റഷ്യന്‍ ആയുധപ്പുര ഇറാന് വേണ്ടി തുറന്നിരിക്കുകയാണോ? ഇറാന് ഡ്രോണുകള്‍ എത്തിച്ചുനല്‍കുന്നുണ്ടെന്ന് യുഎസ് ഇന്റലിജന്‍സ് ഏജന്‍സി
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇറാനും റഷ്യയും തമ്മിലുള്ള കൂട്ടുകെട്ട് ആശങ്ക ജനിപ്പിക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി പ്രതികരിച്ചിരുന്നു

വാഷിങ്ടണ്‍: യുഎസുമായി ചേര്‍ന്ന് ഫെബ്രുവരി 28-ന് ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയുണ്ടായ യുദ്ധത്തില്‍ ഇറാനെ പിന്തുണയ്ക്കാന്‍ റഷ്യ തയ്യാറെടുക്കുന്നതായി യുഎസ് ഇന്റലിജന്‍സ് ഏജന്‍സി. യുദ്ധത്തില്‍ ഇറാന് ആവശ്യമായ ഡ്രോണുകള്‍ എത്തിച്ചുനല്‍കുന്നതുമായി ബന്ധപ്പെട്ട് റഷ്യ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുകയാണെന്ന് മുതിര്‍ന്ന യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ യുഎസ് സൈനികകേന്ദ്രങ്ങളെ കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ റഷ്യ ഇറാന് കൈമാറിയെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിരൂക്ഷമായി തുടരുന്ന യുദ്ധത്തില്‍ ഇറാന്‍ പ്രയോഗിക്കുന്ന മാരക പ്രഹരശേഷിയുള്ള ഡ്രോണുകള്‍ റഷ്യന്‍ പിന്തുണയുടെ തെളിവുകളാണെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. യുദ്ധത്തില്‍ കെടുതി നേരിട്ടുകൊണ്ടിരിക്കുന്ന ഇറാന് ആവശ്യമായ മരുന്നുകള്‍, ഭക്ഷണം, ഡ്രോണുകള്‍ എന്നിവ റഷ്യ ഇറക്കുമതി ചെയ്‌തേക്കുമെന്നാണ് യുഎസ് ഇന്റലിജന്‍സ് ഏജന്‍സികളെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഫെബ്രുവരി 28-ന് യുദ്ധമാരംഭിച്ചതിന് തൊട്ടുപിന്നാലെ ഡ്രോണ്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് റഷ്യ-ഇറാന്‍ അധികൃതര്‍ രഹസ്യമായി ബന്ധപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം, ഇറാനിലേക്ക് ഡ്രോണുകള്‍ അയക്കുന്നെന്ന അഭ്യൂഹങ്ങളോട് റഷ്യന്‍ സൈനിക വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചു. 'നിലവിലെ സാഹചര്യത്തില്‍ നിരവധി കിംവദന്തികള്‍ പ്രചരിക്കുന്നുണ്ട്. ഏതാണ് സത്യമെന്നും അസത്യമെന്നും തിരിച്ചറിയാനാകാത്ത സാഹചര്യമാണുള്ളത്. ഒരുകാര്യം വ്യക്തമാക്കാം, ഇറാനിയന്‍ നേതൃത്വവുമായി തുടക്കത്തില്‍ ഉണ്ടായിരുന്നതുപോലെ ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ട്'. റഷ്യന്‍ പ്രതിനിധി വ്യക്തമാക്കി.
നേരത്തെ, കഴിഞ്ഞവര്‍ഷം റഷ്യയും ഇറാനും തമ്മില്‍ സ്ട്രാറ്റജിക് പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചിരുന്നു. അതുപ്രകാരം, റഷ്യ 13 ടണ്‍ മെഡിസിന്‍ അസര്‍ബൈജാന്‍ വഴി ഇറാനിലേക്ക് കൊടുത്തയച്ചിരുന്നു. പശ്ചിമേഷ്യയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന യുദ്ധത്തില്‍ റഷ്യന്‍ ഇടപെടല്‍ മേഖലയെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് യുഎസ് പ്രതിനിധികള്‍ നേരത്തെ പ്രതികരിച്ചിരുന്നു. റഷ്യന്‍ ഇടപെടല്‍ മറ്റ് രാജ്യങ്ങളെ പ്രകോപിതരാക്കാനുള്ള സാധ്യതയും ചില്ലറയല്ല. ഇറാനെ സഹായിക്കാന്‍ റഷ്യ തയ്യാറാകുന്നത് യുക്രൈനിനെതിരായ അവരുടെ ആക്രമണത്തെ മറച്ചുപിടിക്കാനാണെന്ന് നേരത്തെ ജര്‍മന്‍ വിദേശകാര്യ മന്ത്രി യോവാന്‍ വേഡ്‌ഫോല്‍ വിമര്‍ശിച്ചിരുന്നു.
'യുക്രൈനിനെതിരായ ആക്രമണത്തെ അപലപിക്കുന്നതില്‍ നിന്ന് നമ്മുടെ ശ്രദ്ധ തിരിക്കാനാണ് റഷ്യ ഇറാനെ സഹായിക്കുന്നതെന്ന് വ്യക്തമാണ്. ഈ കണക്കുകൂട്ടല്‍ വിജയിക്കുമെന്ന് തോന്നുന്നില്ല. രണ്ട് സംഘര്‍ഷങ്ങളും എത്രത്തോളം പിടിച്ചുലച്ചിട്ടുണ്ടെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് വ്യക്തതയുണ്ട്. ഇതില്‍, ഇറാനെ മാത്രം റഷ്യ സഹായിക്കുന്നുണ്ടെന്നത് തെളിവുകളുടെ അടിസ്ഥാനത്തില്‍ ശരിയായില്ല'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലെ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇറാനും റഷ്യയും തമ്മിലുള്ള കൂട്ടുകെട്ട് ആശങ്ക ജനിപ്പിക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയും പ്രതികരിച്ചു. നേരത്തെ, ഇറാന്‍ സൈന്യത്തെ ചെറിയ രീതിയില്‍ പുടിന്‍ സഹായിക്കുന്നുണ്ടാകാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു. പിന്തുണ തുടരുകയാണെങ്കില്‍ റഷ്യക്കെതിരെ പോരടിക്കുന്ന ഉക്രൈന്‍ സൈന്യത്തെ സമാനമായ രീതിയില്‍ അമേരിക്കയും പിന്തുണക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
യുഎസുമായി ചേര്‍ന്ന് ഇറാനില്‍ ഇസ്രായേല്‍ ഫെബ്രുവരി 28-ന് നടത്തിയ ആക്രമണത്തിന്റെ പിന്നാലെയുണ്ടായ സംഘര്‍ഷം നാലാഴ്ച പിന്നിട്ടിരിക്കുകയാണ്. യുദ്ധത്തില്‍ ഇതിനോടകം 1937 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. അധ്യാപകരും വിദ്യാര്‍ഥികളുമുള്‍പ്പെടെ 250-ഓളം പേരും മരിച്ചവരില്‍ പെടും. 20,000-ത്തോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അവരിലധികവും സ്ത്രീകളും കുട്ടികളുമാണ്.
Adjust Story Font
16

