ബ്ലിങ്കന്റെ വിടവാങ്ങൽ വാർത്താസമ്മേളനത്തിൽ ഗസ്സ വംശഹത്യ ഉയർത്തിയ മാധ്യമപ്രവർത്തകരെ 'പ്രതിഷേധക്കാരാ'ക്കി സിഎൻഎൻ
'ദി ഗ്രെസോൺ ന്യൂസി'ന്റെ എഡിറ്റർ മാക്‌സ് ബ്ലുമെന്തൽ, സ്വതന്ത്ര മാധ്യമപ്രവർത്തകൻ സാം ഹുസൈനി എന്നിവരായിരുന്നു ബ്ലിങ്കനോട് ചോദ്യങ്ങളുയർത്തിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു

വാഷിങ്ടൺ: സ്ഥാനമൊഴിയുന്ന യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ വിടവാങ്ങൽ വാർത്താസമ്മേളനത്തിൽ ഗസ്സ വംശഹത്യയെക്കുറിച്ച് ചോദ്യങ്ങളുയർത്തിയ മാധ്യമപ്രവർത്തകരെ 'പ്രതിഷേധക്കാരാ'ക്കി അമേരിക്കൻ മാധ്യമം 'സിഎൻഎൻ'. ബ്ലിങ്കന്റെ വാർത്താസമ്മേളനം പ്രതിഷേധക്കാർ തടസപ്പെടുത്തിയെന്നായിരുന്നു ചാനൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം വാഷിങ്ടണിലെ വിദേശകാര്യ മന്ത്രാലയത്തിൽ നടന്ന വാർത്താസമ്മേളനമാണ് ഇസ്രായേലിന്റെ ഗസ്സ ആക്രമണത്തെ ചൊല്ലി ചോദ്യങ്ങളുയർത്തിയ മാധ്യമപ്രവർത്തകരുടെ ഇടപെടലിൽ അലങ്കോലമായത്.
സംഭവം മന്ത്രാലയത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഉയർത്തുന്നതെന്നാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത 'സിഎൻഎൻ' ദേശീയ സുരക്ഷാ ചീഫ് കറസ്‌പോണ്ടന്റ് അലെക്‌സ് മാർക്വാഡ്റ്റ് ചാനലിൽ പറഞ്ഞത്. വിദേശകാര്യ സെക്രട്ടറിയുടെ വാർത്താസമ്മേളനത്തിൽ പങ്കെടുക്കണമെങ്കിൽ പ്രസ് അക്രഡിറ്റേഷനോ അപ്പോയിൻമെന്റോ വേണം. എന്നാൽ, ചോദ്യങ്ങളുയർത്തിയവർ ആരാണെന്നു വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിന് ബൈഡൻ ഭരണകൂടം നൽകുന്ന പിന്തുണയ്‌ക്കെതിരെ രാജ്യത്തും അന്താരാഷ്ട്രതലത്തിലും നിലനിൽക്കുന്ന രോഷം കൂടിയാണ് ഇതു കാണിക്കുന്നതെന്നും അലെക്‌സ് ചൂണ്ടിക്കാട്ടി.
അതേസമയം, വാഷിങ്ടണിലെ അറിയപ്പെട്ട രണ്ടു മാധ്യമപ്രവർത്തകരാണ് ഗസ്സ വംശഹത്യയെ കുറിച്ച് ബ്ലിങ്കനോട് ചോദ്യങ്ങളുയർത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. യുഎസ് വിദേശനയത്തിൽ ഉൾപ്പെടെ വിമർശനങ്ങളുയർത്തുന്ന 'ദി ഗ്രെസോൺ ന്യൂസി'ന്റെ എഡിറ്റർ മാക്‌സ് ബ്ലുമെന്തൽ, സ്വതന്ത്ര മാധ്യമപ്രവർത്തകൻ സാം ഹുസൈനി എന്നിവരായിരുന്നു ഇരുവരുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
കുട്ടികളും സ്ത്രീകളുമടക്കം അരലക്ഷത്തിലേറെ പേർ കൊല്ലപ്പെടുകയും വീടുകളും കെട്ടിടങ്ങളും തകർക്കപ്പെടുകയും ചെയ്ത ചെയ്ത ഇസ്രായേൽ ആക്രമണം ബ്ലിങ്കന്റെ അറിവോടെയും അനുവാദത്തോടെയുമാണു നടന്നതെന്നായിരുന്നു ബ്ലുമെന്തൽ നേർക്കുനേർ ആക്ഷേപമുയർത്തിയത്. വേദിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെത്തി ബ്ലുമെന്തലിനെ നിർബന്ധിച്ചു പുറത്താക്കുകയായിരുന്നു. സാം ഹുസൈനിയെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി തൂക്കിയെടുത്ത് പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.
ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 300ഓളം മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട കാര്യം ഓർമിപ്പിച്ചായിരുന്നു ബ്ലുമെന്തൽ തുടങ്ങിയത്. കരാറുകളെല്ലാം ലംഘിച്ചാണ് ഗസ്സയിൽ ബോംബുകൾ വർഷിച്ചതെന്നും സയണിസത്തോടുള്ള താങ്കളുടെ സമർപ്പണമായിരുന്നു ഇതെല്ലാമെന്നും അദ്ദേഹം ചോദിച്ചു. ബ്ലിങ്കന്റെ ഇസ്രായേലി ബന്ധവും മാധ്യമപ്രവർത്തകൻ ഉയർത്തി. ബ്ലുമെന്തലിനെ സുരക്ഷാ ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ചു പുറത്താക്കിയതിനു പിന്നാലെ ബ്ലിങ്കൻ പ്രസംഗം തുടർന്നു. ഇതിനിടെയാണ് ജനീവ കൺവെൻഷൻ ഫലസ്തീനികൾക്കും ബാധകമല്ലേ എന്നു ചോദിച്ച് സാം ഹുസൈനി രംഗത്തെത്തുന്നത്. ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നടപടിക്രമങ്ങൾ പാലിക്കണമെന്ന് ബ്ലിങ്കൻ ആവശ്യപ്പെട്ടപ്പോൾ, അന്താരാഷ്ട്ര കോടതിയുടെയും ആംനെസ്റ്റി ഇന്റർനാഷനലിന്റെയും ഇടപെടലുണ്ടായപ്പോൾ താങ്കൾ നടപടിക്രമങ്ങളെ ബഹുമാനിച്ചോ എന്നു തിരിച്ചുചോദിച്ചു മാധ്യമപ്രവർത്തകൻ. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ബലപ്രയോഗത്തിലൂടെ അദ്ദേഹത്തെ ഹാളിൽനിന്നു മാറ്റിയപ്പോൾ 'കുറ്റവാളീ' എന്ന് ഉറക്കെ വിളിച്ചുപറയുകയായിരുന്നു സാം ഹുസൈനി.
Summary: CNN dismisses the journalists who raised Israel's Gaza genocide as 'protesters' in Antony Blinken's last press conference
Adjust Story Font
16

