Quantcast

വാടക കുറച്ചു നൽകി മനുഷ്യക്കടത്തിനിരയായ പെൺകുട്ടിയെ പീഡിപ്പിച്ചു; യുഎസിൽ ഹോട്ടല്‍ ജീവനക്കാരനായ ഗുജറാത്ത് സ്വദേശിക്ക് 10 വർഷം തടവ്

യുഎസിൽ നിയമവിരുദ്ധമായി താമസിക്കുകയായിരുന്ന കവൻകുമാർ പട്ടേലിനെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലേക്ക് നാടുകടത്തും.

MediaOne Logo
വാടക കുറച്ചു നൽകി മനുഷ്യക്കടത്തിനിരയായ പെൺകുട്ടിയെ പീഡിപ്പിച്ചു; യുഎസിൽ ഹോട്ടല്‍ ജീവനക്കാരനായ ഗുജറാത്ത് സ്വദേശിക്ക് 10 വർഷം തടവ്
X

കവന്‍കുമാര്‍ പട്ടേല്‍

ന്യൂയോര്‍ക്ക്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിനായി മനുഷ്യക്കടത്തുകാർക്ക് പണം നൽകിയ കേസിൽ 27കാരനായ ഇന്ത്യൻ യുവാവിന് യുഎസിൽ 10 വർഷം തടവുശിക്ഷ. ഗുജറാത്ത് സ്വദേശിയായ കവൻകുമാർ പട്ടേലിനെയാണ് യുഎസ് കോടതി ശിക്ഷിച്ചത്. നെബ്രാസ്കയിലെ ഒമാഹയിലുള്ള ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഇയാൾ.

കഴിഞ്ഞ വർഷം ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2025 ജനുവരി 6ന് 'അമേരിക്കിൻ' എന്ന ഹോട്ടലിൽ നടന്നൊരു മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. തുടർന്ന് ഹോംലാൻഡ് സെക്യൂരിറ്റി ടാസ്‌ക് ഫോഴ്‌സും ഒമാഹ പൊലീസ് ഡിപ്പാർട്ട്‌മെന്റും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഹോട്ടലിൽ നിന്ന് 15ഉം 16ഉം വയസ്സുള്ള രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു.

അമേരിക്കയിലെ വിവിധ ഇടങ്ങളില്‍ നിന്ന് ലൈംഗിക ആവശ്യങ്ങൾക്കായാണ് ഇവരെ ഇവിടെ എത്തിച്ചിരുന്നത്. മുറിയുടെ വാടക കുറച്ചു നൽകുന്നതിനായി പെൺകുട്ടികളെ ഹോട്ടൽ ജീവനക്കാർക്ക് കാഴ്ചവെക്കാൻ മനുഷ്യക്കടത്തുകാർ നിർബന്ധിച്ചിരുന്നതായി നെബ്രാസ്കയിലെ യുഎസ് അറ്റോർണി ഓഫീസ് വ്യക്തമാക്കി. ഹോട്ടലിലെ രണ്ട് ജീവനക്കാർ പെൺകുട്ടികളിൽ ഒരാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ മനുഷ്യക്കടത്തുകാരന് പണം നൽകിയതായും മൂന്നാമതൊരു ജീവനക്കാരൻ മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.

ഹോട്ടലിലെ കാഷ് ഡ്രോയറിൽ നിന്നുള്ള പണം ഉപയോഗിച്ചാണ് താൻ മനുഷ്യക്കടത്തുകാർക്ക് പണം നൽകിയതെന്ന് കവൻകുമാർ പട്ടേൽ സമ്മതിച്ചു. ഓൺലൈൻ പരസ്യങ്ങൾ നൽകിയാണ് മനുഷ്യക്കടത്തുകാർ ആളുകളെ ആകർഷിച്ചിരുന്നത്. പെൺകുട്ടികൾക്ക് കൃത്യമായി ഭക്ഷണം പോലും നൽകിയിരുന്നില്ലെന്നും, ഭയം കാരണം അവർക്ക് മനുഷ്യക്കടത്തുകാരുടെ നിർദ്ദേശങ്ങൾ അനുസരിക്കേണ്ടി വന്നതായും അറ്റോർണി ഓഫീസ് അറിയിച്ചു. യുഎസിൽ നിയമവിരുദ്ധമായി താമസിക്കുകയായിരുന്ന കവൻകുമാർ പട്ടേലിനെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലേക്ക് നാടുകടത്തും.

കേസിലെ മനുഷ്യക്കടത്തുകാരായ എഡ്വേർഡോ ജോസ് പെർഡോമോ, മിഷേൽ മാർട്ടിനസ് ഗോൺസാലസ്, ആൽഫ്രെഡോ സാംബ്രാനോ ഹുർട്ടാഡോ എന്നിവർക്കെതിരെയും, സംഭവത്തിൽ പങ്കാളികളായ സുമിത് ചൗധരി, വിശാൽ ഗോസ്വാമി എന്നീ മറ്റ് രണ്ട് ഇന്ത്യൻ വംശജരായ ഹോട്ടൽ ജീവനക്കാർക്കെതിരെയും യുഎസ് പോലീസ് കേസെടുത്തിട്ടുണ്ട്.

TAGS :

Next Story