന്നതായി സ്വതന്ത്ര അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് ലോവിൻ്റെ റിപ്പോര്‍ട്ട്. ഭീഷണി ഭയന്നാണ് പലരും പുറത്തുപറയാത്തത്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ സമയബന്ധിതമായി നടപടി എടുക്കുന്നതില്‍ അധികാരികള്‍ പരാജയപ്പെട്ടുവെന്നും ലോവ് പറയുന്നു. നിലവില്‍, സഭയില്‍ സമര്‍പ്പിച്ച സാക്ഷ്യപത്രങ്ങള്‍ ആഴത്തില്‍ പഠിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നാണ് റൂപര്‍ട്ട് ലോവ് ആവശ്യപ്പെട്ടിരിക്കുന്നത്. പാക് വംശജരും ഡ്രൈവര്‍മാരും ഉള്‍പ്പെടുന്നവരാണ് കുട്ടികളെ പീഡിപ്പിക്കുന്ന സംഘത്തില്‍ കൂടുതലുള്ളതെന്നും ഇദ്ദേഹം പറയുന്നു.
2023ല്‍ യുകെയില്‍ കുട്ടികള്‍ക്കെതിരായ 1.15 ലക്ഷത്തിലധികം ലൈംഗിക കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന ടാസ്‌ക് ഫോഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുനക് സര്‍ക്കാര്‍ രൂപീകരിച്ച ചൈല്‍ഡ് എക്‌സ്‌പ്ലോയിറ്റേഷന്‍ ടാസ്‌ക് ഫോഴ്‌സ് ഏകദേശം 500 ഓളം പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. അന്വേഷണ സംഘം കണ്ടെത്തിയ 17 ശതമാനം കേസുകളും വീടുകള്‍ക്കുള്ളിലോ സുരക്ഷിതമെന്ന് കരുതുന്ന ചുറ്റുപാടുകളിലുമാണ് സംഭവിച്ചിരിക്കുന്നത്. സ്‌കൂളുകള്‍, മതകേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍ അടക്കം ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം.
Adjust Story Font
16
