Quantcast

'ഒട്ടിയ വയറും മുഖവും, കൈകാലുകളിൽ വിലങ്ങ്'; തടവിലാക്കപ്പെട്ട ഗസ്സയിലെ ഡോക്ടർ ഹുസ്സാം അബു സഫിയ ക്രൂര പീഡനത്തിരയായതായി കുടുംബം

2002-ൽ നിലവിൽ വന്ന ഇസ്രായേലിന്റെ 'അൺലോഫുൾ കോംബാറ്റന്റ് ലോ' പ്രകാരമാണ് അബു സഫിയയെ തടവിലിട്ടിരിക്കുന്നത്

MediaOne Logo
ഒട്ടിയ വയറും മുഖവും, കൈകാലുകളിൽ വിലങ്ങ്; തടവിലാക്കപ്പെട്ട ഗസ്സയിലെ ഡോക്ടർ ഹുസ്സാം അബു സഫിയ ക്രൂര പീഡനത്തിരയായതായി കുടുംബം
X

ഗസ്സ: 2024 അവസാനത്തിൽ ഇസ്രായേൽ തട്ടിക്കൊണ്ടുപോയി തടവിലിട്ടിരിക്കുന്ന പ്രമുഖ ഫലസ്തീൻ ഡോക്ടറെ ജെറുസലേമിലെ ഇസ്രായേൽ സുപ്രിംകോടതിയിൽ വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കി. വടക്കൻ ഗസ്സയിലെ കമാൽ അദ്വാൻ ആശുപത്രിയുടെ ഡയറക്ടറായ ഡോ. ഹുസ്സാം അബു സഫിയയെ ആണ് മാസങ്ങൾ നീണ്ട തടവുശിക്ഷയ്ക്ക് ശേഷം ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയത്. ഡോക്ടർ കടുത്ത ശാരീരിക പീഡനങ്ങൾക്കിരയായതിന്റെ ലക്ഷണങ്ങൾ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് കുടുംബം പറഞ്ഞു.

പുറത്തുവന്ന ദൃശ്യങ്ങളിൽ അദ്ദേഹത്തിന്റെ മുഖവും വയറും ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ വല്ലാതെ മെലിഞ്ഞുണങ്ങിയ നിലയിലാണ്. തന്നെ തടവിലിട്ടിരിക്കുന്നത് അനീതിയും ഏകപക്ഷീയവുമാണെന്നും ഉടൻ മോചിപ്പിക്കണമെന്നും അബൂ സഫിയ പ്രതിരോധ അഭിഭാഷകനായ നാസർ അബു ഔദെ വഴി കോടതിയോട് പറഞ്ഞു. ഗസ്സയിലെ രോഗികൾക്കും പരിക്കേറ്റവർക്കും ദുർബലരായ ജനങ്ങൾക്കും വൈദ്യസഹായവും പരിചരണവും നൽകുന്ന ഒരു പീഡിയാട്രീഷ്യൻ (കുട്ടികളുടെ ഡോക്ടർ) ആണെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേലി മനുഷ്യാവകാശ സംഘടനയായ ഫിസിഷ്യൻസ് ഫോർ ഹ്യൂമൻ റൈറ്റ്‌സ് ഇസ്രായേലിന്റെ കണക്കനുസരിച്ച്, അബു സഫിയയെ യാതൊരു കുറ്റപത്രവുമില്ലാതെ 500-ലധികം ദിവസമായി തടവിൽ പാർപ്പിച്ചിരിക്കുകയാണ്. ''ഡോ. ഹുസ്സാം ഇപ്പോഴും നഫ്ഹ ജയിലിലെ ഏകാന്ത തടവിലാണ്. കൈകളിലും കാലുകളിലും വിലങ്ങുവെച്ച നിലയിലാണ് അദ്ദേഹം സ്‌ക്രീനിലൂടെ കോടതിയിൽ പ്രത്യക്ഷപ്പെട്ടത്, വിലങ്ങുകൾ അഴിച്ചുമാറ്റാൻ കോടതി വിസമ്മതിച്ചു''- അദ്ദേഹത്തിന്റെ അഭിഭാഷകൻ അബു ഔദെ അൽ ജസീറയോട് പറഞ്ഞു. അദ്ദേഹത്തിന്റെ വിട്ടുമാറാത്ത രോഗത്തിന് ആവശ്യമായ ചികിത്സയോ മരുന്നുകളോ നൽകിയിട്ടില്ല. ക്രൂരമായ മർദനത്തെ തുടർന്ന് കടുത്ത നടുവേദനയും കഴുത്തുവേദനയും അദ്ദേഹം അനുഭവിക്കുന്നുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ കണ്ണട കണ്ടുകെട്ടിയതിനെ തുടർന്ന് കാഴ്ചസംബന്ധമായ പ്രശ്‌നങ്ങളും നേരിടുന്നുണ്ട്, അത് ഇതുവരെ തിരികെ നൽകിയിട്ടില്ലെന്നും അഭിഭാഷകൻ പറഞ്ഞു.

''പിതാവിന്റെ ഏറ്റവും പുതിയ ചിത്രം കണ്ടപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി, ഞങ്ങൾക്ക് കണ്ണീരടക്കാനായില്ല. മാസങ്ങളായി ഞങ്ങൾക്ക് നഷ്ടപ്പെട്ട ഒരു പിതാവിന്റെ മുഖം മാത്രമല്ല ഞങ്ങൾ കണ്ടത്, മറിച്ച് പീഡനത്തിന്റെയും വേദനയുടെയും കടുത്ത തളർച്ചയുടെയും അടയാളങ്ങൾ ആ മുഖത്ത് വ്യക്തമായി പതിഞ്ഞിട്ടുണ്ടായിരുന്നു''- കോടതി നടപടികൾക്ക് ശേഷം അൽ ജസീറയോട് സംസാരിച്ച അബു സഫിയയുടെ മകൻ ഇല്യാസ് അബു സഫിയ പറഞ്ഞു. ഫലസ്തീൻ രാഷ്ട്രീയ തടവുകാർക്കിടയിൽ വ്യാപകമായി കാണപ്പെടുന്ന ചർമരോഗത്തിന്റെ ലക്ഷണങ്ങൾ ഡോക്ടറുടെ കൈകളിൽ പ്രകടമാണെന്ന് അഭിഭാഷകനായ അബു ഔദെ കൂട്ടിച്ചേർത്തു.

കുറ്റപത്രം ചുമത്താതെ തടവിൽ

2024 ഡിസംബർ 27-ന് കമാൽ അദ്വാൻ ആശുപത്രിയിൽ നടത്തിയ റെയ്ഡിനിടെയാണ് ഇസ്രായേൽ സൈന്യം അബു സഫിയയെ പിടികൂടിയത്. ആശുപത്രി ഒഴിഞ്ഞുപോവാനുള്ള ഇസ്രായേലിന്റെ നിർബന്ധിത ഉത്തരവുകൾ അവഗണിച്ച് രോഗികളെ ചികിത്സിക്കാൻ അദ്ദേഹം അവിടെത്തന്നെ തുടരുകയായിരുന്നു. മെഡിക്കൽ സൗകര്യങ്ങൾക്ക് നേരെയുള്ള ഇസ്രായേലിന്റെ ആക്രമണങ്ങൾ നിർത്തലാക്കാൻ ലോകത്തോട് ആവശ്യപ്പെടുന്ന അദ്ദേഹത്തിന്റെ വീഡിയോ പ്രസ്താവനകൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആശുപത്രി കവാടത്തിലുണ്ടായ ഇസ്രായേൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട തന്റെ മകൻ ഇബ്രാഹിമിന്റെ വിലാപയാത്രയ്ക്കും അദ്ദേഹം നേതൃത്വം നൽകിയിരുന്നു.

2002-ൽ നിലവിൽ വന്ന ഇസ്രായേലിന്റെ 'അൺലോഫുൾ കോംബാറ്റന്റ് ലോ' (നിയമവിരുദ്ധ പോരാളി നിയമം) പ്രകാരമാണ് അബു സഫിയയെ തടവിലിട്ടിരിക്കുന്നത്. ഈ നിയമം ഔപചാരികമായ കുറ്റപത്രങ്ങളില്ലാതെ അനിശ്ചിതകാലത്തേക്ക് തടങ്കലിൽവെക്കാൻ അനുവദിക്കുന്നതും തടവുകാർക്ക് ജനീവ കൺവെൻഷൻ പ്രകാരമുള്ള സംരക്ഷണം നിഷേധിക്കുന്നതുമാണ്. അദ്ദേഹത്തിന്റെ തടങ്കൽ തുടരണമോ എന്ന കാര്യത്തിൽ കോടതി വിധി പറയുന്നത് മാറ്റിവെച്ചിരിക്കുകയാണ്. ദിവസങ്ങൾക്കുള്ളിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐക്യരാഷ്ട്രസഭ, ലോകാരോഗ്യ സംഘടന, ഇന്റർനാഷണൽ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസ്, കൂടാതെ നിരവധി മനുഷ്യാവകാശ സംഘടനകളും അഭിഭാഷകരും അബു സഫിയയെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ പ്രസ്താവനകളിൽ, തടവിലാക്കപ്പെട്ട പീഡിയാട്രീഷ്യൻ ഇസ്രായേൽ കസ്റ്റഡിയിൽ കടുത്ത പീഡനങ്ങൾക്ക് ഇരയായതായും ശരീരഭാരം കുറയൽ, ചർമത്തിലെ അണുബാധ, വൈദ്യശാസ്ത്രപരമായ അവഗണന എന്നിവ നേരിടുന്നതായും അവർ റിപ്പോർട്ട് ചെയ്തിരുന്നു.

TAGS :

Next Story