Quantcast

'ഗസ്സയിലെ സ്ഥിതി ആപത്കരം'; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ

ഗസ്സ യുദ്ധവിരാമം ഉടൻ ഉണ്ടാകുമെന്ന യുഎസ്​ പ്ര ഖ്യാപനത്തിനിടയിൽ ട്രംപും നെതന്യാഹുവും തമ്മിൽ ഇന്ന്​ വൈറ്റ്​ഹൗസിൽ നടക്കുന്ന ചർച്ച ഏറെ നിർണായകമാണ്

MediaOne Logo

Web Desk

  • Updated:

    2025-09-29 05:46:14.0

Published:

29 Sept 2025 8:33 AM IST

ഗസ്സയിലെ സ്ഥിതി ആപത്കരം; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ
X

ഗസ്സ Photo|AP

തെൽ അവിവ്: യുഎസ്​പ്രസിഡന്‍റ്​ ​ഡോണൾഡ്​ ട്രംപും ഇസ്രയേൽ പ്രധാനന്ത്രി ബിന്യാമിൻ നെതന്യാഹുവും ഇന്ന്​ വൈറ്റ്​ ഹൗസിൽ നിർണായക കൂടിക്കാഴ്ച നടക്കാനിരിക്കെ ഗസ്സയിൽ സ്ഥിതി കൂടുതൽ ആപത്കരമെന്ന മുന്നറിയിപ്പുമായി യുഎൻ. അതിനിടെ അൽശിഫ ആശുപത്രി ഉൾപ്പെടെ ഗസ്സയിലെ അവശേഷിച്ച സൗകര്യങ്ങളും തകർക്കാൻ ഒരുങ്ങുകയാണ് ഇസ്രായേൽ.

ഗസ്സ യുദ്ധവിരാമം ഉടൻ ഉണ്ടാകുമെന്ന യുഎസ്​ പ്ര ഖ്യാപനത്തിനിടയിൽ ട്രംപും നെതന്യാഹുവും തമ്മിൽ ഇന്ന്​ വൈറ്റ്​ഹൗസിൽ നടക്കുന്ന ചർച്ച ഏറെ നിർണായകമാണ്. യുദ്ധവിരാമം ലക്ഷ്യമിട്ട്​ അമേരിക്ക മുന്നോട്ടുവെച്ച 21 ഇന പദ്ധതി സംബന്​ധിച്ചാകും പ്രധാന ചർച്ച. ഏതു സാഹചര്യത്തിലും യുദ്ധം നിർത്തില്ലെന്ന നിലപാടിൽ തന്നെയാണ്​ നെതന്യാഹുവും ഇസ്രയേൽ മന്ത്രിമാരും. യുഎസ്​ സമ്മർദത്തിന്​ വഴങ്ങി യുദ്ധവിരാമ കരാറിൽ ഏർപ്പെടരുതെന്ന്​ ബെസലേൽ സ്മോട്രിച്ച്​ ഉൾപ്പെടെയുള്ള മന്ത്രിമാർ നെതന്യാഹുവി​നോട്​ ആവശ്യപ്പെട്ടു. യുഎസ്​ പദ്ധതിയോട്​ ഹമാസ്​ സ്വീകരിക്കുന്ന നിലപാടും നിർണായകമാകും. ഹമാസിനെ പൂർണമായും ഒഴിവാക്കി ഇടക്കാല സർക്കാർ രൂപവത്​കരണവും ഗസ്സ പുനർനിർമാണവും എന്ന യു.എസ്​ പദ്ധതിയോട്​ മുസ്​‍ലിം രാജ്യങ്ങൾ അനുകൂല നിലപാട്​ സ്വീകരിച്ചേക്കും​.

വെടിനിർത്തലിന് ശേഷമുളള ഗസ്സയിൽ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ സുപ്രധാന പങ്കുവഹിക്കുമെന്ന് ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്‍റോണിയോ തജാനി പ്രതികരിച്ചു. ഹമാസ് കീഴടങ്ങുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്തില്ലെങ്കിൽ ഗസ്സയെ മുഴുവനായും തകർക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്​ മുന്നറിയിപ്പ്​ നൽകി. ഇന്നലെ കുറഞ്ഞത് 41 ഫലസ്തീനികൾ കൊല്ലപ്പെട്ട ഗസ്സയിൽ ഇസ്രായേൽ ആക്രമണം കൂടുതൽ രൂക്ഷമായി.മധ്യ ഗസ്സയിലെ നുസൈറത്ത് അഭയാർഥി ക്യാമ്പിലും ബോംബിട്ടു.

അവശേഷിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ, താമസ സമുച്ചയങ്ങൾ, ക്യാമ്പുകൾ എന്നിവയെ ലക്ഷ്യമിട്ടാണ്​ ആക്രമണം. സ്​ഥിതി അങ്ങേയറ്റം ആശങ്കാജനകമെന്ന്​ യുഎൻ അറിയിച്ചു. ഗസ്സയിലെ ഏറ്റവും വലിയ മെഡിക്കൽ സമുച്ചയമായ അൽ ശിഫ ആശുപത്രിക്ക് സമീപം ഇസ്രായേൽ ടാങ്കുകൾ നിലയുറപ്പിച്ചിട്ടുണ്ട്. ഇവിടെ ചികിൽസയിലുള്ള 159 ഓളം രോഗികൾ മരണമുഖത്താണിപ്പോൾ. ഇസ്രായേൽ ആക്രമണത്തെ തുടർന്ന്​ രണ്ട്​ ബന്ദികളുടെ ജീവൻ അപകടത്തിലാണെന്ന്​ ഹമാസ്​ സൂചന നൽകി​. ഗസ്സ ഐക്യദാർഡ്യ യാനങ്ങൾ ചേർന്ന ഗ്ലോബൽ സുമുദ്​ ഫ്ലോട്ടില അടുത്ത നാലുനാൾക്കകം ഗസ്സ തീരം തൊടും. ഇവ​ പിടിച്ചെടുക്കാനും സന്നദ്ധപ്രവർത്തകരെ പിടികൂടാനും പ്രത്യേക നാവിസ സംഘത്തിന്​ ഇസ്രയേൽ രൂപം നൽകി.

TAGS :

Next Story