ഇസ്രായേല്‍ ഖനനം: അൽ അഖ്‌സ മസ്ജിദിന്റെ അടിത്തറ ദുർബലമാക്കുന്നു; മുന്നറിയിപ്പുമായി ജറുസലേം ഗവർണറേറ്റ്
ജറുസലേമിലെ പുണ്യസ്ഥലങ്ങളുടെ മേൽ ഇസ്രായേലി നിയന്ത്രണം സ്ഥാപിക്കാൻ വേണ്ടിയാണ് തുരങ്കങ്ങൾ ഉപയോഗിക്കുന്നതെന്ന് ജറുസലേം ഗവർണറേറ്റിന്റെ ഉപദേശകൻ

Photo-Reuters
ജറുസലേം: അൽ-അഖ്‌സ മസ്ജിദിന് ചുറ്റുമായി ഇസ്രായേൽ നടത്തുന്ന ഖനനം പള്ളിയുടെ അടിത്തറ ദുര്‍ബലമാക്കുന്നതായി ജറുസലേം ഗവര്‍ണറേറ്റ്. ഫലസ്തീനിയന്‍ വാർത്താ ഏജൻസിയായ വഫയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇസ്രായേലിന്റെ ഖനനം മൂലം പള്ളി അപകടാവസ്ഥയിലാണെന്നും കുഴിക്കുന്ന ഓരോ മീറ്ററും പളളിയുടെ തകര്‍ച്ച ആസന്നമാക്കുകയാണെന്നുമുള്ള വാര്‍ത്തകളും വരുന്നുണ്ട്. ലോകം ഇതിനെതിരെ ശബ്ദിക്കണമെന്ന ആവശ്യ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. അൽ-അഖ്സയുടെ തെക്ക്, പടിഞ്ഞാറൻ മതിലുകൾക്ക് സമീപം ഇസ്രായേൽ ഖനനം ഇപ്പോഴും തുടരുകയാണ്.
ഇസ്രായേലിന്‍റെ ഖനനങ്ങൾ അൽ-അഖ്‌സ മസ്ജിദിന്റെ അടിത്തറ ദുർബലമാക്കി അസ്ഥിരപ്പെടുത്തുകയാണെന്നും ചരിത്രപരമായ വീടുകൾ, പുരാതന പാഠശാലകൾ തുടങ്ങിയ ഫലസ്തീനുമായി ബന്ധപ്പെട്ട ശേഷിപ്പുകൾക്ക് കേടുപാടുകൾ വരുത്തുകയാണെന്നും ജറുസലേം ഗവര്‍ണറേറ്റിന്റെ ഉപദേശകന്‍ മഅ്റൂഫ് അൽ രിഫാഇ പറയുന്നു.
ശാസ്ത്രീയ അടിത്തറയൊന്നുമില്ലാതെ മസ്‌ജിദിന്‍റെ ഘടനാപരമായ സ്ഥിരതക്ക് ഭീഷണിയാകുന്ന ഈ ജോലികൾ രഹസ്യമായും അന്താരാഷ്ട്ര മേൽനോട്ടമില്ലാതെയുമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പ്രേരിത നിക്കമാണിത്. പെര്‍മിറ്റ് ഇല്ല എന്നതടക്കമുള്ള കാരണങ്ങള്‍ ആരോപിച്ച് ഫലസ്തീനികളുടെ ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടങ്ങളും ഇസ്രായേൽ അധികൃതർ നീക്കം ചെയ്യാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജറുസലേമിലെ പുണ്യസ്ഥലങ്ങളുടെ മേൽ ഇസ്രായേലി നിയന്ത്രണം സ്ഥാപിക്കാൻ വേണ്ടിയാണ് തുരങ്കങ്ങൾ ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പഴയ നഗരത്തെ ജൂതവൽക്കരിക്കാനും അതിന്റെ മതപരവും സാംസ്കാരികവും ചരിത്രപരവുമായ സ്വഭാവത്തെ മാറ്റിമറിക്കുന്നതിനുമുള്ള ദീർഘകാല രാഷ്ട്രീയ പദ്ധതിയാണ് ഇസ്രായേലിന്റെ മനസില്‍. പുരാവസ്തു ഗവേഷണം നടത്തുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് ഇസ്രായേല്‍ പുറമേക്ക് വിശദീകരിക്കുന്നത്. എന്നാല്‍ ജറുസലേം ഒരു ജൂത നഗരമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇസ്രായേല്‍ നടത്തുന്നത്.
Adjust Story Font
16

