അലി ലാരിജാനിയുടെ കൊലപാതകത്തെ അപലപിച്ച് ചൈന; അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം
അന്താരാഷ്ട്ര ബന്ധങ്ങളിൽ ബലപ്രയോഗം നടത്തുന്നതിനെ എന്നും എതിർത്തിട്ടുണ്ടെന്നും ചൈന

- Published:
19 March 2026 2:34 PM IST

ബീജിങ്: ഇറാൻ ദേശീയ സുരക്ഷാ സമിതി തലവൻ അലി ലാരിജാനി ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തെ ശക്തമായി അപലപിച്ച് ചൈന.
ലാരിജാനിയുടെ മരണം 'അംഗീകരിക്കാനാവില്ലെന്ന്' വ്യാഴാഴ്ച ബീജിംഗിൽ നടന്ന വാർത്താസമ്മേളനത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ വ്യക്തമാക്കി.
അന്താരാഷ്ട്ര ബന്ധങ്ങളിൽ ബലപ്രയോഗം നടത്തുന്നതിനെ ചൈന എന്നും എതിർത്തിട്ടുണ്ടെന്ന് ലിൻ ജിയാൻ പറഞ്ഞു. രാഷ്ട്രത്തലവന്മാരെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളും സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിലെ സംഘർഷം വഷളാകാതിരിക്കാന്‍ സൈനിക നടപടികൾ ഉടൻ നിർത്തണമെന്ന് ചൈന എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടു.
തെഹ്‌റാനില്‍ ചൊവ്വാഴ്ച രാത്രി നടത്തിയ ഇസ്രായേൽ വ്യോമാക്രമണത്തിലാണ് അലി ലാരിജാനി കൊല്ലപ്പെട്ടത്. അദ്ദേഹത്തോടൊപ്പം മകനും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 28ന് ആരംഭിച്ച യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തില്‍ പരമോന്നത നേതാവ് അലി ഖാംനഈ ഉൾപ്പെടെയുള്ള പ്രമുഖർ കൊല്ലപ്പെട്ടതിന് ശേഷം ഇറാന് നേരിട്ട കനത്ത തിരിച്ചടിയായിരുന്നു ലാരിജാനിയുടെ മരണം.
അതേസമയം പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി ചൈന മധ്യസ്ഥ ചർച്ചകൾ ഊർജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചൈനയുടെ പശ്ചിമേഷ്യൻ പ്രത്യേക പ്രതിനിധി ഷായ് ജുൻ മേഖലയിലെ വിവിധ രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
Adjust Story Font
16
