എഫ്ബിഐ ഡയരക്ടര്‍ കാഷ് പട്ടേലിനെ ട്രംപ് ഉടന്‍ പുറത്താക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
കാഷ് പട്ടേലിൻ്റെ അമിത മദ്യപാന ശീലത്തെക്കുറിച്ചും ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ വീഴ്ചകളെക്കുറിച്ചും പുറത്തുവരുന്ന വാര്‍ത്തകളില്‍ ട്രംപ് അസന്തുഷ്ടനാണെന്ന് റിപ്പോര്‍ട്ട്

- Updated:
2026-04-26 15:11:20.0

വാഷിങ്ടണ്‍ ഡിസി: ഇന്ത്യന്‍ വംശജനായ എഫ്ബിഐ ഡയരക്ടര്‍ കാഷ് പട്ടേലിനെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉടന്‍ പുറത്താക്കുമെന്ന് റിപ്പോര്‍ട്ട്. പ്രധാന അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ തലപ്പത്തിരിക്കുന്ന കാഷ് പട്ടേലിന്റെ അമിത മദ്യപാന ശീലത്തെക്കുറിച്ചും ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ വീഴ്ചകളെക്കുറിച്ചും പുറത്തുവരുന്ന വാര്‍ത്തകളില്‍ ട്രംപ് അസന്തുഷ്ടനാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്യുന്നു. തീരുമാനം എപ്പോള്‍ പ്രഖ്യാപിക്കുമെന്നത് മാത്രമേ ഇനി കാത്തിരിക്കേണ്ടതുള്ളൂവെന്നാണത്രെ വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
അമിത മദ്യപാനവും പൊതു സുരക്ഷക്ക് അപകടമുണ്ടാക്കുന്ന പെരുമാറ്റവുമാണ് കാഷ് പട്ടേലിനെതിരെയുള്ള പ്രധാന ആരോപണങ്ങള്‍. മദ്യപിച്ച് അവശനായി പലപ്പോഴും ഔദ്യോഗിക യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാറുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇറ്റലിയില്‍ നടന്ന വിന്റര്‍ ഒളിംപിക്സില്‍ യുഎസ് പുരുഷ ഹോക്കി ടീമിനൊപ്പം പട്ടേല്‍ ബിയര്‍ കുടിക്കുന്നതും മേശയില്‍ അടിച്ച് ആഘോഷിക്കുന്നതിന്റെയും വിഡിയോ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഭരണപരമായ കാര്യങ്ങളിലും കാഷ് പട്ടേല്‍ വലിയ വിമര്‍ശനം നേരിടുന്നുണ്ട്.
ട്രംപിന്റെ താല്‍പര്യപ്രകാരം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കാഷ് പട്ടേല്‍ എഫ്ബിഐ ഡയരക്ടറായി ചുമതലയേറ്റത്. പിന്നീട് പലപ്പോഴായി വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. സെപ്റ്റംബറില്‍ ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ നല്‍കിയതും ബ്രൗണ്‍ സര്‍വകലാശാലയിലെ വെടിവെപ്പ് കേസിലെ പ്രതിയെ സംബന്ധിച്ച അബദ്ധ പ്രസ്താവനകളും പട്ടേലിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. കാമുകിയും ഗായികയുമായ അലക്‌സിസ് വില്‍ക്കിന്‍സിന് സുരക്ഷയൊരുക്കാന്‍ എഫ്ബിഐയുടെ പ്രത്യേക ടീമിനെ ദുരുപയോഗം ചെയ്തു എന്ന ഗൗരവകരമായ ആരോപണവും പട്ടേലിനെതിരെയുണ്ട്.
സമീപകാലങ്ങളിലായി നിരവധി ഉന്നത ഉദ്യോഗസ്ഥരെ ട്രംപ് പുറത്താക്കിയിട്ടുണ്ട്. അറ്റോണി ജനറല്‍ പാം ബോണ്ടി, ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം എന്നിവരെ കഴിഞ്ഞ മാസമാണ് പുറത്താക്കിയത്. നാവിക സെക്രട്ടറി ജോണ്‍ ഫെലനെ കഴിഞ്ഞയാഴ്ച പുറത്താക്കി. ഇറാനിലെ യുദ്ധത്തിനിടെ ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ റാന്‍ഡി ജോര്‍ജ്, ആര്‍മി ട്രാന്‍സ്ഫോര്‍മേഷന്‍ ആന്‍ഡ് ട്രെയിനിങ് കമാന്‍ഡ് മേധാവി ജനറല്‍ ഡേവിഡ് ഹോഡ്‌നെ, ആര്‍മി ചാപ്ലയിന്‍ കോര്‍പ്സ് മേധാവി മേജര്‍ ജനറല്‍ വില്യം ഗ്രീന്‍ എന്നിവരെയും സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.
Adjust Story Font
16
