ബംഗ്ലാദേശിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിന്ദു യുവാവിന്റെ കുടുംബത്തിന് 18 ലക്ഷം നഷ്ടപരിഹാരം
കഴിഞ്ഞ വർഷം ഡിസംബറിലാണ് ദീപു ദാസിനെ ആൾക്കൂട്ടം തല്ലിക്കൊന്ന് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി കത്തിച്ചത്

- Updated:
2026-02-21 06:49:46.0

ധാക്ക: ബംഗ്ലാദേശിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിന്ദു യുവാവിന്റെ കുടുംബത്തിന് മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ 2.5 ദശലക്ഷം ബംഗ്ലാദേശി ടാക്ക (18.5 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകി. മൈമെൻസിങ് ജില്ലയിലെ ദിപു ചന്ദ്ര ദാസ് കഴിഞ്ഞ ഡിസംബറിലാണ് കൊല്ലപ്പെട്ടത്. ധാക്ക സർവകലാശാലയ്ക്ക് കീഴിലുള്ള ജഗന്നാഥ് ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ ഫണ്ട് ലഭിച്ചതായി യുവാവിന്റെ കുടുംബാംഗങ്ങൾ സ്ഥിരീകരിക്കുകയും ഇടക്കാല ഭരണകൂടത്തിന് നന്ദി അറിയിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം ഡിസംബർ 18ന് പയനിയേഴ്‌സ് നിറ്റ്‌വെയേഴ്‌സ് ലിമിറ്റഡ് എന്ന കമ്പനിയിലെ തൊഴിലാളിയായ ദിപു ദാസിനെ ദൈവനിന്ദ ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന് മൃതദേഹം ധാക്ക-മൈമെൻസിങ് ഹൈവേയിലെ മരത്തിൽ കെട്ടിത്തൂക്കി കത്തിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇതിനകം 18 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിയേറ്റ് സിംഗപ്പൂരിലെ ഒരു ആശുപത്രിയിൽ വെച്ച് മരണപ്പെട്ട ബംഗ്ലാദേശ് വിദ്യാർഥി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് ദിപു ദാസ് കൊല്ലപ്പെട്ടതെന്ന് സ്ക്രോൾ.ഇൻ റിപ്പോർട്ട് ചെയ്യുന്നു.
ബംഗ്ലാദേശിലെ ദീർഘകാല പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ ഭരണകൂടത്തെ അട്ടിമറിച്ച 2024ലെ ജൂലൈ വിപ്ലവത്തിന് നേതൃത്വം കൊടുത്ത വിദ്യാർഥി നേതാവായിരുന്നു ശരീഫ് ഉസ്മാൻ ഹാദി. സംഘർഷങ്ങൾക്കിടയിൽ മതന്യൂനപക്ഷങ്ങൾക്കെതിരായ മറ്റ് നിരവധി ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ അസ്വസ്ഥതകൾ ഇന്ത്യയിലും പ്രകടമായിരുന്നു. ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ പോലും അവ ബാധിച്ചു. ദാസിന്റെ കൊലപാതകത്തെ ഡിസംബർ 26ന് ഇന്ത്യൻ സർക്കാർ അപലപിച്ചു. എന്നാൽ സംഭവത്തെ 'അതിശയോക്തിപരം' എന്ന് വിശേഷിപ്പിച്ച് ബംഗ്ലാദേശ് ഇന്ത്യയുടെ അപലപനത്തെ നിരസിച്ചു.
ബംഗ്ലാദേശിൽ ഫെബ്രുവരി 12ന് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച ബംഗ്ലാദേശ് നാഷണൽ പാർട്ടി അധികാരത്തിലേറാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ് ഇടക്കാല സർക്കാർ നഷ്ടപരിഹാരം നൽകിയത്. ബിഎൻപി ചെയർപേഴ്‌സൺ താരിഖ് റഹ്മാൻ ചൊവ്വാഴ്ച ബംഗ്ലാദേശ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇതോടെ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ കാലാവധി അവസാനിക്കും. ബോണ്ടുകൾ വിതരണം ചെയ്തതിന് ശേഷം, നോബൽ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ യൂനസ് തിങ്കളാഴ്ച ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 2024 ആഗസ്റ്റിലാണ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ തലവനായി അദേഹം ചുമതലയേറ്റത്.
Adjust Story Font
16
