Quantcast

'ഇസ്രായേലിനെ നിലക്ക് നിർത്താൻ അമേരിക്ക തയാറാകണം'; തുടര്‍ ചര്‍ച്ചകള്‍ക്കായി ഹമാസ് സംഘം കൈറോയില്‍

ഇസ്രായേൽ വിലക്ക് ലംഘിച്ച് ഗസ്സയിലേക്ക് സേനയെ അയക്കാൻ ഒരുക്കമെന്ന് തുർക്കിയ

MediaOne Logo

Web Desk

  • Published:

    24 Nov 2025 7:37 AM IST

ഇസ്രായേലിനെ നിലക്ക് നിർത്താൻ അമേരിക്ക തയാറാകണം; തുടര്‍ ചര്‍ച്ചകള്‍ക്കായി ഹമാസ് സംഘം കൈറോയില്‍
X

photo| nytimes

ഗസ്സ സിറ്റി: ഗസ്സയിൽ ആക്രമണം തുടർന്ന്​ ഇസ്രായേൽ. ഒക്ടോബർ10ന് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിൽ വന്നശേഷം ഇസ്രായേൽ കുറഞ്ഞത് 497 തവണയെങ്കിലും വെടിനിർത്തൽ ലംഘിച്ചെന്ന് റിപ്പോർട്ട്. ഗസ്സ ഗവൺമെന്‍റ് മീഡിയ ഓഫീസാണ് കണക്കുകൾ പുറത്തുവിട്ടത്. ആക്രമണങ്ങളിൽ ഇതിനകം 342 സാധാരണക്കാർ കൊല്ലപ്പെട്ടു. ഇവരിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും വയോധികരുമാണ്. കഴിഞ്ഞ ദിവസം ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 24 പേർ കൊല്ലപ്പെടുകയും 87 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

തുടർ ചർച്ചക്കായി ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിൽ ഹമാസ്​ സംഘം കൈറോയിലെത്തി. വെടിനിർത്തൽ കരാർ ലംഘനം തുടരുന്ന ഇസ്രായേലിനെ നിലക്ക് നിർത്താൻ അമേരിക്ക തയാറാകണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങളാണ്​ ഹമാസ്​ സംഘം മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചത്​.

അതിനിടെ, അമേരിക്കയുടെ നേതൃത്വത്തിൽ ഗസ്സയിൽ വിന്യസിക്കുന്ന അന്താരാഷ്ട്ര സേനയിലേക്ക് തങ്ങളുടെ സൈനികരെ അയക്കാൻ തയാറാണെന്ന് അറിയിച്ച് തുർക്കിയ .ഇസ്രായേലിന്‍റെ എതിർപ്പ് വകവെക്കാതെയാണ് തുർക്കിയയുടെ നീക്കം. ഗസ്സയിൽ അന്താരാഷ്ട്ര സേനയെ വിന്യസിക്കാനുള്ള കരട് പ്രമേയത്തിന് ഐക്യരാഷ്ട്ര സഭ രക്ഷാ സമിതി അംഗീകാരം നൽകിയിട്ടുണ്ട്.

അതിനിടെ, ഗസ്സയിൽ നിന്നും ഹമാസ് മോചിപ്പിച്ച ബന്ദികൾക്ക് ഡോണൾഡ് ട്രംപിന്റെ വക വൈറ്റ്ഹൗസിൽ സ്വീകരണം നൽകി.ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായി കഴിഞ്ഞ മാസം മോചിപ്പിക്കപ്പെട്ട 26 മുൻ തടവുകാരും സംഘത്തിൽ ഉൾപ്പെട്ടിരുന്നു. ലബനാൻ തലസ്ഥാനമായ ബൈറൂത്തിന്​ നേർക്ക്​ ആക്രമണം നടത്തി ഹിസ്​ബുല്ലയുടെ രണ്ടാം സൈനിക കമാണ്ടറെ വധിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. ജൂണിന്​ ശേഷം ഇതാദ്യമായാണ്​ കരാർ ലംഘിച്ച്​ ബൈറൂത്തിന്​ നേർക്കുള്ള ഇസ്രായേൽ ആക്രമണം.

TAGS :

Next Story