യാത്രക്കാരൻ ഫോൺ മോഷ്ടിച്ചെന്ന് ക്രൂ അംഗങ്ങൾ; ഒരുമണിക്കൂർ നീണ്ട പരിശോധന, നാടകീയതക്കൊടുവിൽ സത്യം പുറത്ത്
80 മിനിറ്റിലേറെയാണ് വിമാനം വൈകിയത്

representative image
ലണ്ടൻ: വിമാനത്താവളത്തിലെ സെക്യൂരിറ്റി ഗാർഡിന്റെ മൊബൈൽ ഫോൺ യാത്രക്കാരൻ മോഷ്ടിച്ചെന്ന ആരോപണത്തെതുടര്‍ന്ന് വിമാനം വൈകിയത് ഒരുമണിക്കൂര്‍. ലണ്ടനിൽ നിന്ന് ടിറാനയിലേക്കുള്ള വിസ് എയർ വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ക്രൂം അംഗങ്ങളാണ് മോഷണത്തെക്കുറിച്ച് യാത്രക്കാരെ അറിയിച്ചത്. പൊലീസ് പരിശോധനയും തുടർന്നുള്ള നടപടികൾക്കും പിന്നാലെ വിമാനം ഒരുമണിക്കൂറിലധികം വൈകുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച് 3.10 ന് ലണ്ടനിലെ ലൂട്ടൺ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാൻ നിന്ന വിമാനത്തിലാണ് എയർലൈൻ ജീവനക്കാരൻ മോഷണവിവരം പങ്കുവെച്ചത്. കാണാതായ ഫോൺ യാത്രക്കാരൻ എടുക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെന്നായിരുന്നു ജീവനക്കാരുടെ ആരോപണം. ഫോൺ കണ്ടെത്തുന്നവരുടെ വിമാനം പറന്നുയരില്ലെന്നും ക്രൂ അംഗങ്ങൾ അറിയിച്ചു.
''ഫോൺ വിമാനത്തിലുണ്ടെന്ന് ഞങ്ങൾക്കറിയാം. ഈ വിമാനത്തിന്റേതല്ലാത്ത സാധനവുമായി യാത്രചെയ്യാൻ സാധിക്കില്ല. അത് സുരക്ഷാ പ്രശ്‌നമാണ്.സിസിടിവി ദൃശ്യങ്ങൾ ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ഫോൺ ആരെടുത്താലും അവർ സ്വമേധയാ മുന്നോട്ട് വരമെന്നും'' ക്രൂ അംഗങ്ങൾ അറിയിപ്പ് നൽകി.
എന്നാൽ ആരും മുന്നോട്ട് വന്നില്ല.ഒടുവിൽ അന്വേഷണത്തിന്റെ ഭാഗമായി പൊലീസും വിമാനത്തിലേക്ക് വന്നു. പൊലീസ് എത്തി പരിശോധിച്ചിട്ടും ആരുടെ പക്കലിൽ നിന്നും കാണാതായ മൊബൈൽ ഫോൺ കണ്ടെത്താനായില്ല. ഒടുവിൽ വിമാനത്തിൽ നഷ്ടപ്പെട്ട ഫോണില്ലെന്ന് ജീവനക്കാർ സമ്മതിച്ചു. 88 മിനിറ്റ് വൈകിക്കൊണ്ട് ഒടുവിൽ വിമാനം പറന്നുയരുകയും ചെയ്തു.സംഭവത്തിനെതിരെ യാത്രക്കാർ രൂക്ഷമായി പ്രതികരിച്ചെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിമാനത്താവളങ്ങൾ കൂടുതൽ സുരക്ഷിതമാണെന്നാണ് എല്ലാവരും കരുതുന്നത്.എന്നാൽ അത് വെറുതെയാണെന്നും ലൂട്ടൺ വിമാനത്താവളത്തിൽ പോലും നിങ്ങൾ സുരക്ഷിതരല്ലെന്നും പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത 28 കാരനായ യാത്രക്കാരൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Adjust Story Font
16

