Quantcast

ബന്ദികളെ തിരികെ ലഭിക്കാൻ ​ഗസ്സയ്ക്കെതിരായ ആക്രമണം അവസാനിപ്പിക്കണം; ഇസ്രായേൽ പ്രതിപക്ഷ നേതാവ്

ഫലസ്തീന് പരമാധികാര രാഷ്ട്രത്തിനുള്ള അവകാശമുണ്ടെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി സ്റ്റെഫാൻ സെജോൺ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2024-01-21 12:15:09.0

Published:

21 Jan 2024 12:12 PM GMT

End war to free captives Says Israel opposition leader says
X

തെൽ അവീവ്: ​ഹമാസ് ബന്ദികളാക്കിയവരെ തിരികെ ലഭിക്കാൻ ഗസ്സയ്‌ക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇസ്രായേൽ പ്രതിപക്ഷ നേതാവ് യായർ ലാപിഡ്. ഹമാസിനെ ഉന്മൂലനം ചെയ്യണമെങ്കിൽ ആദ്യം ബന്ദികളെ പുറത്തെത്തിക്കണമെന്നും ലാപിഡ് പറഞ്ഞു.

'നിങ്ങൾക്ക് ഹമാസിനെ ഉന്മൂലനം ചെയ്യണമെങ്കിൽ ആദ്യം ബന്ദികളെ പുറത്തെടുക്കണം. എത്ര വേദനാജനകമായാലും ഏത് കരാറിനും പൂർണ പിന്തുണയുണ്ടെന്ന് ഞാൻ നെസെറ്റിലും പ്രധാനമന്ത്രിയോട് വ്യക്തിപരമായും പറഞ്ഞിട്ടുണ്ട്'- ലാപിഡിനെ ഉദ്ധരിച്ച് ജിഎൽസെഡ് റേഡിയോ പറഞ്ഞു. ഹമാസിനെതിരായ യുദ്ധം സർക്കാർ മോശമായാണ് കൈകാര്യം ചെയ്യുന്നതെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജിവയ്ക്കണമെന്നും യായർ ലാപിഡ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഫലസ്തീന് പരമാധികാര രാഷ്ട്രത്തിനുള്ള അവകാശമുണ്ടെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി സ്റ്റെഫാൻ സെജോൺ പറഞ്ഞു. 'ഫലസ്തീനികൾക്ക് പരമാധികാരത്തിനും രാഷ്ട്രപദവിക്കും അവകാശമുണ്ട്'- അദ്ദേഹം എക്‌സിൽ കുറിച്ചു. ആ ലക്ഷ്യം കൈവരിക്കാൻ ഫലസ്തീനികളെ പിന്തുണയ്ക്കുമെന്ന പ്രതിജ്ഞയിൽ ഫ്രാൻസ് വിശ്വസ്തത പുലർത്തുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

നേരത്തെ, ഇസ്രായേലിന് ഹമാസിനെ ഒരിക്കലും പരാജയപ്പെടുത്താനാവില്ലെന്ന് യുദ്ധ കാബിനറ്റ് മന്ത്രിയും മുൻ കരസേനമധാവിയുമായ ഗാഡി ഐസൻകോട്ട് പറഞ്ഞിരുന്നു. ഐ‌ഡി‌എഫ് മുൻ ചീഫ് ഓഫ് സ്റ്റാഫായിരുന്ന ഐസെൻ‌കോട്ട്, ചാനൽ 12-ന് നൽകിയ അഭിമുഖത്തിലാണ് നെതന്യാഹുവിന്റെ യുദ്ധതന്ത്രങ്ങളെ രൂക്ഷമായി വിമർശിച്ചതും ഇസ്രായേലിന്റെ പരാജയം സമ്മതിച്ചതും.

ബെഞ്ചമി​ൻ നെതന്യാഹു​വിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം യുദ്ധനേട്ടമെന്ന പോലെ പറയുന്നതെല്ലാം നുണ മാത്രമാണെന്നും ഐസൻകോട്ട് പറഞ്ഞു. ഹമാസിനെ പൂർണമായും ഇല്ലാതാക്കുമെന്ന അവകാശവാദത്തോടെ തുടങ്ങിയ യുദ്ധം 105 ദിവസം പിന്നിട്ടിട്ടും എങ്ങുമെത്തിയിട്ടില്ല.

ഹമാസിന്റെ ‘സമ്പൂർണ പരാജയം’ എന്നത് നെതന്യാഹുവിന്റെ ദിവാസ്വപ്നം മാത്രമാണ്. അതൊരു ഒരു പഴങ്കഥയായി മാറും. ഹമാസിനെ തോൽപ്പിക്കാനിറങ്ങും മുമ്പ് ആദ്യപരിഗണന നൽകേണ്ടത് ബന്ദികളെ മോചിപ്പിക്കലിനായിരുന്നു. യുദ്ധമല്ല, ചർച്ച മാത്രമാണ് ബന്ദികളെ രക്ഷിക്കാനടക്കമുള്ള എല്ലാത്തിനും പരിഹാരമെന്ന് ഐസൻകോട്ട് മുന്നറിയിപ്പ് നൽകി.

നെതന്യാഹുവിനെ പുറന്തള്ളാതെ യുദ്ധത്തിൽ വിജയിക്കാനാവില്ലെന്ന്​ മന്ത്രിസഭാംഗം ബെൻ ഗവിർ ചൂണ്ടിക്കാട്ടി. ഹമാസിനെതിരെ സമ്പൂർണ വിജയം നേടുന്നത് വരെ ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുമെന്ന നെതന്യാഹുവിന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിമാരുടെ പ്രതികരണം.

അതേസമയം, നെതന്യാഹുവിന് സ്വന്തം നാട്ടിൽ തിരിച്ചടി തുടരുകയാണ്. ആയിരക്കണക്കിന് ഇസ്രായേലികൾ തെൽ അവീവിൽ പുതിയ തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്ത് തെരുവിലിറങ്ങി. ഇതിനിടെ, ബന്ദിമോചനം ആവശ്യപ്പെട്ട് നിരവധി പേർ നെതന്യാഹുവിന്റെ വീടിന് പുറത്തും പ്രതിഷേധ പ്രകടനം നടത്തി.

ഗസ്സയിലുള്ള 100ലധികം ബന്ദികളുടെ കുടുംബങ്ങളാണ് നെതന്യാഹുവിനെതിരെ പ്രതിഷേധിച്ചത്. ​ഗസ്സയിലെ ഇസ്രായേലിന്റെ സൈനിക നീക്കങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് തങ്ങൾ ഭയപ്പെടുന്നതായി കുടുംബങ്ങൾ പറയുന്നു.





TAGS :

Next Story