യുഎസ് മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ ഒരു ഉറപ്പും നൽകുന്നില്ലെന്ന് ഹമാസ്
60 ദിവസത്തെ വെടിനിർത്തൽ നിർദേശമാണ് യുഎസ് മുന്നോട്ടുവെക്കുന്നത്. എന്നാൽ ഗസ്സയിൽ പൂർണ വെടിനിർത്തൽ വേണമെന്നാണ് ഹമാസ് ആവശ്യപ്പെടുന്നത്.

ഗസ്സ: യുഎസ് മധ്യസ്ഥതയിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകൾ ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ ഒരു ഉറപ്പും നൽകുന്നില്ലെന്ന് ഹമാസ്. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് അവതരിപ്പിച്ച വെടിനിർത്തൽ നിർദേശത്തോട് ഇപ്പോഴും തങ്ങൾ അനുകൂലമായാണ് പ്രതികരിച്ചത്. എന്നാൽ ഒരു ആഴ്ച മുമ്പ് വിറ്റകോഫുമായി യോജിച്ചതിൽ നിന്ന് വ്യത്യസ്തമാണ് പുതിയ നിർദേശമെന്നും ഹമാസ് പ്രതിനിധി ബാസിം നഈം പറഞ്ഞു.
''ഒരാഴ്ച മുമ്പ് വിറ്റ്‌കോഫ് അവതരിപ്പിച്ച വെടിനിർത്തൽ നിർദേശം ഞങ്ങൾ അംഗീകരിച്ചിരുന്നു. ഇതൊരു ചർച്ചാ രേഖയായി പരിഗണിക്കാം എന്നാണ് ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞിരുന്നത്. എന്നാൽ ഇസ്രായേലിന്റെ പ്രതികരണം അറിയാൻ പോയ അദ്ദേഹം ഞങ്ങളുടെ നിർദേശത്തിന് മറുപടി നൽകുന്നതിന് പകരം പുതിയ ഒരു നിർദേശം കൊണ്ടുവരികയാണ് ചെയ്തത്. അതിന് ഞങ്ങൾ സമ്മതിച്ച കാര്യങ്ങളുമായി യാതൊരു ബന്ധവുമില്ല''- ബാസിം നഈം പറഞ്ഞു.
ഗസ്സയിൽ സ്ഥിരമായ വെടിനിർത്തൽ, ഗസ്സ മുനമ്പിൽ നിന്ന് ഇസ്രായേൽ സൈന്യത്തിന്റെ പൂർണമായ പിൻമാറ്റം, ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനുള്ള ഉപരോധം പിൻവലിക്കുക എന്നീ നിബന്ധനകളാണ് വെടിനിർത്തലിന് ഹമാസ് മുന്നോട്ടുവെക്കുന്നത്.
10 ഇസ്രായേൽ ബന്ദികളെയും 18 ബന്ദികളുടെ മൃതദേഹങ്ങളും വിട്ടുനിൽകും. ഇതിന് പകരമായി ഫലസ്തീൻ തടവുകാരെ വിട്ടയക്കണമെന്നും ഹമാസ് ആവശ്യപ്പെടുന്നു. എന്നാൽ ഇത് അസ്വീകാര്യമാണ് എന്നാണ് വിറ്റ്‌കോഫ് പറയുന്നത്.
2023 ഒക്ടോബർ മുതൽ ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന വംശഹത്യയിൽ 54,381 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 124,054 പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യമന്ത്രാലയം പറയുന്നു. എന്നാൽ കൊല്ലപ്പെട്ടവരുടെ എണ്ണം 61,700ൽ കൂടുതലാണ് എന്നാണ് ഗസ്സ സർക്കാർ മീഡിയ ഓഫീസ് പറയുന്നത്.
Adjust Story Font
16

