Quantcast

'സേഫ് സോണി'ലും രക്ഷയില്ലാതെ ഗസ്സയിലെ കുരുന്നുകൾ; കരാർ ലംഘിച്ചുകൊണ്ടുള്ള ഇസ്രായേൽ ആക്രമണത്തിൽ സഹോദരങ്ങൾ കൊല്ലപ്പെട്ടു

15കാരിയായ ഇസ്‌ലാം മൗസ്സയും 30കാരനായ സഹോദരൻ അബ്ദുല്ല മൗസ്സയുമാണ് കൊല്ലപ്പെട്ടതെന്ന് ആരോഗ്യവൃത്തങ്ങൾ സ്ഥിരീകരിച്ചു

MediaOne Logo
സേഫ് സോണിലും രക്ഷയില്ലാതെ ഗസ്സയിലെ കുരുന്നുകൾ; കരാർ ലംഘിച്ചുകൊണ്ടുള്ള ഇസ്രായേൽ ആക്രമണത്തിൽ സഹോദരങ്ങൾ കൊല്ലപ്പെട്ടു
X

ഗസ്സ സിറ്റി: വെടിനിർത്തലിനിടയിലും ഗസ്സയിൽ ചോരപ്പുഴയൊഴുക്കൽ തുടർന്ന് ഇസ്രായേൽ. കരാറിന് പുല്ലുവില കൽപ്പിച്ചുള്ള കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ ഫലസ്തീനിയൻ സഹോദരങ്ങൾക്ക് ദാരുണാന്ത്യം. വെടിനിർത്തൽ കരാർ പ്രാബല്യത്തിലെത്തിയതിന് പിന്നാലെ 'സേഫ് സോണെ'ന്ന പേരിൽ ആളുകളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ച ടെന്‍റുകളിലുണ്ടായിരുന്ന രണ്ട് പേരാണ് ഇന്നലെത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 15കാരിയായ ഇസ്‌ലാം മൗസ്സയും 30കാരനായ സഹോദരൻ അബ്ദുല്ല മൗസ്സയുമാണ് കൊല്ലപ്പെട്ടതെന്ന് ആരോഗ്യവൃത്തങ്ങൾ സ്ഥിരീകരിച്ചു.

ഖാൻ യൂനിസിലെ മവാസിയിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റെന്ന് ഗസ്സ പ്രതിരോധസേന അറിയിച്ചു. ഇവരെ തൊട്ടടുത്തുള്ള നാസ്സർ, റെഡ് ക്രോസ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്ച നടന്ന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന 10 വയസുകാരനും കൊല്ലപ്പെട്ടെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. നേരത്തെ, ഫലസ്തീനിലെ വിവിധയിടങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ പരിക്കേറ്റ 12 പേരും ഇപ്പോഴും ചികിത്സയിൽ തുടരുകയാണ് അൽഷിഫ ആശുപത്രി അധികൃതരും വ്യക്തമാക്കി. ആക്രമണങ്ങളിൽ പരിക്കേറ്റവരിലധികവും സ്ത്രീകളും കുട്ടികളുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അതേസമയം, ഇരുരാജ്യങ്ങളും തമ്മിൽ കഴിഞ്ഞവർഷം പ്രാബല്യത്തിലെത്തിയ വെടിനിർത്തൽ കരാറിനെ കാറ്റിൽ പറത്തിക്കൊണ്ട് മേഖലയിൽ ഇസ്രായേൽ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണെന്ന് അൽജസീറ റിപ്പോർട്ടർ താരീഖ് അബു അസ്സൂം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം വെടിനിർത്തൽ കരാർ പ്രാബല്യത്തിലെത്തിയെങ്കിലും പരമാവധി നാശനഷ്ടങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ് ഇസ്രായേലെന്നും അദ്ദേഹം പറഞ്ഞു. 'കഴിഞ്ഞ ഏതാനും മണിക്കൂറുകളായി മവാസി ഏരിയയിൽ ഇസ്രായേിന്‍റെ ഡ്രോണുകൾ വന്നുപതിച്ചുകൊണ്ടിരിക്കുകയാണ്. വെടിനിർത്തൽ കരാറിലുള്ളത് പ്രകാരം ആളുകളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ച ടെന്‍റുകൾ അവിടെയാണ് സ്ഥിതി ചെയ്യുന്നത്. ആയിരക്കണക്കിന് സാധാരണക്കാരായ ഫലസ്തീനിയൻ ജനതയാണ് അവിടെയുള്ളത്'. അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, വെടിനിർത്തൽ കരാർ വന്നതിന് ശേഷവും പ്രതിദിനം ശരാശരി ഒരു ഫലസ്തീൻ കുട്ടി വീതം കൊല്ലപ്പെടുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ കുട്ടികൾക്കായുള്ള ഏജൻസിയായ യൂണിസെഫ് വെളിപ്പെടുത്തിയിരുന്നു. ഔദ്യോഗികമായി യുദ്ധം നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിലും കുരുന്നുകളുടെ ജീവൻ പൊലിയുന്നത് തുടരുന്നതിൽ ആഗോളസമൂഹത്തിന്‍റെ കടുത്ത ആശങ്കയ്ക്കും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. 2025 ഒക്ടോബറിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിലൂടെയാണ് 2023 ഒക്ടോബറിൽ തുടങ്ങിയ ഇസ്രായേൽ വംശഹത്യക്ക് താത്കാലിക ശമനമുണ്ടായത്. ഇതിനിടെയാണ് സമാധാന ശ്രമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് ഇസ്രായേൽ വീണ്ടും ആക്രമണം നടത്തുന്നത്.

ഐക്യരാഷ്ട്രസഭയുടെയും യൂണിസെഫിന്റെയും കണക്കുകൾ പ്രകാരം, ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ പതിനായിരക്കണക്കിന് കുട്ടികൾ ഇതിനോടകം കൊല്ലപ്പെട്ടിട്ടുണ്ട്. ഗസ്സയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇതുവരെ കൊല്ലപ്പെട്ടവരിൽ വലിയൊരു ശതമാനവും കുട്ടികളും സ്ത്രീകളുമാണ്. യുദ്ധം തുടങ്ങിയതിന് ശേഷം ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 37000 മുകളിലാണെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകൾ. യഥാർത്ഥ കണക്കുകൾ അതിലും കൂടും. ഇതിൽ, 15000 ത്തിലധികം കുട്ടികളുണ്ടെന്നാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

TAGS :

Next Story