Quantcast

ഇസ്രായേലിനെ ഞെട്ടിച്ച് ദക്ഷിണ തെല്‍ അവീവിലെ മൂന്നിടങ്ങളില്‍ സ്‌ഫോടനം

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തര സുരക്ഷാ സമിതി യോഗം വിളിച്ചു

MediaOne Logo

Web Desk

  • Published:

    21 Feb 2025 8:40 AM IST

ഇസ്രായേലിനെ ഞെട്ടിച്ച് ദക്ഷിണ തെല്‍ അവീവിലെ മൂന്നിടങ്ങളില്‍ സ്‌ഫോടനം
X

തെല്‍ അവീവ്: ഇസ്രായേലിനെ ഞെട്ടിച്ച് ദക്ഷിണ തെല്‍ അവീവിലെ മൂന്നിടങ്ങളില്‍ സ്‌ഫോടനം. ഇന്നലെ രാത്രിയായിരുന്നു ദക്ഷിണ തെല്‍ അവീവിലെ ബസിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലുമായി മൂന്നിടങ്ങളില്‍ സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ആളപായമില്ലെന്ന് ഇസ്രായേല്‍ സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു.

തെല്‍ അവീവിലെ ബാത് യാമിലെ യാത്രക്കാരില്ലാത്ത ബസില്‍ ആയിരുന്നു ആദ്യ സ്‌ഫോടനം. സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലായി രണ്ടാം സ്‌ഫോടനവും നാലു കിലോമീറ്റര്‍ അകലെയായി മൂന്നാം സ്‌ഫോടനവും നടന്നു. പ്രദേശത്തു നിന്ന് കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്. തെല്‍ അവീവില്‍ ഉടനീളം സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താനുള്ള പരിശോധനയും ആരംഭിച്ചു. ഭീകരക്രമണമാണ് നടന്നതെന്ന് ഇസ്രായേല്‍ തെല്‍ അവീവ് ജില്ലാ സൈനിക കമാന്‍ഡര്‍ പറഞ്ഞു. ഫലസ്തീന്‍ പ്രദേശത്ത് നിര്‍മിച്ച സ്‌ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്നും അദ്ദേഹം ആരോപിച്ചു. സ്‌ഫോടന പശ്ചാത്തലത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തര സുരക്ഷാ സമിതി യോഗം വിളിച്ചു ചേര്‍ത്തതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ, ഗസയില്‍ രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ച സങ്കീര്‍ണത നിറഞതാണെങ്കിലും പ്രതീക്ഷയുണ്ടെന്ന് അമേരിക്കയുടെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റിവ് വിറ്റ്‌കോഫ് പറഞ്ഞു. ഗസയില്‍ നിന്ന് ഫലസ്തീനികളെ പുറന്തള്ളാനുള്ള പദ്ധതിയല്ല ട്രംപ് മുന്നില്‍ കാണുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഫലസ്തീന്‍ ജനതക്ക് ഗസയിലോ പുറത്തോ മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അറബ് രാജ്യങ്ങളുടെ എതിര്‍പ്പ് മുന്‍നിര്‍ത്തി സ്റ്റിവ് വിറ്റ്‌കോഫ് പ്രതികരിച്ചു.

വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരമുള്ള ഏഴാമത് ബന്ദി കൈമാറ്റം നാളെ നടക്കും. അറ് ബന്ദികളെയാകും ഹമാസ് കൈമാറുക. നാല് ഇസ്രായേലികളുടെ മൃതദേഹങ്ങള്‍ ഹമാസ് ഇന്നലെ കൈമാറിയിരുന്നു. മാതാവിന്റെയും രണ്ടു കുട്ടികളുടെയും 83കാരന്റെയും മൃതദേഹങ്ങളാണ് ഇന്നലെ കൈമാറിയത്.

TAGS :

Next Story