ഗസ്സയില്‍ ഇസ്രായേലിന് തിരിച്ചടിയായി ഹമാസ് പ്രത്യാക്രമണം; നാല് സൈനികർ കൊല്ലപ്പെട്ടു,മൂന്ന് പേര്‍ക്ക് പരിക്ക്
ഹൂതികൾ അയച്ച മിസൈൽ പതിച്ച് ഇസ്രായേലിൽ ഹോട്ടൽ കെട്ടിടം തകർന്നു

representative image
ഗസ്സ സിറ്റി: തെക്കൻ ഗസ്സയിലെ റഫയിൽ ഹമാസിന്റെ പ്രത്യാക്രമണത്തിൽ നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് പരിക്കേറ്റതായും ഇസ്രായേൽ സേന സ്ഥിരീകരിച്ചു. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇവർ സഞ്ചരിച്ച സൈനിക വാഹനം ഹമാസ് പോരാളികൾ ആക്രമിക്കുകയായിരുന്നു.
വെസ്റ്റ് ബാങ്കിനും ജോർദാനും ഇടയിലെ അലൻബി ക്രോസിങ്ങിൽ ജോർഡൻ പൗരനായ ട്രക്ക് ഡ്രൈവർ നടത്തിയ വെടിവെപ്പിലും കത്തിക്കുത്തിലും രണ്ട് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു. ട്രക്ക് ഡ്രൈവറെ സുരക്ഷാ വിഭാഗം വെടിവെച്ചു കൊന്നു. ജോർദാൻ അതിർത്തി ഇസ്രായേൽ അടച്ചിട്ടു. ഇസ്രായേലിലെ തുറമുഖ നഗരമായ ഈലാത്തിന് നേരെ ഹൂതികൾ ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിൽ ഹോട്ടലിന് തീപിടിച്ചു. വെടിനിർത്തൽ കരാർ ലംഘിച്ച് ദക്ഷിണ ലബനാനിലെ ഹിസ്ബുല്ലകന്ദ്രങ്ങളിൽ വീണ്ടും ഇസ്രായേൽ ആക്രമണം നടത്തി.ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യു എൻ രക്ഷാ സമിതിയിൽ വിവിധ രാജ്യങ്ങൾ കൊണ്ടുവന്ന പ്രമേയം അമേരിക്ക വീറ്റോ ചെയ്തു.
അതേസമയം, അന്താരാഷ്ട്ര സമ്മർദം തള്ളി ഗസ്സ സിറ്റിക്കുനേരെയുള്ള ആക്രമണം ഇസ്രായേൽ വിപുലപ്പെടുത്തി. ലക്ഷങ്ങളെയാണ് ഇതിനകം ഗസ്സ സിറ്റിയിൽ നിന്നും ഇസ്രായേൽ പുറന്തള്ളിയത്.പോകാൻ ഇടംപോലുമില്ലാതെ പതിനായിരങ്ങൾ മരണം കാത്തുകഴിയുകയാണ്. മുഴുവൻപേരും ഉടൻ ഗസ്സ സിറ്റി വിടമെന്ന് ഇസ്രായേൽസേന ആവർത്തിച്ചു.
ഇന്നലെ 49 പേരാണ് കൊല്ലപ്പെട്ടത്. ഗസ്സ സിറ്റിയിൽ കരയാക്രമണം തുടങ്ങിയതിന് പിന്നാലെ ആശുപത്രികൾക്കെതിരെയും ഇസ്രായേൽ ആക്രമണം ശക്തമാക്കി. ഗസ്സയിലെ അൽ ശിഫ, അൽഅഹ്‍ലി ആശുപത്രികൾക്കെതിരെയാണ് ഇസ്രായേലിന്‍റെ മിസൈൽ ആക്രമണം. എൺപതു ശതമാനം ഗസ്സയും കീഴടക്കിയെന്നും ഹമാസിന്റെ അവസാന ശക്തികേന്ദ്രവും പിടിച്ചടക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. പട്ടിണിക്കൊലക്ക് ഇരയായവരുടെ എണ്ണം 435 ആയി. ഇതിൽ 147പേർ കുട്ടികളാണ്.
Adjust Story Font
16

