Quantcast

'ഇന്ത്യക്കാരെ ഇനി ജോലിക്കെടുക്കരുത്‌'; ഗൂഗിൾ, മൈക്രോസോഫ്‌റ്റ്‌ അടക്കമുള്ള ടെക്‌ കമ്പനികളോട്‌ നിർദേശവുമായി ട്രംപ്‌

ഇനി മുതല്‍ സ്വന്തം രാജ്യത്തുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്ന് ട്രംപ്‌ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-07-25 06:30:57.0

Published:

25 July 2025 11:43 AM IST

ഇന്ത്യക്കാരെ ഇനി ജോലിക്കെടുക്കരുത്‌; ഗൂഗിൾ, മൈക്രോസോഫ്‌റ്റ്‌ അടക്കമുള്ള ടെക്‌ കമ്പനികളോട്‌ നിർദേശവുമായി ട്രംപ്‌
X

വാഷിങ്ടൺ: ഗൂഗിൾ, മൈക്രോസോഫ്‌റ്റ്‌ പോലുള്ള വൻകിട യുഎസ് ടെക്‌ കമ്പനികൾ ഇന്ത്യക്കാരായ ജീവനക്കാരെ നിയമിക്കുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ കമ്പനികള്‍ ചൈനയില്‍ ഫാക്ടറികള്‍ നിര്‍മിക്കുന്നതിനും ഇന്ത്യക്കാരായ ടെക് വിദഗ്ദ്ധര്‍ക്ക് ജോലി നല്‍കുന്നതിനും പകരം ഇനി മുതല്‍ സ്വന്തം രാജ്യത്തുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

വാഷിങ്ടണില്‍ നടന്ന എഐ ഉച്ചകോടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പരാമർശം. സ്വന്തം രാജ്യത്തുള്ളവരെ പരിഗണിക്കുന്നതിന് പകരം ലോകത്തുള്ള ആര്‍ക്കുവേണമെങ്കിലും ജോലി നല്‍കാമെന്ന വൻകിട ടെക് കമ്പനികളുടെ നിലപാടിനെയും ട്രംപ് വിമര്‍ശിച്ചു. ഈ സമീപനം പല അമേരിക്കയ്ക്കാരേയും അവഗണിക്കപ്പെട്ടവരാക്കിയെന്നും തന്റെ കീഴില്‍ ഇനി അങ്ങനെ സംഭവിക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'പല ടെക് കമ്പനികളും അമേരിക്ക നല്‍കുന്ന ചില സ്വാതന്ത്ര്യങ്ങള്‍ ഉപയോഗിച്ച് ലാഭമുണ്ടാക്കുകയും ഇന്ത്യയില്‍നിന്നുള്ള തൊഴിലാളികളെ നിയമിക്കുകയും ചൈനയില്‍ ഫാക്‌ടറികള്‍ നിര്‍മിക്കുകയും അയര്‍ലൻഡില്‍ ലാഭം പൂഴ്‌ത്തിവയ്‌ക്കുകയുമാണ്‌ ചെയ്യുന്നത്‌. അമേരിക്കൻ പൗരന്‍മാരെ ഇത്തരം കമ്പനികൾ അവഗണിച്ചു. പ്രസിഡന്റ് ട്രംപിന്റെ കീഴില്‍ ആ നാളുകള്‍ കഴിഞ്ഞു. ടെക്‌നോളജി കമ്പനികൾ അമേരിക്കയ്‌ക്കു വേണ്ടി, അമേരിക്കയെ മുന്നിൽനിർത്തി വേണം പ്രവർത്തിക്കാൻ'-ട്രംപ് പറഞ്ഞു.

ഇന്ത്യയിൽ ബെംഗളൂരു, ഹൈദരാബാദ്, പൂനെ തുടങ്ങിയ നഗരങ്ങൾ, ലോകത്തിലെ ഏറ്റവും വലിയ ഐടി ഹബ്ബുകളാണ്. 2024ൽ, ഇന്ത്യയിൽ 1,800ലധികം ഓഫ്ഷോർ കോർപ്പറേറ്റ് ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട് എന്നാണ് കണക്ക്. ഇവയിൽ ഭൂരിഭാഗവും അമേരിക്കൻ കമ്പനികളാണ്. ഈ ഓഫീസുകളിൽ ഏകദേശം 19 ലക്ഷം ഇന്ത്യക്കാർ ജോലി ചെയ്യുന്നു. 2030ഓടെ 6 മുതൽ 9 ലക്ഷം പേർ കൂടി ജോലിയിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയുടെ ഐടി വ്യവസായം കഴിഞ്ഞ വർഷം ഏകദേശം 65 ബില്യൺ ഡോളറിന്റെ വരുമാനമാണ് നേടിയത്. അമേരിക്കൻ കമ്പനികൾക്ക് റിക്രൂട്ട്മെന്റ് കുറയ്ക്കേണ്ടി വന്നാൽ ഇന്ത്യയിലെ ജോലി അവസരങ്ങളെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. പ്രത്യേകിച്ച് ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ.

H-1B വിസാ നിയന്ത്രണങ്ങൾ കർശനമാകാൻ സാധ്യതയുണ്ട് എന്നതാണ് മറ്റൊരു പ്രതിസന്ധി. ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്ക് അമേരിക്കയിൽ ജോലി ചെയ്യാൻ H-1B വിസകൾ നിർണായകമാണ്. . ട്രംപിന്റെ ആദ്യ ഭരണകാലത്ത്, H-1B വിസാ നയങ്ങൾ കർശനമാക്കിയത് ഇന്ത്യൻ എഞ്ചിനീയർമാർക്ക് വെല്ലുവിളിയായിരുന്നു. ഇന്ത്യയിലെ ഗ്ലോബൽ കപ്പാബിലിറ്റി സെന്ററുകൾ അവരുടെ വിപുലീകരണ പദ്ധതികൾ പുനഃപരിശോധിക്കേണ്ടി വന്നേക്കാമെന്നതും തിരിച്ചടിയാകും.

അമേരിക്കൻ ടെക്‌ കമ്പനികൾ രാജ്യത്തിനുപുറത്ത്‌ നിക്ഷേപിക്കുന്നതിനെതിരെ ട്രംപ്‌ മുൻപും രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ കാര്യം അവർ നോക്കുമെന്നും ആപ്പിൾ ഇന്ത്യയിൽ ഐ ഫോൺ ഉണ്ടാക്കരുതെന്നും ആപ്പിൾ സിഇഒ ടിം കുക്കിനോട്‌ ട്രംപ്‌ പറഞ്ഞിരുന്നു.

TAGS :
Next Story