ഉപരോധം നിലനിൽക്കെ ഹോർമുസ് കടന്ന് ചൈനീസ് ടാങ്കര്‍
ഹോർമുസ് കടലിടുക്കിൽ യുഎസ് ഉപരോധം കർശനമാക്കിയ ശേഷം ഇവിടെ നിന്നും പുറത്തുകടക്കുന്ന ആദ്യ കപ്പലാണിത്

- Updated:
2026-04-14 06:41:35.0

ന്യൂയോര്‍ക്ക്: അമേരിക്കൻ ഉപരോധം നിലനിൽക്കെ ചൈനീസ് എണ്ണക്കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു. ചൈനീസ് ഉടമസ്ഥതയിലുള്ള 'റിച്ച് സ്റ്റാറി' എന്ന ടാങ്കറാണ് യുഎസ് ഉപരോധം അവഗണിച്ച് തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ യാത്ര ചെയ്തതെന്ന് ഷിപ്പിംഗ് ഡാറ്റ വ്യക്തമാക്കുന്നു.
അമേരിക്കൻ നാവിക ഉപരോധം ആരംഭിച്ചതിന് പിന്നാലെ ചൈനീസ് ഉടമസ്ഥതയിലുള്ള രണ്ട് ടാങ്കറുകൾ കടലിടുക്കിന് സമീപം എത്തുകയും പിന്നീട് പിന്തിരിയുകയും ചെയ്തതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതിലൊന്ന് ഉപരോധം മറികടന്ന് പുറത്തുകടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഹോർമുസ് കടലിടുക്കിൽ യുഎസ് ഉപരോധം കർശനമാക്കിയ ശേഷം ഇവിടെ നിന്നും പുറത്തുകടക്കുന്ന ആദ്യ കപ്പലാണിത്. ഇറാനുമായി വ്യാപാര ബന്ധം പുലർത്തിയതിനെത്തുടർന്ന് കപ്പലിനും അതിന്റെ ഉടമസ്ഥരായ ഷാങ്ഹായ് സുവാൻറൺ ഷിപ്പിംഗ് കമ്പനിക്കുമെതിരെ അമേരിക്ക നേരത്തെ ഉപരോധം ഏർപ്പെടുത്തിയിരുന്നു.
ഏകദേശം 2,50,000 ബാരൽ മെഥനോൾ ആണ് കപ്പലിലുള്ളത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഹംരിയ തുറമുഖത്ത് നിന്നാണ് കപ്പൽ ചരക്ക് കയറ്റിയത്. ചൈനീസ് പൗരന്മാരാണ് കപ്പലിലെ ജീവനക്കാരെന്നാണ് എൽഎസ്ഇജി , മറൈൻ ട്രാഫിക് തുടങ്ങിയ ഏജൻസികൾ നൽകുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മേഖലയിൽ അമേരിക്കൻ ഉപരോധം നിലനിൽക്കുന്ന സാഹചര്യത്തിൽ ചൈനീസ് കപ്പലിന്റെ ഈ നീക്കം ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ കപ്പൽ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല.
ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 7.30നാണ് ഹോർമുസ് കടലിടുക്കിൽ യുഎസിന്റെ ഉപരോധം തുടങ്ങിയത്. തങ്ങളുടെ അംഗീകാരമില്ലാതെ ഒരു കപ്പലും കടത്തിവിടില്ലെന്നാണ് യുഎസ് വ്യക്തമാക്കിയിരുന്നത്. നിശ്ചിത സമയപരിധി അവസാനിച്ചതോടെയാണ് ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പലുകളുടെ വരവും പോക്കും യുഎസ് സെൻട്രൽ കമാൻഡ് തടയുമെന്ന് പ്രഖ്യാപിച്ചത്.
Adjust Story Font
16
