Quantcast

ഹോർമുസിൽ ആശങ്കയൊഴിയുന്നില്ല: പ്രതിദിനം 140 എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ കടന്നുപോകുന്നത് വെറും ഏഴ് കപ്പലുകൾ!

ബുധനാഴ്ച അഞ്ച് കപ്പലുകളും വ്യാഴാഴ്ച ഏഴ് കപ്പലുകളും മാത്രമാണ് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചത്.

MediaOne Logo
ഹോർമുസിൽ ആശങ്കയൊഴിയുന്നില്ല: പ്രതിദിനം 140 എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ കടന്നുപോകുന്നത് വെറും ഏഴ് കപ്പലുകൾ!
X

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ബോട്ട്  Photo-  AFP-File

തെഹ്റാന്‍: യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സാധാരണ നിലയിലായില്ല. ചൊവ്വാഴ്ച വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നെങ്കിലും, വളരെ കുറഞ്ഞ എണ്ണം കപ്പലുകൾ മാത്രമാണ് ഇതുവരെ കടലിടുക്ക് മുറിച്ചുകടന്നതെന്നാണ് കപ്പൽ ട്രാക്കിംഗ് ഡാറ്റകൾ വ്യക്തമാക്കുന്നത്.

ബുധനാഴ്ച അഞ്ച് കപ്പലുകളും വ്യാഴാഴ്ച ഏഴ് കപ്പലുകളും മാത്രമാണ് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചത്. ആക്രമണങ്ങൾക്ക് മുൻപ് പ്രതിദിനം ശരാശരി 120 മുതൽ 140 വരെ കപ്പലുകൾ ഇതേ പാതയിലൂടെ കടന്നുപോയിരുന്നു. 325 ടാങ്കറുകൾ ഉൾപ്പെടെ 600ലധികം കപ്പലുകൾ ഇപ്പോഴും പേർഷ്യൻ ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് 'ലോയ്ഡ്സ് ലിസ്റ്റ് ഇന്റലിജൻസ്' പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്നതിനാൽ കപ്പലുടമകൾ വലിയ ജാഗ്രതയിലാണ്. സ്ഥിതിഗതികൾ അനുകൂലമായാൽ പോലും പ്രതിദിനം പരമാവധി 10 മുതൽ 15 വരെ കപ്പലുകൾക്ക് മാത്രമേ നിലവിൽ സുരക്ഷിതമായി കടന്നുപോകാൻ സാധിക്കൂ എന്നാണ് വിലയിരുത്തല്‍.

ഇതിനിടെ രണ്ട് ആഴ്ചത്തേക്ക് ഹോര്‍മുസിലൂടെ സുരക്ഷിതമായ പാത അനുവദിക്കുമെന്ന വാഗ്ദാനം ഉൾപ്പെടെയുള്ള വെടിനിർത്തൽ കരാറിലെ നിബന്ധനകൾ പാലിക്കുന്നതിൽ ഇറാൻ പരാജയപ്പെട്ടുവെന്ന് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. കരാർ പാലിക്കുന്നില്ലെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും നേരത്തെ യുഎസിനെ കുറ്റപ്പെടുത്തിയിരുന്നു. ഇസ്രായേൽ ലെബനനിൽ തുടരുന്ന ആക്രമണങ്ങളെ പരാമർശിച്ചുകൊണ്ടായിരുന്നു അരാഗ്ചിയുടെ പരാമര്‍ശം.

ഫെബ്രുവരി 28-ന് ഇറാനെതിരെ യുഎസും ഇസ്രായേലും ആക്രമണം തുടങ്ങിയതോടെയാണ് ഈ മേഖലയിൽ സംഘർഷം രൂക്ഷമായത്. ലോകത്തെ എണ്ണ-പ്രകൃതിവാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഈ ജലപാത അടഞ്ഞുകിടക്കുന്നത് ആഗോള എണ്ണവിലയിലും ഇന്ധന ലഭ്യതയിലും വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ കപ്പലുകൾക്ക് സുരക്ഷാ അനുമതി ലഭിച്ചാൽ മാത്രമേ വിപണിയിൽ ആശ്വാസം പ്രകടമാകൂ.

TAGS :

Next Story