Quantcast

ട്രംപിന്റെ ഗസ്സ പദ്ധതിയിലെ ഉത്തരം ലഭിക്കാത്ത അഞ്ച് ചോദ്യങ്ങൾ

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ അടങ്ങിയ 20 ഇന പദ്ധതി ഡൊണാൾഡ് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഹമാസ് നിരായുധീകരണം ഉൾപ്പെടെയുള്ള നിർദേശം ഇസ്രായേൽ അംഗീകരിക്കുകയും ചെയ്തു. എന്നാൽ മേഖലയുടെ ഭാവിക്ക് നിർണായകമായേക്കാവുന്ന നിരവധി അവ്യക്തമായ വ്യവസ്ഥകൾ ഇതിൽ ഉൾപ്പെടുന്നു

MediaOne Logo

Web Desk

  • Published:

    30 Sept 2025 11:23 AM IST

ട്രംപിന്റെ ഗസ്സ പദ്ധതിയിലെ ഉത്തരം ലഭിക്കാത്ത അഞ്ച് ചോദ്യങ്ങൾ
X

ഗസ്സ: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ അടങ്ങിയ 20 ഇന പദ്ധതി ഡൊണാൾഡ് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഹമാസ് നിരായുധീകരണം ഉൾപ്പെടെയുള്ള നിർദേശം ഇസ്രായേൽ അംഗീകരിക്കുകയും ചെയ്തു. എന്നാൽ മേഖലയുടെ ഭാവിക്ക് നിർണായകമായേക്കാവുന്ന നിരവധി അവ്യക്തമായ വ്യവസ്ഥകൾ ഇതിൽ ഉൾപ്പെടുന്നു.

നിർദേശത്തിലെ പരിഹരിക്കപ്പെടാത്ത അഞ്ച് പ്രശ്നങ്ങൾ ഇവയാണ്:

ഗസ്സ എങ്ങനെ ഭരിക്കപ്പെടും?

ടെക്നോക്രാറ്റുകളുടെ നേതൃത്വത്തിൽ രാഷ്ട്രീയേതര ഫലസ്തീൻ കമ്മിറ്റിയുടെ താൽക്കാലിക ഭരണമാണ് നിർദേശത്തിൽ വിഭാവനം ചെയ്യുന്നത്. എന്നാൽ പാനൽ എങ്ങനെ രൂപീകരിക്കുമെന്നോ അതിലെ അംഗങ്ങളെ ആര് തെരഞ്ഞെടുക്കുമെന്നോ അതിൽ വിശദമാക്കിയിട്ടില്ല. മാത്രമല്ല, ട്രംപും യുണൈറ്റഡ് കിംഗ്ഡത്തിന്റെ മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറും ഭരണസമിതിയുടെ മേൽനോട്ടം വഹിക്കുന്ന ഒരു 'സമാധാന ബോർഡിന്' നേതൃത്വം നൽകുമെന്ന് പദ്ധതിയിൽ പറയുന്നു. എന്നാൽ ഈ ബോർഡും ഫലസ്തീൻ കമ്മിറ്റിയും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം എന്താണെന്നോ ദൈനംദിന തീരുമാനങ്ങൾ ഏത് തലത്തിലാണ് എടുക്കുന്നതെന്നോ വിശദീകരിക്കുന്നില്ല. സദ്ദാം ഹുസൈന്റെ ഭരണകൂടത്തിനെതിരെ 2003-ലെ ഇറാഖ് അധിനിവേശത്തെ അന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ബ്ലെയർ പിന്തുണക്കുകയും ബ്രിട്ടീഷ് സായുധ സേനയെ ഇറാഖ് യുദ്ധത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു.

ഫലസ്തീൻ അതോറിറ്റി ഇതിൽ പങ്കാളിയാകുമോ?

ഫലസ്തീൻ അതോറിറ്റി (പിഎ) അതിന്റെ പരിഷ്കരണ പരിപാടി പൂർത്തിയാക്കുന്നതുവരെ മുകളിൽ സൂചിപ്പിച്ച കമ്മിറ്റിയായിരിക്കും ഗസ്സയുടെ നിയന്ത്രണം ഏറ്റെടുക്കുകയെന്നാണ് ട്രംപിന്റെ പദ്ധതിയിൽ പറയുന്നത്. എന്നാൽ ഫലസ്തീൻ അതോറിറ്റി ഗസ്സ ഏറ്റെടുക്കാൻ തയ്യാറാണെന്ന് ആരാണ് സാക്ഷ്യപ്പെടുത്തുക അല്ലെങ്കിൽ പ്രദേശത്തിന്റെ ഭരണം നേടിയെടുക്കാൻ ഫലസ്തീൻ അതോറിറ്റിക്ക് എന്ത് മാനദണ്ഡങ്ങൾ പാലിക്കണമെന്നൊന്നും നിർദേശത്തിൽ വ്യക്തതയില്ല.

അന്താരാഷ്ട്ര സേന എങ്ങനെ രൂപീകരിക്കും?

ഗസ്സയെ 'ഒരു താൽക്കാലിക അന്താരാഷ്ട്ര സ്ഥിരത സേന' (International Stabilisation Force) സുരക്ഷിതമാക്കുമെന്ന് പദ്ധതി പറയുന്നുണ്ടെങ്കിലും അത് എവിടെ നിന്ന് വരും, അതിന്റെ നിയോഗം എന്തായിരിക്കും, ഏതൊക്കെ രാജ്യങ്ങളാണ് ഗസ്സയിലേക്ക് സൈന്യത്തെ അയക്കാൻ തയ്യാറാവുക, ഏതൊക്കെ രാജ്യങ്ങളാണ് പദ്ധതി പ്രകാരം സ്വീകാര്യമാകുക എന്നതിനെ കുറിച്ചൊന്നും യാതൊരു വിശദീകരണവും നൽകുന്നില്ല. ഹമാസിനെ നേരിടാൻ അവരെ ചുമതലപ്പെടുത്തുമോ? ഫലസ്തീനികളെ സംരക്ഷിക്കാൻ ഇസ്രായേൽ സൈന്യത്തിനെതിരെ പോരാടാൻ അവർക്ക് കഴിയുമോ? എന്നതിനും കുറിച്ചും നിർദേശത്തിൽ പറയുന്നില്ല.

ഇസ്രായേൽ ഗസ്സയിൽ നിന്ന് എപ്പോൾ പിന്മാറും?

സമയപരിധികളെ അടിസ്ഥാനമാക്കി ഇസ്രായേൽ ഗസ്സയിൽ നിന്ന് പിന്മാറുമെന്ന് നിർദേശത്തിൽ പറയുന്നുണ്ടെങ്കിലും അത് എങ്ങനെ, എപ്പോൾ സംഭവിക്കുമെന്നതിന് വ്യക്തമായ മാനദണ്ഡങ്ങളൊന്നും നിശ്ചയിക്കുന്നില്ല. മാത്രമല്ല, 'ഏതെങ്കിലും ഭീകര ഭീഷണിയിൽ' നിന്ന് ഗസ്സ പ്രദേശം സുരക്ഷിതമാക്കുന്നതുവരെ ഇസ്രായേൽ ഗസ്സയിലെ ഒരു 'സുരക്ഷാ പരിധി' നിലനിർത്തുമെന്നും നിർദേശത്തിൽ പറയുന്നു. എന്നാൽ ഈ വ്യവസ്ഥകൾ പാലിക്കപ്പെടാൻ ആരാണ് അന്തിമമായി തീരുമാനിക്കുക എന്നതിനെക്കുറിച്ച് ഒരു വാക്കുമില്ല.

ഫലസ്തീന് സ്വതന്ത്ര രാഷ്ട്ര പദവി നൽകുമോ?

'സംഭവിക്കുന്ന കാര്യങ്ങളിൽ മടുത്തിട്ട് പലരും മണ്ടത്തരമായി ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചു.' എന്ന് തിങ്കളാഴ്ചത്തെ വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞിരുന്നു. അതേസമയം, ട്രംപിന്റെ 20 ഇന നിർദേശത്തിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ സംബന്ധിച്ചുള്ള വ്യക്തമായ ധാരണകളൊന്നും നൽകുന്നില്ല.


TAGS :

Next Story