Quantcast

മുന്നറിയിപ്പുകൾ തള്ളല്ലേ..; വെനസ്വേലയിലെ ഭൂകമ്പത്തിൽ നിരവധി പേരുടെ ജീവൻ രക്ഷിച്ചത് ഗൂഗിൾ

ഫോണിൽ ശക്തമായ അലാറം മുഴങ്ങിയതോടെ ആളുകൾ പെട്ടെന്ന് തന്നെ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും സുരക്ഷിതമായ തുറസ്സായ സ്ഥലങ്ങളിലേക്ക് ഓടിമാറി

MediaOne Logo

റിഷാദ് അലി

  • Updated:

    2026-06-25 14:37:53

Published:

25 Jun 2026 8:06 PM IST

മുന്നറിയിപ്പുകൾ തള്ളല്ലേ..; വെനസ്വേലയിലെ ഭൂകമ്പത്തിൽ നിരവധി പേരുടെ ജീവൻ രക്ഷിച്ചത് ഗൂഗിൾ
X

കാരാക്കസ്: വെനിസ്വേലയിൽ വൻ നാശനഷ്ടം വിതച്ചുകൊണ്ട് തുടർച്ചയായി രണ്ട് ശക്തമായ ഭൂചലനങ്ങളാണ് കഴിഞ്ഞദിവസം ഉണ്ടായത്. ആദ്യമുണ്ടായ റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ, വെറും 39 സെക്കൻഡുകളുടെ വ്യത്യാസത്തിൽ 7.5 തീവ്രതയുള്ള മറ്റൊരു ശക്തമായ തുടർചലനവും രാജ്യത്തെ പിടിച്ചുലച്ചു. ദുരന്തത്തിൽ ഇതുവരെ 164 പേർ മരണപ്പെടുകയും ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം.

എന്നാൽ ഈ വൻ ദുരന്തത്തിനിടയിലും ആയിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് അവരുടെ കൈകളിലിരുന്ന സ്മാർട്ട്ഫോണുകളാണ്. ഭൂകമ്പം അനുഭവപ്പെടുന്നതിന് തൊട്ടുമുൻപ് വെനിസ്വേലയിലെ ലക്ഷക്കണക്കിന് ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ഗൂഗിളിന്റെ പ്രത്യേക ഭൂകമ്പ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഭൂകമ്പത്തിന്റെ തീവ്രത എത്രയാണെന്നും അത് ഉപഭോക്താവിന്റെ ലൊക്കേഷനിൽ നിന്നും എത്ര അകലെയാണെന്നും വ്യക്തമാക്കുന്നതായിരുന്നു ഈ സന്ദേശം.

ഫോണിൽ ശക്തമായ അലാറം മുഴങ്ങിയതോടെ ആളുകൾ പെട്ടെന്ന് തന്നെ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും സുരക്ഷിതമായ തുറസ്സായ സ്ഥലങ്ങളിലേക്ക് ഓടിമാറി. ഈ ഏതാനും സെക്കൻഡുകളുടെ മുൻകൂട്ടിയുള്ള മുന്നറിയിപ്പാണ് വലിയൊരു ദുരന്തത്തിൽ നിന്നും പലരുടെയും ജീവൻ രക്ഷിച്ചത്. ഇതോടെ സോഷ്യൽ മീഡിയയിലാകെ ഗൂഗിൾ ഭൂകമ്പം മുൻകൂട്ടി പ്രവചിച്ചോ എന്ന രീതിയിലുള്ള ചർച്ചകളും സജീവമായി.

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആൻഡ്രോയിഡ് ഫോണുകളിൽ ഘടിപ്പിച്ചിട്ടുള്ള 'ആക്സിലറോമീറ്റർ' എന്ന ചെറിയ സെൻസറുകളാണ് ഈ സാങ്കേതികവിദ്യയുടെ പിന്നിൽ. ഫോണിന്റെ സ്ക്രീൻ തിരിയുന്നതും ചലനങ്ങളും തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഈ സെൻസറുകൾക്ക് ഭൂകമ്പത്തിന്റെ ആദ്യ തരംഗങ്ങളെയും (Seismic waves) കണ്ടെത്താനാകും.

ഒരു നിശ്ചിത പ്രദേശത്തെ നിരവധി ഫോണുകൾ ഒരേസമയം ഇത്തരത്തിലുള്ള ചലനങ്ങൾ രേഖപ്പെടുത്തുമ്പോൾ, ഗൂഗിളിന്റെ കമ്പ്യൂട്ടർ അൽഗോരിതങ്ങൾ ഈ വിവരങ്ങൾ അതിവേഗം വിശകലനം ചെയ്യുന്നു. തുടർന്ന് ഭൂകമ്പത്തിന്റെ കേന്ദ്രവും തീവ്രതയും കണക്കാക്കി, അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ഫോണുകളിലേക്ക് സെക്കൻഡുകൾക്കകം മുന്നറിയിപ്പ് തരംഗങ്ങൾ സന്ദേശമായി അയക്കുകയാണ് ഈ സംവിധാനം ചെയ്യുന്നത്.

TAGS :
Next Story