പാകിസ്താനിലെ ബലൂചിസ്താനില്‍ വന്‍ ആക്രമണം; 80ലേറെ മരണം; ഇനിയും ആക്രമിക്കുമെന്ന് ബലൂച് ലിബറേഷൻ ആർമി
അഞ്ച് ജില്ലകളിലായി പന്ത്രണ്ടിലധികം കേന്ദ്രങ്ങളിലാണ് ഒരേ സമയം ആക്രമണം ഉണ്ടായത്

- Updated:
2026-02-01 08:38:00.0

ഇസ്‌ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താനില്‍ വിഘടനവാദികളായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ആക്രമണത്തിൽ 80 പേര്‍ കൊല്ലപ്പെട്ടു. സൈനികരും പൊലീസുകാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. അതേസമയം സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തില്‍ 32 അക്രമികളും കൊല്ലപ്പെട്ടെന്നാണ് പാക് സൈന്യം വിശദീകരിക്കുന്നത്.
പാകിസ്താനിലെ വിവിധ നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നേരെയാണ് ആക്രമണം നടത്തിയതെന്നു ബിഎൽഎ പ്രസ്താവനയിൽ വ്യക്തമാക്കി. ഇതിനെ സാധൂകരിക്കുന്ന വിഡിയോകളും പുറത്തുവിട്ടു.
അഞ്ച് ജില്ലകളിലായി പന്ത്രണ്ടിലധികം കേന്ദ്രങ്ങളിലാണ് ഒരേസമയം ആക്രമണം ഉണ്ടായത്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് തലസ്ഥാനമായ ക്വെറ്റയിലാണ്. ഇതാദ്യമായണ് ഒരു ആക്രമണത്തില്‍ ഇത്രയധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പോരാട്ടത്തിന്റെ രണ്ടാം ഘട്ടമായ 'ഓപ്പറേഷൻ ഹെറോഫ് 2' ആരംഭിച്ചതായി ബിഎൽഎ നേതൃത്വം പ്രഖ്യാപിച്ചു. മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനായി പുതിയ ഘട്ടം എന്നാണ് ബിഎൽഎ നേതാക്കളുടെ പ്രതികരണം.
സിവിലിയന്മാർ, പൊലീസ് സ്റ്റേഷനുകൾ, അതീവ സുരക്ഷയുള്ള ജയിൽ, പാരാമിലിട്ടറി കേന്ദ്രങ്ങൾ എന്നിവയെ ലക്ഷ്യമാക്കിയാണ് ഒരേസമയത്ത് വിവിധ ജില്ലകളിൽ ആക്രമണങ്ങള്‍ നടന്നത്. സംസ്ഥാന തലസ്ഥാനമായ ക്വെറ്റയിൽ പൊലീസ് വാഹനത്തിന് നേരെ ഗ്രനേഡ് എറിഞ്ഞതിനെത്തുടർന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി പ്രവിശ്യാ ആരോഗ്യ മന്ത്രി ഭക്ത് മുഹമ്മദ് കാക്കർ അറിയിച്ചു.
സംഭവത്തെത്തുടർന്ന് പ്രവിശ്യയിലുടനീളമുള്ള ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മസ്തൂംഗ് ജില്ലയിൽ ആക്രമണകാരികൾ ജയിൽ ആക്രമിച്ച് മുപ്പതിലധികം തടവുകാരെ മോചിപ്പിച്ചതായി പൊലീസ് പറഞ്ഞു. നുഷ്കിയിലെ പാരാമിലിട്ടറി ആസ്ഥാനം പിടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും ആ ശ്രമം പരാജയപ്പെടുത്തിയെന്നും പൊലീസ് വ്യക്തമാക്കുന്നു. റെയിൽവേ ട്രാക്കുകൾക്ക് നാശനഷ്ടം സംഭവിച്ചതിനെത്തുടർന്ന് ബലൂചിസ്താനില്‍ നിന്ന് പാകിസ്താന്റെ മറ്റ് ഭാഗങ്ങളിലേക്കുള്ള ട്രെയിൻ ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്.
Adjust Story Font
16
