ഗസ്സ സമാധാന ചർച്ചകളുടെ ആദ്യ ദിവസം 'പോസിറ്റീവായി' അവസാനിച്ചു
ഖത്തറിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രക്ഷപ്പെട്ട നേതാക്കളായ ഖലീൽ അൽ-ഹയ്യ, സഹിർ ജബാരിൻ എന്നിവർ ഹമാസ് പ്രതിനിധികളായി ചർച്ചയിൽ പങ്കെടുത്തു

ഗസ്സ: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച പദ്ധതികളുമായി ഈജിപ്തിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള പരോക്ഷ ചർച്ചകളുടെ ആദ്യ ദിവസം അവസാനിച്ചു. ആദ്യ ദിവസം 'പോസിറ്റീവായി' അവസാനിച്ചു. തുടർ ചർച്ചകൾക്കായി നേതാക്കൾ ചൊവ്വാഴ്ച തിരിച്ചെത്തും.
ഗസ്സയിൽ ഇസ്രായേൽ തുടർച്ചയായി ബോംബാക്രമണം നടത്തുന്നത് തടവുകാരെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് വെല്ലുവിളി ഉയർത്തുന്നുവെന്ന് ഹമാസ് പ്രതിനിധി സംഘം ചർച്ചയിൽ ഉന്നയിച്ചു. ഖത്തറിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രക്ഷപ്പെട്ട നേതാക്കളായ ഖലീൽ അൽ-ഹയ്യ, സഹിർ ജബാരിൻ എന്നിവർ ഹമാസ് പ്രതിനിധികളായി ചർച്ചയിൽ പങ്കെടുത്തു.
ആദ്യ ദിവസത്തെ ചർച്ചയിൽ തടവുകാരുടെ കൈമാറ്റം, വെടിനിർത്തൽ, ഗസ്സയിലേക്ക് പ്രവേശിക്കുന്ന മാനുഷിക സഹായം എന്നിവ ഉൾപ്പെട്ടിരുന്നുവെന്ന് ഈജിപ്ഷ്യൻ മാധ്യമം അൽ-ഖഹേര ന്യൂസ് റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച ഉച്ചക്ക് ഓവൽ ഓഫീസിൽ നിന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഒരു കരാറിലെത്താൻ നല്ലൊരു അവസരമുണ്ടെന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ മരുമകനും റിയൽ എസ്റ്റേറ്റ് ഡെവലപ്പറുമായ ജാരെഡ് കുഷ്‌നറും ചർച്ചക്കായുള്ള യുഎസ് പ്രതിനിധി സംഘത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.
എന്നാൽ വെടിനിർത്തൽ ചർച്ചകൾക്കിടയിലും ഗസ്സയിലുടനീളം ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ 10 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ മൂന്ന് പേർ മാനുഷിക സഹായം തേടുന്നതിനിടെയാണ് കൊല്ലപ്പെട്ടതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
Adjust Story Font
16

