ഖാൻ യൂനിസിൽ പ്രതിരോധസേനയുടെ ആക്രമണത്തിൽ അഞ്ച് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു
ഏതാനും സൈനികർക്ക് പരിക്കേറ്റതായും ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഖാൻ യൂനിസിൽ: പ്രതിരോധസേനയുടെ മിന്നലാക്രമണത്തിൽ അഞ്ച് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. പതിയിരുന്ന് നടത്തിയ ആക്രമണത്തിൽ സൈന്യമുണ്ടായിരുന്ന കെട്ടിടം തകർന്നുവീണു. ഏതാനും സൈനികർക്ക് പരിക്കേറ്റതായും ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും തകർന്ന കെട്ടിടത്തിനടിയിൽ സൈനികർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഐഡിഎഫ് അറിയിച്ചു.
അതേസമയം ബലിപെരുന്നാൾ ദിനത്തിലും ഗസ്സയിൽ ഇസ്രായേൽ രൂക്ഷമായ ആക്രമണം തുടരുകയാണ്. സഹായവിതരണ കേന്ദ്രങ്ങളിലേക്ക് രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെ മാത്രമേ യാത്ര അനുവദിക്കൂ എന്ന് ഇസ്രായേൽ സൈന്യം ഗസ്സയിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അനുവദിക്കപ്പെട്ട സമയത്തല്ലാതെ വിതരണകേന്ദ്രങ്ങളിലേക്ക് പോയാൽ ജീവൻ അപകടത്തിലാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്.
തെക്കൻ ഗസ്സയിലെ സഹായവിതരണ കേന്ദ്രത്തിൽ ഇസ്രായേൽ നടത്തിയ ഷെല്ലാക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. ജീവതത്തിലെ ഏറ്റവും പ്രയാസകരമായ ഈദാണ് ഈ വർഷത്തേത്. സാമ്പത്തികമായും മാനുഷികമായും സങ്കൽപ്പിക്കാനാവാത്ത ദുരിതമാണ് തങ്ങൾ നേരിടുന്നതെന്ന് ഗസ്സ നിവാസിയായ ഇബ്രാഹീം അഹമ്മദ് പറഞ്ഞു.
''കഴിഞ്ഞ ഈദ് ആഘോഷങ്ങളിൽ സമാധാനവും സന്തോഷവും നിറഞ്ഞ ഈ പള്ളിയിലാണ് ഞങ്ങൾ പ്രാർഥിച്ചിരുന്നത്. ഇന്ന് പള്ളി തകർന്നു കിടക്കുന്നു, ഞങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ പ്രാർഥിക്കുന്നു''-ഇബ്രാഹീം അൽ ജസീറയോട് പറഞ്ഞു.
ഒക്ടോബർ ഏഴിന് തുടങ്ങിയ ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ 54,677 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 125,530 പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു.
Adjust Story Font
16

