മരിച്ചുപോയ മകനുമായി എന്നും വിഡിയോകോളിലൂടെ സംസാരിച്ച് അമ്മ; ഒരു 'ഡിജിറ്റൽ പുനർജന്മത്തിന്റെ' കഥ...
കഴിഞ്ഞ വർഷം നടന്ന റോഡപകടത്തിലാണ് 80കാരിയുടെ മകന്‍ മരിച്ചത്

- Published:
12 April 2026 6:06 PM IST

ai generated images
ബീജിങ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഇന്ന് നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്വാധീനിച്ചുകൊണ്ടിരിക്കുകയാണ്. പലപ്പോഴും മനുഷ്യന്റെ ജോലി കവരുന്ന, സ്വകാര്യതയെ ബാധിക്കുന്ന വില്ലനായിട്ടാണ് ഈ സാങ്കേതികവിദ്യയെ പലരും കാണാറുള്ളത്. എന്നാൽ,പ്രിയപ്പെട്ട മകന്‍റെ വിയോഗ വാര്‍ത്തയറിഞ്ഞ് തകര്‍ന്നുപോകുമായിരുന്ന ഒരമ്മയെ താങ്ങിനിര്‍ത്താന്‍ സഹായിച്ചത് എഐ സാങ്കേതിക വിദ്യയാണ്. ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലാണ് ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ വർഷം നടന്ന റോഡപകടത്തിലാണ് 80 വയസുകാരിയുടെ മകന്‍ മരിച്ചത്. ഹൃദ്രോഗിയായ അമ്മ മകന്റെ വിയോഗവാർത്ത അവരെ തകർക്കുമെന്നും ഒരുപക്ഷേ ജീവൻ തന്നെ അപകടത്തിലാക്കുമെന്നും ഭയന്ന കുടുംബം വേദനിപ്പിക്കുന്ന തീരുമാനമെടുക്കുകയായിരുന്നു. മകന്‍ മരിച്ചെന്ന സത്യം അമ്മയെ അറിയിക്കേണ്ടതില്ല. പക്ഷേ, മകന്റെ ഫോൺ കോളുകൾക്ക് കാത്തിരിക്കുന്ന അമ്മയെ എങ്ങനെ സമാധാനിപ്പിക്കും? ഇതായിരുന്നു കുടുംബം നേരിട്ട അടുത്ത പ്രശ്നം. ഇതിന് പരിഹാരമായി മരിച്ചയാളുടെ മകനും സുഹൃത്തുക്കളും ഷാങ് സെവെ എന്നയാളുടെ നേതൃത്വത്തിലുള്ള എഐ സംഘത്തെ സമീപിച്ചെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. മരിച്ചയാളുടെ പഴയ ഫോട്ടോകളും ശബ്ദരേഖകളും വിഡിയോകളും വിശകലനം ചെയ്ത് മരിച്ചയാളുടെ ഡിജിറ്റല്‍ പതിപ്പ് സൃഷ്ടിച്ചെടുത്തു. മകൻ സംസാരിക്കുമ്പോൾ കാണിക്കുന്ന പ്രത്യേക ഭാവങ്ങളും അവന്റെ സംസാരശൈലിയും വരെ കൃത്യമായി പുനഃസൃഷ്ടിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് കഴിഞ്ഞു.
'വെർച്വൽ മകനും' അമ്മയും ഇപ്പോൾ ഒരു ചാറ്റ് ആപ്പിലെ വീഡിയോ കോളിലൂടെ എല്ലാ ദിവസവും സംസാരിക്കാറുണ്ട്. മകനെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും കൃത്യസമയത്ത് ഭക്ഷണം കഴിക്കണമെന്നും അമ്മ പറയും. സംശയത്തിനൊന്നും ഇടകൊടുക്കാത്ത രീതിയിലാണ് ഡിജിറ്റല്‍ പതിപ്പിലെ മകന്‍ ഉത്തരം നല്‍കുന്നത്. ജോലിത്തിരക്കിലാണെന്നും കൂടുതല്‍ പണം സമ്പാദിച്ചു കഴിഞ്ഞാൽ അമ്മയുടെ അടുത്തേക്ക് ഞാൻ ഓടി വരുമെന്നും ഡിജിറ്റല്‍ മകന്‍ അമ്മക്ക് മറുപടി നല്‍കുകയും ചെയ്യും. മറുതലയ്ക്കൽ സംസാരിക്കുന്നത് യഥാര്‍ഥ മകനാണെന്നറിയാതെ, സ്ക്രീനിൽ മകന്റെ മുഖം കണ്ട് ആ അമ്മ ഇന്നും സമാധാനത്തോടെ ജീവിക്കുന്നുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയൊരു ചർച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. മരിച്ച ഒരാളെ ഡിജിറ്റലായി പുനഃസൃഷ്ടിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. അമ്മ ഒടുവിൽ ഇക്കാര്യം കണ്ടെത്തിയാൽ ഇത്രയും കാലം സത്യം മറച്ചുവെക്കുന്നത് കൂടുതൽ ദോഷം വരുത്തിവയ്ക്കുമെന്ന് വിമർശകർ പറയുന്നു.
എങ്കിലും, ശാസ്ത്രത്തെ നശീകരണത്തിനല്ല, മറിച്ച് മനുഷ്യന്റെ വേദനകളിൽ ആശ്വാസമേകാനാണ് ഉപയോഗിക്കേണ്ടതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഇതൊരു വഞ്ചനാണ്..എന്നാല്‍ അതൊരു ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നെങ്കില്‍ സാങ്കേതിക വിദ്യ വിജയിക്കുന്നുവെന്ന് മരിച്ചുയാളുടെ ഡിജിറ്റല്‍ പതിപ്പിനെ സൃഷ്ടിച്ച എഐ സംഘത്തിലുള്ളവര്‍ പറയുന്നു.
Adjust Story Font
16
