തോറ്റുകൊടുക്കാൻ ഒരുക്കമല്ലാത്ത ഗസ്സയിലെ പെൺകുട്ടികൾ; വംശഹത്യയിൽ മുറിഞ്ഞുപോയ ആ പഴയ ഗ്രൂപ്പ് സെൽഫിയും,ഓര്‍മകളും...
ഇസ്രായേൽ വംശഹത്യയിൽ ചിതറിപ്പോയ കൂട്ടുകാരികൾ; മൂന്ന് വർഷത്തിന് ശേഷം ഗസ്സയിലെ സ്‌കൂൾ അങ്കണത്തിൽ അവർ വീണ്ടും ഒത്തുകൂടിയപ്പോൾ

- Updated:
2026-10-13 16:51:26

Photo courtesy: Aljazeera
ബ്ലാക് ബോർഡിൽ കുത്തിവരച്ച കണക്കുകൾ നോട്ടുപുസ്തകത്തിലേക്ക് ഒപ്പിയെടുക്കാൻ മഹാ താഹ ടീച്ചർ വിദ്യാർഥിനികൾക്ക് നിർദേശം നൽകി. പിന്നെയങ്ങോട്ട് പേനകളുടെ ഉരസലിന്‍റേയും കണക്കുകൾ ചെയ്തുതീർക്കാനുള്ള പെൺകുട്ടികളുടെ വ്യഗ്രതയുടേയും ബഹളമായിരുന്നു ക്ലാസ് മുറിയുടെ നാല് ചുമരിനകത്ത് മുഴുവൻ. ടീച്ചർ നൽകിയ ഗണിതപ്രശ്നത്തിന് പരിഹാരം കണ്ട കുട്ടികൾ ആ നിശബ്ദമായ ഒച്ചപ്പാടുകളെ പതിയെ ക്ലാസിന് പുറത്തേക്ക് പറഞ്ഞയച്ചു.
നാൽപ്പത്തിമൂന്നുകാരിയായ മഹാ താഹ ഇരുപത് വർഷമായി കുട്ടികൾക്ക് കണക്ക് പഠിപ്പിക്കുന്നു. ഒലീവ്-പച്ച നിറത്തിലുള്ള ജലാബിയയും ബീജ് നിറത്തിലുള്ള ഹിജാബും ധരിച്ച്, ക്ലാസ് മുറിയുടെ വശത്തുള്ള തന്‍റെ ഡെസ്കിലേക്ക് അവർ നിശബ്ദമായി നടന്നു. വരാനിരിക്കുന്ന പരീക്ഷകൾക്ക് തയ്യാറെടുക്കുകയും വിവിധ യൂണിവേഴ്സിറ്റികളിലേക്ക് അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്നവരുമായ അനേകം പെൺകുട്ടികൾക്ക് അവർ ഇക്കാലയളവിൽ ക്ലാസെടുത്തിട്ടുണ്ട്.
Photo courtesy: Aljazeera
ഒക്ടോബർ 7-ലെ ഇസ്രായേൽ വംശഹത്യ ആരംഭിക്കുന്നതിന് മുമ്പ്, താൻ പഠിപ്പിച്ച കുട്ടികളെക്കുറിച്ച് ചോദിച്ചപ്പോൾ, ക്ലാസിലെ കുട്ടികൾക്ക് ശല്യമാകാത്തവിധം വളരെ പതുക്കെ സംസാരിച്ചുകൊണ്ട്, താഹ ടീച്ചർ തന്റെ ഫോണിലേക്ക് കൈനീട്ടി; 2023 ജൂണിൽ എടുത്ത ഒരു ഫോട്ടോ അവർ മുന്നിലേക്ക് വെച്ചുനീട്ടി. ഒരുപാട് കഷ്ടപ്പെട്ടാണവർ ഗാലറിയിലൂടെ സ്ക്രോൾ ചെയ്ത് ഫോട്ടോ തപ്പിയെടുത്തത്.
'എനിക്ക് അവരെക്കുറിച്ച് വലിയ അഭിമാനമുണ്ടായിരുന്നു.' അവർ പറഞ്ഞുതുടങ്ങി. 'പഠനത്തിനപ്പുറം വ്യക്തിഗതമായ പല വിഷയങ്ങളിലും ഒട്ടനവധി പ്രത്യേകതയുള്ളവരായിരുന്നു അവരെല്ലാവരും, അവരെല്ലാം ജീവിതത്തിന്‍റെ നല്ല നിലയിൽ എത്തിച്ചേരുമെന്ന് അന്ന് എനിക്കുറപ്പുണ്ടായിരുന്നു. എന്നാൽ, ഒക്ടോബർ ഏഴ് അവരുടെയും ഞങ്ങളുടേയും എല്ലാവരുടേയും ജീവിതത്തിന്‍റെ ഗതി തന്നെ മാറ്റിമറിച്ചു.' താഹ ടീച്ചറുടെ കണ്ണ് നിറഞ്ഞു.
അവർ ചൂണ്ടിക്കാട്ടിയ ഗാലറിയിലെ ഫോട്ടോയിൽ, നീല യൂണിഫോം ധരിച്ച പതിനഞ്ച് കൗമാരക്കാരായ പെൺകുട്ടികൾ. സ്‌കൂൾ അങ്കണത്തിൽ താഹ ടീച്ചറെ പൊതിഞ്ഞിരിക്കുകയാണവർ. ചിലർ പരസ്പരം കൈകോർത്തിരിക്കുന്നു, മറ്റുചിലർ ക്യാമറയിലേക്ക് തലയെത്തിച്ചുനോക്കുന്നു. എല്ലാവരുടെയും മുഖത്ത് നിറഞ്ഞ ചിരി. മോഡൽ പരീക്ഷ കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ. പ്രിയപ്പെട്ടവരുമായി ഒരു ഫോട്ടോ പകർത്താൻ അവർക്കാ നിമിഷങ്ങൾ തന്നെയും ധാരാളം.
ഫ്രെയിമിൽ എല്ലാവരും ഉൾപ്പെടുന്ന രീതിയിൽ ഫോൺ നീട്ടിപ്പിടിച്ച് സാറാ റയാനാണ് ഫോട്ടോയെടുത്തത്. പെൺകുട്ടികൾക്ക് 17 ഉം 18 ഉം വയസ്സ് മാത്രമേ അന്ന് പ്രായം കാണുമായിരുന്നുള്ളൂ. ആ പ്രായത്തിലുള്ള മറ്റേതൊരു കുട്ടിയെയും പോലെ, ജീവിതത്തിന്‍റെ നൈരന്തര്യത്തെ കുറിച്ചും ഭാവിയെ കുറിച്ചും ചിന്തിക്കാറുള്ള, പരീക്ഷയിലെ മാർക്കിനെ കുറിച്ചോർത്ത് വിഷമിക്കുന്ന പിഞ്ചുമക്കൾ ആ ഫ്രെയിമിൽ നിറഞ്ഞുനിന്നു.
എന്നാൽ, എല്ലാ പ്രതീക്ഷകൾക്കും വിപരീതമായാണ് പിന്നീട് കാര്യങ്ങൾ മുന്നോട്ടുപോയത്. നാല് മാസങ്ങൾക്കകം ഇസ്രായേൽ ഗസ്സയിൽ വംശഹത്യയ്ക്ക് തുടക്കമിട്ടു. മൂന്ന് വർഷങ്ങൾക്ക് ശേഷം, ആ ഫോട്ടോയിലുണ്ടായിരുന്ന പെൺകുട്ടികളിൽ ഒരാൾ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. നാലുപേർ ഗസ്സ വിട്ടുപോയി. മറ്റുള്ളവർ പലായനം ചെയ്യപ്പെട്ടു. അവരുടെയെല്ലാം വിദ്യാഭ്യാസം തടസ്സപ്പെട്ടു, ഭാവിപ്പദ്ധതികൾ തകിടംമറിഞ്ഞു. ആ പതിനഞ്ച് പെൺകുട്ടികൾക്ക് എന്ത് സംഭവിച്ചുവെന്നും, അവർ ഒരിക്കൽ സ്വപ്നം കണ്ടിരുന്ന ഭാവിപദ്ധതികൾക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനും, അതേ സ്‌കൂൾ അങ്കണത്തിൽ ഒരു ഫോട്ടോയ്ക്കായി അവരെ വീണ്ടും ഒന്നിപ്പിക്കാൻ കഴിയുമോ എന്ന് നോക്കാനുമുള്ള അൽജസീറയുടെ ശ്രമമാണ് ഈ സ്റ്റോറി.
യുദ്ധത്തിന്റെ ചൂടറിഞ്ഞ സ്‌കൂൾ അങ്കണം, ഹൃദയസ്പർശിയായ ഒത്തുകൂടലും
മഹാ താഹ ഏറെ കാലം അധ്യാപികയായിരുന്ന മസ്‌കത്ത് സെക്കൻഡറി സ്‌കൂൾ ഇപ്പോഴും നിലവിലുണ്ട്, പഴയത് പോലെയല്ലെന്ന് മാത്രം. 2024 ഫെബ്രുവരിയിലെ ഇസ്രായേലിന്‍റെ ഷെല്ലാക്രമണത്തിൽ ഈ കെട്ടിടം കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ അഭയകേന്ദ്രമായി മാറിയിരുന്നു. ചില ക്ലാസ് മുറികളിൽ ഇപ്പോഴും യുദ്ധത്തിന്‍റെ ഇരമ്പലുകൾ കേൾക്കാം. ക്വാഡ്കോപ്പർ വെടിയുണ്ടകൾ തീർത്ത തുളകൾ, ഷെല്ലാക്രമണത്തിൽ തകർന്ന ജനലുകൾ, അഭയാർത്ഥിക്കുടുംബങ്ങൾ തുറന്ന തീയിൽ പാചകം ചെയ്തതിന്‍റെ കരിപിടിച്ച പാടുകൾ...എല്ലാം അതുപോലെയുണ്ട്. ചുവരുകളിൽ കുട്ടികൾ വരച്ചുവെച്ച പട്ടങ്ങളും പൂക്കളും ഒരു ഫലസ്തീൻ പതാകയും കാണാം, ചിലരുടെ പേരുകളും; ഹയ, മറഹ്, മുഹമ്മദ്, ഖാലിദ്...
സെപ്റ്റംബർ അവസാനത്തിലെ ഒരു വ്യാഴാഴ്ച രാവിലെ 10 മണി കഴിഞ്ഞയുടനെ യാസ്മിൻ അബു സെയ്ദ് എത്തിച്ചേർന്നു. പിന്നീട് ആയ അദ്‌നാൻ എത്തി, യാസ്മിനെ കണ്ടപാടെ അവൾ വേഗത്തിൽ നടന്ന് അവളെ കെട്ടിപ്പിടിച്ചു.
'ഹോ...നിങ്ങളെയൊക്കെ കണ്ടിട്ട് ഇതെത്ര കാലമായി?എവിടെയായിരുന്നു ഇത്രയും കാലം?' കെട്ടിപ്പിടിത്തത്തിന്‍റെ വരിഞ്ഞുമുറുക്കലിനിടെ ആയയുടെ ചോദ്യം.
'നിങ്ങളെ കണ്ടിട്ടിതെത്ര കാലമായി. നിങ്ങളും വരാറില്ലല്ലോ? ഇങ്ങോട്ടൊന്നും തീരെ കാണാറില്ലല്ലോ?' സോയയുടെ മറുപടിയിങ്ങനെ. താൽക്കാലിക സർട്ടിഫിക്കറ്റ് പരീക്ഷയായ 'തൗജീഹി'ക്ക് തയ്യാറെടുക്കുന്ന ആയയുടെ ഇളയ സഹോദരിക്ക് വേണ്ടിയുള്ള പുസ്തകങ്ങളടങ്ങിയ പ്ലാസ്റ്റിക് ബാഗുമായി ലിന യൂനുസ് അബ്ദ് അൽ-ഖാദിറും വൈകാതെ അവിടെയെത്തി.
സ്കൂൾ കാലം കഴിഞ്ഞതിന് ശേഷവും ആയയും ലിനയും പരസ്പരം പലപ്പോഴായി കണ്ടിട്ടുണ്ട്. അവരുടെ കുടുംബങ്ങൾ വർഷങ്ങളായി സുഹൃത്തുക്കളാണ്, അവർ ഇപ്പോഴും നുസൈറത്തിലെ അതേ പ്രദേശത്താണ് താമസിക്കുന്നത്. അതേസമയം, മുൻപെപ്പോഴോ അടുത്തടുത്ത് താമസിച്ചിരുന്ന യാസ്മിൻ, യുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ നിർബന്ധിത പലായനത്തിന് നിർബന്ധിതരാക്കപ്പെട്ടവരിൽ പെട്ടവരായിരുന്നു. അടിക്കടിയുള്ള യുദ്ധം കാരണം ഇവർക്ക് പരസ്പരം കാണാനുള്ള സംവിധാനങ്ങളോ സാഹചര്യങ്ങളോ ഉണ്ടായിരുന്നില്ല. യാസ്മിനെ മൂന്ന് വർഷമെങ്കിലുമായിട്ടുണ്ടാകും ഇവർ കണ്ടിട്ട്. നേരിട്ട് കാണുന്നത് കുറവാണെങ്കിലും അവരുടേതായ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ വിവരങ്ങളും വിശേഷങ്ങളും പരസ്പരം കൈമാറാറുണ്ടായിരുന്നു.
അന്നത്തെ ക്ലാസ് കഴിഞ്ഞപാടെ 'എന്‍റെ കുട്ടികളേയെന്ന്' ഉറക്കെവിളിച്ച്, താഹ ടീച്ചർ ഇരുകൈകളും നീട്ടി പഴയ മക്കളെ സ്വീകരിച്ചു. മൂന്ന് വർഷം മുൻപുള്ള ടീച്ചറും കുട്ടികളുമായിരുന്ന പഴയ കാലഘട്ടത്തിലെ ഗൃഹാതുരത്വം നുണയുന്ന ഓർമകൾ അവരെ ആവേശഭരിതരാക്കി. വർഷങ്ങൾക്ക് മുൻപ് ഒരുമിച്ചെടുത്ത ഫോട്ടോകൾ ടീച്ചർ മക്കൾക്ക് കാണിച്ചുകൊടുത്തു. പെൺകുട്ടികളെല്ലാം ആദ്യമായിട്ട് കാണുന്നതുപോലെ ആകാംക്ഷയോടെ ഫോട്ടോകളിൽ കണ്ണുകളെ കുഴിച്ചിട്ടു. സ്മൃതിമണ്ഡലത്തിലെവിടെയോ മുങ്ങിക്കിടന്നിരുന്ന ആ പഴയ കാലങ്ങൾ പതിയെ ഉപരിതലത്തിലേക്ക് നുരഞ്ഞുപൊന്തുകയായിരുന്നു.
ഓർമകളിലെ കൂട്ടുകാരും, മാഞ്ഞുപോയ പുഞ്ചിരികളും
ഒരുകാലത്ത് സ്കൂൾ പരിസരമൊന്നടങ്കം കേൾക്കാമായിരുന്ന ചിരിയുടെ ഉടമയായിരുന്നു ഗൈദ. ചിരിയും കളിയും കാരണം അധ്യാപകർ അവളെ മിക്കപ്പോഴും ബെഞ്ച് മാറ്റിയിരുത്തും. എന്നാലും, സംസാരം മതിയാക്കാറുണ്ടായിരുന്നില്ല. എപ്പോഴും സെൽഫിയെടുക്കുന്നതിനെ കുറിച്ച് മാത്രമായിരുന്നു സാറയുടേയും അവളുടെ ഇരട്ട സഹോദരി ഫാത്തിമയുടേയും ചിന്ത. അതേസമയം, ലീന അൽ-ഹൂർ കൂടുതൽ ശാന്തപ്രകൃതക്കാരിയും. ഒരൽപ്പം ഇടവേള കിട്ടിയാൽ കയ്യിലുള്ള പുസ്തകമെടുത്ത് വായിക്കുകയായിരിക്കും അവൾ.
പെൺകുട്ടികൾ വസ്ത്രങ്ങളെക്കുറിച്ചും ടെലിവിഷൻ പരിപാടികളെക്കുറിച്ചും ഫുട്ബോളിനെക്കുറിച്ചും സംസാരിച്ചു. അവർ ഇടവേളകളിൽ ഒരുമിച്ച് ഭക്ഷണം വാങ്ങി കഴിക്കുകയും സർവകലാശാലകളെക്കുറിച്ചും തങ്ങൾ എന്താകാൻ ആഗ്രഹിക്കുന്നുവെന്നും ഉച്ചത്തിൽ ചർച്ച ചെയ്യുകയും ചെയ്തു. ഡോക്ടർ ആകണമെന്നായിരുന്നു ചിലരുടെ സ്വപ്നം; മറ്റൊരാൾക്ക് ആർക്കിടെക്ട് ആകണം. പരീക്ഷകളിൽ നല്ല മാർക്ക് വാങ്ങിക്കാനും, കുടുംബത്തെ ബുദ്ധിമുട്ടിക്കാതെ നല്ല യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ നേടിയെടുക്കണമെന്നുമായിരുന്നു ഭൂരിഭാഗം പേരുടെയും ഭാവിപരിപാടികൾ.
സാറ റയാൻ എങ്ങനെയായിരുന്നു ചിരിച്ചിരുന്നതെന്ന് താഹ ടീച്ചർ കഷ്ടപ്പെട്ട് ഓർത്തെടുക്കുന്നുണ്ട്. ഗൈദയാകട്ടെ, ഇപ്പോൾ ഈജിപ്റ്റിൽ ഉപരിപഠനം നടത്തുകയാണെന്നും അവർ മുന്നിലുള്ള മക്കളോട് പറഞ്ഞു. ഫോണിലുണ്ടായിരുന്ന ലീനയുടെ ചിത്രം സൂം ചെയ്ത് നോക്കിയതിന് ശേഷം ടീച്ചറധികമൊന്നും മിണ്ടിയിട്ടില്ല. അത്രയും നേരമുണ്ടായിരുന്ന മുഖത്തെ പുഞ്ചിരി പതിയെ മാഞ്ഞു. ഇടർന്നതും പതുങ്ങിയതുമായ സ്വരത്തിലാണ് പിന്നീടുള്ള അക്ഷരങ്ങളത്രയും അവർ പറഞ്ഞൊപ്പിച്ചത്.
Photo courtesy: Aljazeera
'എന്‍റെ ക്ലാസിൽ ഇരുന്നവരിൽ വെച്ചേറ്റവും അനുസരണയുള്ള വിദ്യാർഥിനിയായിരുന്നു ലിന.' പഴയ ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് കണ്ണ് പറിച്ചെടുക്കാതെ ടീച്ചർ പതുക്കെ പറഞ്ഞു. 'ഇന്നവൾ രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ ഷഹീദയാണ്', താഹ ടീച്ചർ വീണ്ടും വിതുമ്പി.
2023 നവംബർ 17-നുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിലാണ് ലിന കൊല്ലപ്പെട്ടത്. അന്നവൾക്ക് 18 വയസ്സ് മാത്രമായിരുന്നു പ്രായം. അൽപ്പനേരത്തേക്ക് പെൺകുട്ടികൾ വീണ്ടും നിശബ്ധരായി. ആർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. സ്മൃതിമണ്ഡലത്തിൽ മുങ്ങിക്കിടക്കുന്നവരെയോർത്ത്, ഇടയിൽ മറ്റൊന്നുമില്ലാത്തവിധം ദൃഢമായി അവർ കെട്ടിപ്പിടിച്ചു. അപ്പോഴും ഗാലറിയിലെ ആ പഴയ ഗ്രൂപ്പ് ഫോട്ടോ അവരുടെ മുന്നിൽ തുറന്നുതന്നെ കിടക്കുന്നുണ്ടായിരുന്നു.
'പഴയ ചെറിയ കുട്ടികളായി, വീണ്ടും ക്ലാസ് മുറികളിലെത്താൻ സാധിച്ചിരുന്നെങ്കിൽ...' മൂന്ന് വർഷത്തിന് ശേഷമുള്ള ആ കൂടിക്കാഴ്ചയിൽ കുട്ടികൾക്കെല്ലാം മടുപ്പില്ലാതെ ആവർത്തിച്ച് പറയാനുണ്ടായിരുന്നത് ഇത് മാത്രമായിരുന്നു. എന്നാൽ, ആ പഴയ ഫോട്ടോയിലുള്ള പെൺകുട്ടികളിൽ ഭൂരിഭാഗവും ഇന്നവിടെ എത്തിച്ചേർന്നിട്ടില്ല. ആയ തന്‍റെ ഫോണെടുത്ത് പഴയതുപോലൊരു സെൽഫി പുനരാവിഷ്കരിക്കാൻ ശ്രമം നടത്തിനോക്കി. കൈകൾ അന്തരീക്ഷത്തിലേക്ക് നീട്ടിവെച്ചു.
Photo courtesy: Aljazeera
'സാറ ഇന്നിവിടെ ഉണ്ടായിരുന്നെങ്കിൽ ഫോട്ടോ എടുത്തുതരുമായിരുന്നു.' ആയ വെറുതെ പറഞ്ഞു. എന്തുകാര്യം. സാറയ്ക്ക് വരാനാകുമായിരുന്നില്ല. ഗസ്സയിൽ നിന്ന് ഒരുപാട് ദൂരെ, ഒരു എൻജിഒയിലാണ് സാറയുടെ ജോലി. സർവകലാശാലയിലെ ഫീസ് അടയ്ക്കാനും കുടുംബത്തിന്‍റെ വരുമാനവുമെല്ലാം അവളുടെ തന്നെ ചുമതലയായി മാറിയിട്ട് അധികമൊന്നും ആയിട്ടില്ല.
തകർന്നുപോയ ഡോക്ടർ സ്വപ്നവും യാസറിന്റെ ഓർമകളും
പഴയ സുഹൃത്തുക്കളോടൊന്നിച്ചുള്ള പുതിയ ഫോട്ടോയിൽ ആയ അദ്നാൻ നന്നായി തന്നെ പുഞ്ചിരിച്ചു. അവളുടെ താടിയിലെ നുണക്കുഴിയും, തോളിലേക്ക് വീണ ഹിജാബും ഫോട്ടോയിൽ തെളിഞ്ഞുകാണാം. എങ്ങനെയെങ്കിലും കുടുംബത്തിന് താങ്ങുന്ന സർവകലാശാലയിൽ അഡ്മിഷൻ നേടിയെടുക്കണമെന്ന് മാത്രമായിരുന്നു കഴിഞ്ഞ മൂന്നുവർഷം അവൾ ആഗ്രഹിച്ചിരുന്നത്. പഠിച്ച് വലിയൊരു ഡോക്ടറാകണം. പ്രത്യേകിച്ചും ഒരു ന്യൂറോ സർജൻ.
പഠനത്തിലാണെങ്കിലോ. മിടുമിടുക്കി. ഫിസിക്സ് ക്ലാസുകൾക്കായി നേരത്തേ ക്ലാസ് മുറിയിൽ ഓടിയെത്തിയിട്ടുണ്ടാകും. മനസ്സിലാകാത്ത കാര്യങ്ങൾ വീണ്ടും വീണ്ടും ചോദിച്ച് മനസ്സിലാക്കും. ഗസ്സയിൽ വനിതാ സർജൻമാർ കുറവാണെന്നും ശസ്ത്രക്രിയ സ്ത്രീകൾക്ക് പറഞ്ഞിട്ടുള്ള പണിയല്ലെന്ന് കേൾക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും അവളെപ്പോഴും പറഞ്ഞുകൊണ്ടിരിക്കും. 11-ാം ക്ലാസിൽ വെച്ച് 24 മണിക്കൂർ നീണ്ടുനിന്ന കടുത്ത തലവേദനയും തലകറക്കവും ഉണ്ടായപ്പോഴാണ് ന്യൂറോളജിയിലുള്ള അവളുടെ താൽപ്പര്യം വ്യക്തിപരമായി മാറുന്നത്. ഹൈസ്കൂൾ പഠനകാലയളവിൽ റിസൽട്ട് വന്നപ്പോൾ 96 ശതമാനം മാർക്കും അവൾക്കുണ്ടായിരുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും, വൈദ്യശാസ്ത്ര പഠനമെന്നത് അവളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. യുഎൻആർഡബ്ല്യൂഎ സോഷ്യൽ വർക്കറായി പിതാവ് കൈമലർത്തിക്കാണിച്ചതോടെ മൂത്ത സഹോദരനായ യാസറിനെ സമീപിച്ചു. അവളേക്കാൾ പതിനേഴ് വയസ്സിന് മൂത്തയാളായ യാസർ സ്വന്തമായി ലോ ഓഫീസ് നടത്തുന്ന ഒരു വക്കീലായിരുന്നു. അദ്ദേഹത്തിന് ഭാര്യയും അദ്‌നാൻ (9), അഹ്മദ് (7), മൂന്ന് വയസ്സുള്ള ഇലാഫ് എന്നീ മൂന്ന് മക്കളും. മാതാപിതാക്കൾക്ക് എന്താവശ്യത്തിനും കൈമെയ് മറന്ന് ഓടിയെത്താറുള്ള ഇവർ, പെങ്ങളെ എങ്ങനെയെങ്കിലും പഠിപ്പിച്ച് വലിയ ഡോക്ടറാക്കണമെന്ന് എപ്പോഴും പറയും.
'ഞാനെപ്പോഴും അങ്ങേരോട് പറയാറുണ്ടായിരുന്നു, നിങ്ങളെനിക്ക് രണ്ടാമത്തെ ഉപ്പയാണെന്ന്. ഉപ്പയെ പോലെ തന്നെ എന്നോട് വളരെയധികം ദയാലുവായിരുന്നു ഇക്കാക്കയും.' ആയ ഇടറിയ ശബ്ദത്തിൽ ഓർത്തെടുത്തു.
സഹോദരന്റെ വേർപാടും കണ്ണീരോർമകളും
സർവകലാശാലയിൽ ചേർന്ന് ആദ്യ ആഴ്ച പൂർത്തിയാകും മുമ്പേ യുദ്ധം ആരംഭിച്ചു. അയൽപക്കത്തെ ഇരുനില വീടിന് നേരെയുണ്ടായ ഒരു ബോംബാക്രമണം, 35 വർഷത്തിലേറെയായി അവർ താമസിച്ചിരുന്ന നുസൈറത്തിലെ കുടുംബവീടിന് ഗുരുതരമായ കേടുപാടുകൾ വരുത്തി. സാഹചര്യം കൂടുതൽ ഗുരുതരമാകുന്നതിന് മുന്നേ ഒരു ബന്ധുവിന്‍റെ വീട്ടിലേക്ക് താമസം മാറ്റി.
ഇതോടെ സർവകലാശാലയിലുണ്ടായിരുന്ന ദിനചര്യകളോട് ബൈ പറയേണ്ടിവന്നു. ലബോറട്ടറികൾക്കും ക്ലാസ് മുറികൾക്കും പകരം, വീട്ടിലെ ആവശ്യങ്ങൾക്ക് വെള്ളമെത്തിക്കുക, ഭക്ഷണം പാകം ചെയ്യാൻ സഹായിക്കുക തുടങ്ങിയ കാര്യങ്ങളിലേക്ക് സമയവും ശ്രമങ്ങളും മാറ്റിവെക്കേണ്ടിവന്നു. അതുവരേയ്ക്കും നേരാംവണ്ണം തീ കൂട്ടാൻ പോലുമറിയാതിരുന്ന അവർ പതിയെ പതിയെ വീട്ടുകാര്യങ്ങളെല്ലാം പഠിച്ചുതുടങ്ങി.
തങ്ങൾ ഉപേക്ഷിച്ചുപോന്ന വസ്തുവകകൾ പരിശോധിക്കാനും, ഭാഗികമായി അവ മോഷ്ടിക്കപ്പെടുമെന്ന് ഭയന്നും യാസർ കുടുംബത്തിന്റെ കേടുപാടുകൾ സംഭവിച്ച വീട്ടിലേക്ക് ഇടക്കിടെ പോകാറുണ്ടായിരുന്നു. ചിലപ്പോൾ അദ്ദേഹം അവിടെ തങ്ങുകയും ചെയ്യാറുണ്ട്. ഒരുദിവസം തന്‍റെ കൂടെ വരാൻ ആയയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വീട്ടിലെ പണികൾ കാരണം അവൾക്ക് പോകാൻ സാധിച്ചിരുന്നില്ല.
ഡിസംബർ 12 ന്, കുടുംബം അമ്മായിയുടെ വീട്ടിൽ ഉച്ചഭക്ഷണത്തിനായി ഒത്തുകൂടിയപ്പോഴാണ്, ഒരു മിസൈൽ പതിക്കുന്ന നടുക്കുന്ന ശബ്ദം അവർ കേട്ടത്. മിനിറ്റുകൾക്കകം, ആയയുടെ ഒരു സുഹൃത്ത് വിളിച്ചു. വീട്ടുകാരെല്ലാം സുരക്ഷിതമല്ലേയെന്ന് മാത്രമേ അവൾക്ക് ചോദിക്കാനുണ്ടായിരുന്നുള്ളൂ. തുടർന്ന് അവൾ യാസറിനെക്കുറിച്ച് ചോദിച്ചു, യാസർ തകർന്ന തങ്ങളുടെ വീട്ടിലേക്ക് ഒറ്റയ്ക്ക് മടങ്ങിയിരുന്നു. ആ വീടിന് നേരെയാണ് ബോംബാക്രമണമുണ്ടായത്, അത് യാസറിന്റെ ജീവനെടുത്തു. അന്ന് അദ്ദേഹത്തിന് 32 വയസ്സായിരുന്നു പ്രായം.
തന്നോടൊപ്പം വരാൻ യാസർ ആവശ്യപ്പെട്ടതും, തനിക്ക് വരാൻ കഴിയില്ലെന്ന് താൻ മറുപടി പറഞ്ഞതും ആയ വീണ്ടും വീണ്ടും ഓർത്തെടുത്തു. സഹോദരങ്ങൾ തമ്മിലുള്ള ഒരു സാധാരണ സംഭാഷണമായിരുന്നു അത്... എന്നാൽ അത് അവരുടെ അവസാനത്തെ സംഭാഷണമായി മാറി.
ഇന്ന്, ഗസ്സയിലെ ആ പെൺകുട്ടികളുടെ ഫോട്ടോ വെറുമൊരു ചിത്രമല്ല; അത് തകർന്നുപോയ ഒരു തലമുറയുടെയും അവരുടെ നഷ്ടപ്പെട്ട സ്വപ്നങ്ങളുടെയും പ്രതീകമാണ്. യുദ്ധത്തിന്റെ ഭീകരതകൾക്കിടയിലും, ആ സ്‌കൂൾ അങ്കണത്തിലെ അവശേഷിക്കുന്ന ചുവരുകൾക്ക് മുന്നിൽ അവർ വീണ്ടും ഒന്നിക്കുമ്പോൾ, അത് വെറുമൊരു ഒത്തുകൂടലായിരുന്നില്ല, മറിച്ച് ചരിത്രത്തിന്റെ ക്രൂരതകൾക്ക് മുന്നിൽ തോറ്റുകൊടുക്കാത്ത അതിജീവനത്തിന്റെ പുഞ്ചിരിക്കുന്ന പ്രഖ്യാപനം കൂടിയാണ്.
(ലിന ഗസ്സാൻ അബു സെയ്ദ് അൽജസീറയിൽ എഴുതിയ ലേഖനം. സ്വതന്ത്ര മലയാളം പരിഭാഷ: അൻഫസ് കൊണ്ടോട്ടി)
Adjust Story Font
16
